Sections

സംരംഭകർക്കായുള്ള ധനസഹായ പദ്ധതികൾ

Friday, Aug 11, 2023
Reported By Admin
Finance for Entrepreneurs

ഉത്പാദനമേഖലയിലെ സംരംഭകർക്കായി സാമ്പത്തിക സഹായ പദ്ധതി (ഇ.എസ്.എസ്)


കഴിഞ്ഞ സാമ്പത്തിക വർഷം 3,00,30,646 രൂപ വിതരണം ചെയ്തു

വ്യവസായ വാണിജ്യ വകുപ്പ് മുഖേന ഉത്പാദന മേഖലയിലുള്ള സംരംഭകർക്കായി മൂന്ന് ഘട്ടങ്ങളിലായി സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് സംരംഭകത്വ സഹായ പദ്ധതി(ഇ.എസ്.എസ്). കേരളത്തിലെ ഉത്പാദന മേഖലയിൽ പ്രവർത്തിക്കുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് സ്ഥിര നിക്ഷേപത്തിന് അനുസരിച്ച് സാമ്പത്തിക സഹായം നൽകാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിക്ഷേപകന്റെ വിഭാഗം, ഉത്പാദന മേഖല, സ്ഥാപനം സ്ഥിതി ചെയ്യുന്ന ജില്ല എന്നിവയനുസരിച്ച് സ്ഥിര നിക്ഷേപത്തിന്റെ 15 മുതൽ 45 ശതമാനം വരെ യൂണിറ്റിന് സബ്സിഡി ലഭിക്കും. ഈ പദ്ധതിയിലൂടെ ധനസഹായം ലഭിക്കുന്നതിന് ധനകാര്യ സ്ഥാപനത്തിൽനിന്നും വായ്പ എടുത്തിരിക്കണമെന്ന് നിർബന്ധമില്ല. ജില്ലയിൽ 2022-23 സാമ്പത്തിക വർഷത്തിൽ 28 യൂണിറ്റുകൾക്കായി 3,00,30,646 രൂപ പദ്ധതി മുഖേന നൽകിയിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷം 13 യൂണിറ്റുകൾക്ക് 87,09,300 രൂപയുമാണ് നൽകിയിട്ടുള്ളത്.

നിക്ഷേപകർക്ക് സബ്സിഡി പദ്ധതി സവിശേഷത

യൂണിറ്റ് ആരംഭിക്കാനായി വാങ്ങുന്ന ഭൂമി, കെട്ടിടം, യന്ത്ര സാമഗ്രികൾ, വൈദ്യുതീകരണം, അവശ്യ ഓഫീസ് ഉപകരണങ്ങൾ, മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ, മറ്റ് സ്ഥിര ആസ്തികൾ എന്നിവയിലെ നിക്ഷേപത്തിന് സബ്സിഡി ലഭിക്കും. പൊതുവിഭാഗത്തിലെ അപേക്ഷകന് സ്ഥിര നിക്ഷേപത്തിന്റെ 15 ശതമാനം പരമാവധി 30 ലക്ഷം രൂപ സഹായം ലഭിക്കും. യുവാക്കൾ (1845 വയസുള്ളവർ), വനിത, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗം, വിദേശ മലയാളികൾ എന്നിവർക്ക് സ്ഥിര നിക്ഷേപത്തിന്റെ 25 ശതമാനമായ പരമാവധി 40 ലക്ഷം രൂപ സഹായം ലഭിക്കും. മുൻഗണനാ മേഖലയിലെ സംരംഭങ്ങൾക്ക് 10 ശതമാനം, പരമാവധി 10 ലക്ഷം രൂപ അധിക സബ്സിഡി ലഭിക്കും. അംഗീകൃത ഗവേഷണ സ്ഥാപനങ്ങളിൽനിന്നും നവീന സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നവർക്ക് 10 ശതമാനമായ പരമാവധി 10 ലക്ഷം രൂപ അധിക സബ്സിഡി ലഭിക്കും. എല്ലാ ഇനങ്ങളിലുമായി ഒരു സംരംഭത്തിന് പരമാവധി സബ്സിഡി തുക 40 ലക്ഷം രൂപയാണ്.

