Sections

ഓഹരി വിപണിയുടെ പേരില്‍ തട്ടിപ്പ്

Tuesday, Nov 22, 2022
Reported By MANU KILIMANOOR

പണം തട്ടിപ്പ് സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

ഓഹരിവിപണിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പാങ്ങോട് ഭരതന്നൂരില്‍ താമസക്കാനായിരുന്ന ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍.കെ.രവിശങ്കറിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാലക്കാട് ജില്ലാ പോലീസ് മേധാവി വിശ്വനാഥ്. ആര്‍ ആണ് നടപടി സ്വീകരിച്ചത്.

രവിശങ്കര്‍ ജോലിയിലിരിക്കുമ്പോളാണ് നെടുമങ്ങാട്  പഴകുറ്റിയില്‍ 'ആലീസ് ബ്ലൂഗ്രോത്തി ഇന്‍വെറ്റബിള്‍'എന്ന പേരില്‍ സാമ്പത്തിക സ്ഥാപനം തുടങ്ങിയത്. വിമുക്ത ഭടനെയും ഇയാളുടെ ബന്ധുക്കളെയുമാണ് തട്ടിപ്പിന് ഇരയാക്കിയിരിക്കുന്നത്. പല ആളുകളില്‍ നിന്നായി ഒരു കോടിയോളം രൂപ ഇയാള്‍ പിരിച്ചെടുത്തതായാണ് പാരാതിക്കാര്‍ ആരോപിക്കുന്നത്.തുടക്കത്തില്‍ പിരിച്ചെടുത്ത തുകയില്‍ നിന്നും ലാഭ വിഹിതം ഇയാള്‍ നല്‍കിയിരുന്നതായും എന്നാല്‍ പിന്നീട് 40,000, 80,000 തുടങ്ങി വലിയ തുകകള്‍ പിരിച്ച് തുടങ്ങിയതോടെ കഴിഞ്ഞ രണ്ട് വര്‍ഷമായി പലിശയോ തുകയോ ലഭിച്ചിരുന്നില്ലെന്നും രവിശങ്കറിനെതിരെയുളള പരാതിയില്‍ പറയുന്നു.

അച്ചടക്കമുള്ള സേനയിലെ ഉത്തരവാദിത്തമുള്ള പോലീസ് ഉദ്യോഗസ്ഥനായ രവിശങ്കറിന്റെ പെരുമാറ്റം ന്യായീകരിക്കാനാവാത്തതും പൊതുജനങ്ങള്‍ക്കിടയില്‍ പോലീസിന്റെ യശസ്സിന് കളങ്കവും വകുപ്പിന് അപകീര്‍ത്തിയും ഉണ്ടാക്കുന്നതുമാണെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.രവിശങ്കറിനെതിരെ നെടുമങ്ങാട്, പാങ്ങോട് പോലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാലക്കാട് ജില്ലാ ക്രൈം റിക്കോഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി വകുപ്പുതല അന്വേഷണം നടത്തും.

സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ഇയാള്‍ മെഡിക്കല്‍ അവധിയില്‍ പോയ ശേഷം പിന്നീട് തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് കണ്ടെത്തി. സാമ്പത്തിക തട്ടിപ്പും വിശ്വാസ വഞ്ചനയുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. തട്ടിപ്പില്‍ കൂടുതല്‍ ആളുകള്‍ ഇരയായിട്ടണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.