Sections

മുൻ മാനേജിംഗ് ഡയറക്ടർ എസ്. സാമുവലിൻറെ സ്മരണ പുതുക്കി സിയറ്റ്

Tuesday, Dec 23, 2025
Reported By Admin
Former CEAT MD S. Samuel Passes Away at 91

കൊച്ചി: സിയറ്റിൻറെയും ഹാരിസൺസ് മലയാളത്തിൻറെയും മുൻ മാനേജിംഗ് ഡയറക്ടറും ആർപിജി ഗ്രൂപ്പിൻറെ മുൻ സൂപ്പർവൈസറി ബോർഡ് അംഗവുമായ എസ്. സാമുവൽ (സാം) 91-ാം വയസിൽ 2025 ഡിസംബർ 19-ന് ഉറക്കത്തിനിടെ അന്തരിച്ചു.

സിയറ്റുമായുള്ള സാമുവലിൻറെ ബന്ധം മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്നു. 1960-ൽ മാനേജ്മെൻറ് ട്രെയിനിയായി കമ്പനിയിൽ ചേർന്ന അദ്ദേഹം, കഠിനാധ്വാനത്തിലൂടെ മാനേജിംഗ് ഡയറക്ടർ പദവിയിലേക്ക് ഉയർന്നു. സിയറ്റിൻറെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിലും, നേതൃത്വ ഗുണമുള്ള തൊഴിൽ സംസ്കാരം കെട്ടിപ്പടുക്കുന്നതിലും, കമ്പനിയുടെ ദീർഘകാല വളർച്ചയിലും അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു. അദ്ദേഹത്തിൻറെ നേതൃപാടവവും അസാധാരണമായ ബിസിനസ്സ് ബുദ്ധിശക്തിയും ഏറെ ആദരിക്കപ്പെട്ടിരുന്നു.

ആർപിജി ഗ്രൂപ്പ് സിയറ്റ് ഏറ്റെടുത്തതിന് പിന്നാലെ സാമുവൽ 1988 മുതൽ 1996 വരെ ഹാരിസൺസ് മലയാളം ലിമിറ്റഡിൻറെ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചു. ആ കാലഘട്ടത്തിൽ നവീകരണവും വൈവിധ്യവത്കരണവും ലക്ഷ്യമിട്ട പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. 1993-ൽ ആർപിജി ഗ്രൂപ്പിൻറെ സൂപ്പർവൈസറി ബോർഡിലേക്ക് ഉൾപ്പെടുത്തിയ അദ്ദേഹം, 1997-ൽ വീണ്ടും സിയറ്റിൻറെ മാനേജിംഗ് ഡയറക്ടറായി തിരിച്ചെത്തി, തുടർന്ന് ഗ്രൂപ്പിൻറെ നേതൃത്വത്തിൻറെയും ഭരണനടപടികളുടെയും ഭാഗമായി തുടർച്ചയായി സംഭാവന നൽകി.

1984-ൽ സിയറ്റിൻറെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റപ്പോൾ ഓപ്പറേഷൻസ് തലവനായിരുന്നു സാം. കണ്ടിട്ടുള്ളത്തിൽ വെച്ച് ഏറ്റവും കഠിനാധ്വാനികളായ എക്സിക്യൂട്ടീവുകളിൽ ഒരാളായിരുന്നു അദ്ദേഹം. തൻറെ അഭിപ്രായങ്ങൾ തുറന്നുപറയാൻ അദ്ദേഹം മടിച്ചിരുന്നില്ല. കമ്പനിയെ മുന്നോട്ട് നയിക്കുന്നതിൽ അദ്ദേഹത്തിൻറെ അനുഭവസമ്പത്ത് എനിക്ക് വലിയ കരുത്തായിരുന്നു. അദ്ദേഹം സിയറ്റിൻറെ നെടുംതൂണുകളിൽ ഒരാളായിരുന്നു. അദ്ദേഹത്തിൻറെ വിയോഗം വലിയ നഷ്ടമാണെന്ന് ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക പറഞ്ഞു.

മാനേജിംഗ് ഡയറക്ടറാകുന്നതിന് മുമ്പ് സിയറ്റിൻറെ പ്രവർത്തനങ്ങൾക്കും ഉൽപ്പാദന വിഭാഗത്തിനും സാമുവൽ നേതൃത്വം നൽകിയിരുന്നു. റേഡിയൽ ടയർ നിർമ്മാണ യൂണിറ്റ് ഉൾപ്പടെ നാഷിക് പ്ലാൻറ് സ്ഥാപിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. അദ്ദേഹത്തിൻറെ കാലഘട്ടത്തിൽ ട്രക്ക്, ബസ് ടയർ വിഭാഗത്തിൽ സിയറ്റിൻറെ സ്ഥാനം ശക്തിപ്പെടുത്തുകയും ആഗോള തലത്തിൽ സ്ഥാപനത്തിൻറെ സ്ഥാനം ഉയർത്തുകയും ചെയ്തു.

അദ്ദേഹത്തിന് ലഭിച്ച ജനപ്രീതിയുടെ ഉത്തമ ഉദാഹരണമായി സിയാറ്റിൻറെ ഭാണ്ഡുപ്പ് പ്ലാൻറിന് സമീപമുള്ള റോഡ് ഇന്നും അദ്ദേഹത്തിൻറെ പേരിൽ അറിയപ്പെടുന്നു.

വിരമിച്ച ശേഷം സാമുവൽ ബംഗളൂരുവിലായിരുന്നു താമസം. അദ്ദേഹം പകർന്നുനൽകിയ മൂല്യങ്ങളിലൂടെയും അദ്ദേഹം വളർത്തിയെടുത്ത ഒട്ടനവധി സഹപ്രവർത്തകരിലൂടെയും വരുംതലമുറകൾ അദ്ദേഹത്തെ എന്നും അങ്ങേയറ്റത്തെ ബഹുമാനത്തോടെ സ്മരിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.