Sections

ഗാന്ധിഭവൻ തിയേറ്റർ ഇന്ത്യയുടെ നാടകയാത്രയ്ക്ക് 23ന് കൊല്ലത്ത് തുടക്കം

Wednesday, Jun 21, 2023
Reported By Admin
Nadakam

ഗാന്ധിഭവൻ തിയേറ്റർ ഇന്ത്യ ഒരുക്കിയ 'നവോത്ഥാനം' നാടകത്തിന്റെ ദക്ഷിണ മേഖലാ യാത്രയ്ക്ക് കൊല്ലത്ത് തുടക്കം


കൊല്ലം: നാടകത്തിന്റേയും ഡിജിറ്റൽ സാങ്കേതിക വിദ്യയുടേയും സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി ഗാന്ധിഭവൻ തിയേറ്റർ ഇന്ത്യ ഒരുക്കിയ 'നവോത്ഥാനം' നാടകത്തിന്റെ ദക്ഷിണ മേഖലാ യാത്രയ്ക്ക് കൊല്ലത്ത് തുടക്കം. കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ ജൂൺ 23 വെള്ളിയാഴ്ച്ച വൈകുന്നേരം 6:30 ന് നവോത്ഥാനം ഡിജിറ്റൽ പതിപ്പ് , സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഓൺലൈനായും മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഭദ്രദീപം തെളിയിച്ചും ഉദ്ഘാടനം നിർവഹിക്കും. ജൂൺ 24 ശനിയാഴ്ച്ച വൈകുന്നേരം 6:30 ന് നാടകത്തിന്റെ ബ്ലാക്ക് ബോക്സ് പതിപ്പിന്റെ ഉദ്ഘാടനം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവ്വഹിക്കും. രണ്ട് രീതിയിലാണ് നാടകത്തിന്റെ രംഗാവതരണം സജ്ജീകരിച്ചിരിക്കുന്നത്.

2023ലെ പ്രഥമ പ്രൊഫഷണൽ നാടകമെന്ന് ഖ്യാതിയോടെ മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികത്തിലാണ് നവോത്ഥാനം പ്രേക്ഷകരിലേക്ക് എത്തുന്നത്. കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളായ കുമാരനാശാൻ, ചട്ടമ്പിസ്വാമികൾ, ശ്രീനാരായണ ഗുരു, അയ്യങ്കാളി, ആറാട്ടുപുഴ വേലായുധപ്പണിക്കർ, തുടങ്ങിയവരുടെ തീവ്ര ജീവിത യാഥാർഥ്യങ്ങളിലൂടെയാണ് നാടകം കടന്നുപോകുന്നത്. സുപ്രസിദ്ധ സിനിമാ-നാടക സംവിധായകൻ പ്രമോദ് പയ്യന്നൂരാണ് നവോത്ഥാനത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. ശ്രീകുമാരൻ തമ്പി, പ്രഭാവർമ്മ തുടങ്ങിയവരുടെ ഗാനങ്ങൾക്ക് യേശുദാസ്, ചിത്ര, ജയചന്ദ്രൻ, പുഷ്പവതി, അൻവർ സാദത്ത്, മധുശ്രീ നാരായണൻ എന്നിവർ ആലപിക്കുന്നു. സംഗീതം രമേശ് നാരായണൻ. ആർട്ടിസ്റ്റ് സുജാതൻ, പട്ടണം റഷീദ്, ഇന്ദ്രൻസ് ജയൻ തുടങ്ങിയ പ്രതിഭകൾ അണിയറയിൽ പ്രവർത്തിക്കുന്നു. നാടകരചന അഡ്വ. മണിലാലും പ്രമോദ് പയ്യന്നൂരും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്.

കണ്ണൂരിലേയും, തൃശ്ശൂരിലേയും ശ്രദ്ധേയ അവതരണങ്ങൾക്ക് ശേഷം കൊല്ലം ശ്രീനാരായണ ഗുരു സാംസ്കാരിക സമുശ്ചയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചും നവോത്ഥാനം നാടകം പ്രദർശിപ്പിച്ചിരുന്നു. കൊല്ലത്ത് നടക്കുന്ന ദക്ഷിണ മേഖലാ യാത്രയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രവേശനം പാസ് മൂലമാണ്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ സി.ആർ മഹേഷ് എം എൽ എ, കൊല്ലം മേയർ പ്രസന്ന ഏണെസ്റ്റ്, പി.എസ് സുപാൽ എംഎൽഎ, ഗോപകുമാർ എംഎൽഎ, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ, മുകേഷ് എംഎൽഎ, ഗണേഷ് കുമാർ എംഎൽഎ, രാജ്മോഹൻ ഉണ്ണിത്താൻ, ആർ.എസ് ബാബു, അഡ്വ. ബിന്ദു കൃഷ്ണ, ഷാഹിദ കമാൽ തുടങ്ങിയവർ പങ്കെടുക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.