Sections

കാസർകോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഈ വർഷം ഫ്‌ലോട്ടിംഗ് ബ്രിഡ്ജുകൾ സ്ഥാപിക്കുമെന്ന്  ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്

Monday, Jan 30, 2023
Reported By Admin
floating bridges

ഏഴ് ജില്ലകളിൽ കൂടി ഫ്ലോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്


കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ജനങ്ങൾ ഏറ്റെടുത്തതോടെ കാസർകോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഈ വർഷം ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂർ ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശ ടൂറിസത്തെ ശക്തിപ്പെടുത്താൻ സാഹസിക ടൂറിസവുമായി കൈകോർത്ത് പുതിയ പദ്ധതികൾക്ക് രൂപം നൽകുകയാണ്. അതിന്റെ ഭാഗമായാണ് ഫ്ളോട്ടിങ് ബ്രിഡ്ജുകൾ സ്ഥാപിച്ചത്. വിനോദ സഞ്ചാരികളിൽ നിന്ന് മികച്ച പിന്തുണ ലഭിക്കുന്നതോടെയാണ് പുതിയ പദ്ധതികൾ രൂപീകരിക്കുന്നത്. വെഡ്ഡിങ് ഡെസ്റ്റിനേഷനായി കേരളത്തെ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഉത്തരേന്ത്യയിലെ കുടുംബങ്ങൾ വിവാഹം നടത്താനായി കേരളത്തെയാണ് തെരഞ്ഞെടുക്കുന്നത്. ഇതു കേരളത്തിന് ലഭിക്കുന്ന അംഗീകാരമാണ്. 2022ൽ ഒന്നര കോടിയലധികം ആഭ്യന്തര വിനോദ സഞ്ചാരികൾ കേരളത്തിലേക്ക് എത്തി. കേരളത്തിലെ ജനങ്ങളുടേത് മതനിരപേക്ഷ മനസാണ്. കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർ ജനങ്ങളാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ തീരദേശ-സാഹസിക ടൂറിസ പദ്ധതികൾ നടപ്പാക്കി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ മുൻകൈയെടുത്താണ് ടൂറിസം വകുപ്പിന് കീഴിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് അഥവാ പൊങ്ങി ഒഴുകുന്ന പാലത്തിലൂടെയുള്ള സവാരിക്ക് മുഴുപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ തുടക്കം കുറിച്ചത്. കടലിലേക്ക് 100 മീറ്ററോളം കാൽനടയായി സവാരി ചെയ്യാൻ ഉതകുന്നരീതിയിൽ പാലം ഒരുക്കിയത് തൂവൽ തീരം അമ്യൂസ് മെൻറ് പ്രൈവറ്റ് ലിമിറ്റഡാണ്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെയാണ് പ്രവേശനം. 120 രൂപയാണ് പ്രവേശന ഫീസ്.

പഴുതടച്ച സുരക്ഷ ക്രമീകരണങ്ങൾഒരുക്കുന്നതിന്റെ ഭാഗമായി സുരക്ഷ ബോട്ടുകളും ലൈഫ് ജാക്കറ്റുകളും കൂടാതെ ലൈഫ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനവുമുണ്ട്. പാലത്തിനെ, 700 കിലോ ഭാരമുള്ള നങ്കൂരം ഉപയോഗിച്ച് ഉറപ്പിച്ചു നിർത്തി സുരക്ഷിതമാക്കിയിട്ടുണ്ട്. ഫൈബർ എച്ച് പി ഡി ഇ നിർമിത പാലത്തിൽ ഇൻറർലോക്ക് കട്ടകൾ ലോക്ക് ചെയ്ത് അടുക്കിവെച്ചാണ് കടൽ പരപ്പിന് മുകളിൽ യാത്ര ചെയ്യാനുതകുന്ന രീതിയിൽ സഞ്ചാരികൾക്കായി ഫ്ലോട്ടിങ് ബ്രിഡ്ജ് സജീകരിച്ചിട്ടുള്ളത്. മൂന്നു മീറ്റർ വീതിയിൽ രണ്ടുഭാഗത്തും സ്റ്റീൽ കൈവരികളോടെ നിർമിച്ചിട്ടുള്ള പാതയുടെ അവസാന ഭാഗത്ത് 11 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയിൽ സൈറ്റ് സീയിങ് പ്ലാറ്റ്ഫോമും നിർമിച്ചിട്ടുണ്ട്. ഇതിൽനിന്നും കടലിന്റെ ആവാസ വ്യവസ്ഥയും തിരമാലകളുടെ പ്രതിഭാസങ്ങളും അനുഭവിച്ചറിയാം. അഞ്ചു വയസിൽ താഴെയുള്ളകുട്ടികൾക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ലഹരി ഉപയോഗിച്ചവർക്കും പ്രവേശനം അനുവദിക്കില്ല. ഒരേസമയം 100 പേർക്ക് മാത്രമാണ് പ്രവേശനം ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.