- Trending Now:
കോവിഡ് കാലത്ത് പടക്ക നിര്‍മ്മാണ യൂണിറ്റുകളും കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു
ഡല്‍ഹി ഒഴികെ രാജ്യത്തിന്റെ മറ്റെല്ലാ ഭാഗത്തും പടക്കം വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടതോടെ ശിവകാശിയിലെ പടക്ക കച്ചവടക്കാര്‍ക്ക് ഇക്കുറി ദീപാവലി സന്തോഷം നിറഞ്ഞതായി. 6000 കോടി രൂപയുടെ കച്ചവടം നടന്നതായാണ് കണക്ക്. വിറ്റു പോകാത്തതായി ഒന്നുമില്ലെന്നതും ശിവകാശിക്കാര്‍ക്ക് സന്തോഷം നല്‍കുന്നു.
കഴിഞ്ഞ രണ്ട് ദീപാവലികള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കൊണ്ടുപോയതോടെ ഇക്കുറി ഉണ്ടായ വിറ്റ് വരവ് കച്ചവടക്കാര്‍ക്ക് വലിയ ആശ്വാസമാണ്. കോവിഡിന് മുന്‍പത്തെ വര്‍ഷങ്ങളിലെ ആകെ വിറ്റു വരവിലും അധികം ഇക്കുറി നേടാന്‍ കഴിഞ്ഞത് നേട്ടമായി. 2016 നും 2019 നും ഇടയിലെ ദീപാവലി കാലങ്ങളില്‍ 4000 കോടി രൂപ മുതല്‍ 5000 കോടി രൂപ വരെയായിരുന്നു ആകെ പടക്ക വിറ്റുവരവ്.
എന്നാല്‍ വില്‍പ്പന മാത്രമല്ല വരുമാനം വര്‍ദ്ധിക്കാന്‍ കാരണമെന്നും കച്ചവടക്കാര്‍ പറയുന്നുണ്ട്. കോവിഡ് കാലത്തിനു ശേഷം അസംസ്‌കൃത വസ്തുക്കളില്‍ ഉണ്ടായ വര്‍ദ്ധനവ്, റീട്ടെയില്‍ തലത്തില്‍ പടക്ക വിലയില്‍ ഇത്തവണ 35% വരെ വര്‍ദ്ധനവിന് കാരണമായിട്ടുണ്ടെന്നും ഇതുകൂടി ചേര്‍ന്നതാണ് ഇക്കുറി ഉണ്ടായ 6000 കോടിയുടെ വിറ്റുവരാവെന്നുമാണ് കച്ചവടക്കാര്‍ പറയുന്നത്.
കോവിഡ് കാലത്ത് ശിവകാശിയിലെ പടക്ക നിര്‍മ്മാണ യൂണിറ്റുകളും കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം എത്തിയ ആഘോഷത്തിന്റെ ആവേശം വിപണികളിലെല്ലാം പ്രതിഫലിച്ചു. കേരളത്തിലേക്കും ശിവകാശിയില്‍ നിന്നുള്ള പടക്കങ്ങളാണ് കൂടുതലും എത്താറുള്ളത്. മറ്റ് ആഘോഷ വേളകളില്‍ പടക്ക വിപണി സജീവമാകാറുണ്ട് എങ്കിലും ദീപാവലി പടക്ക നിര്‍മ്മാണ മേഖല കാത്തിരിക്കുന്ന ഉത്സവം ആണ്. ദീപാവലിയോട് അനുബന്ധിച്ച് മറ്റ് വിപണികളും നേട്ടത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.