മുൻഗണനാ മേഖലകൾ ഇപ്രകാരം

റബർ അധിഷ്ഠിത വ്യവസായങ്ങൾ, കാർഷിക-ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾ, റെഡിമെയ്ഡ് തുണിത്തരങ്ങൾ, പാരമ്പര്യേതര ഊർജോത്പാദനത്തിന് വേണ്ടിയുള്ള യന്ത്ര സാമഗ്രികളുടെ നിർമ്മാണം, ജൈവ സാങ്കേതിക വിദ്യാധിഷ്ഠിതമായ വ്യവസായങ്ങൾ, കയറ്റുമതി യൂണിറ്റുകൾ, ജൈവപരമായ വിഘടിക്കുന്ന പ്ലാസ്റ്റിക് വ്യവസായങ്ങൾ, പ്ലാസ്റ്റിക് മാലിന്യ സംസ്കരണ വ്യവസായങ്ങൾ, ജൈവവള വ്യവസായങ്ങൾ, ഔഷധ-ആരോഗ്യ പരിപാലന ഉത്പന്ന വ്യവസായങ്ങൾ എന്നിവയാണ് മുൻഗണനാ മേഖലകളിൽ ഉൾപ്പെടുന്നത്.

പദ്ധതിക്ക് അർഹമല്ലാത്ത സംരംഭങ്ങൾ

സേവന സംരംഭങ്ങൾ, ഫോട്ടോ സ്റ്റുഡിയോയും കളർ പ്രോസസിങും റെഡിമെയ്ഡ് വസ്ത്ര നിർമ്മാണമല്ലാതെയുള്ള തയ്യൽ യൂണിറ്റുകൾ, മദ്യനിർമാണശാലകളും ഡിസ്റ്റിലറികളും, തടി മിൽ, സോപ്പിന്റെ ഗ്രേഡിലുള്ള സോഡിയം സിലിക്കേറ്റ്, ആസ്ബസ്റ്റോസ് സംസ്കരണം, ഗ്രാനൈറ്റ് യൂണിറ്റുകൾ ഉൾപ്പെടെയുള്ള മെറ്റൽ ക്രഷറുകൾ, സ്റ്റീൽ റീറോളിങ് മില്ലുകൾ, ഇരുമ്പ്, കാത്സ്യം കാർബൈഡ് നിർമ്മിക്കുന്ന യൂണിറ്റുകൾ, ഫ്ളെ ആഷിൽനിന്നും സിമന്റ് നിർമ്മിക്കുന്നവയൊഴികെ സിമന്റ് ഉത്പാദിപ്പിക്കുന്ന മറ്റ് യൂണിറ്റുകൾ, പൊട്ടാസ്യം ക്ലോറേറ്റ് നിർമ്മാണ യൂണിറ്റുകൾ, വൻ തോതിൽ ഊർജ്ജം ഉപയോഗിക്കുന്ന യൂണിറ്റുകൾ എന്നിവ പദ്ധതിക്ക് അർഹമല്ല.

സംരംഭക സഹായ പദ്ധതിക്ക് അപേക്ഷിക്കാവുന്ന ഘട്ടങ്ങൾ

1. പ്രാരംഭ സഹായം

ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിൽനിന്നും മൂലധന വായ്പയെടുത്തിട്ടുള്ള യൂണിറ്റുകൾക്ക് അർഹമായ സബ്സിഡിയുടെ ഒരു ഭാഗം ഉത്പാദനം ആരംഭിക്കുന്നതിനു മുൻപായി ലഭിക്കണമെന്നുണ്ടെങ്കിൽ പ്രാരംഭ സഹായത്തിന് അപേക്ഷിക്കാം. മൂലധന വായ്പ ലഭ്യമാകുന്ന മുറയ്ക്ക്, അർഹമായ സബ്സിഡിയുടെ 50 ശതമാനമായ പരമാവധി മൂന്ന് ലക്ഷം രൂപയാണ് പ്രാരംഭ സഹായമായി ലഭിക്കുക. ശേഷിക്കുന്ന സബ്സിഡിക്ക് യൂണിറ്റ് പ്രവർത്തനം ആരംഭിച്ച ശേഷം അപേക്ഷ നൽകാം. പ്രാരംഭ സഹായം ആവശ്യമില്ലാത്ത യൂണിറ്റുകൾക്ക് പ്രവർത്തനം ആരംഭിച്ച ശേഷം മുഴുവൻ സബ്സിഡിക്കും അപേക്ഷ നൽകാം.

2. നിക്ഷേപ സഹായം

യൂണിറ്റ് പ്രവർത്തനം ആരംഭിച്ച ശേഷമാണ് നിക്ഷേപ സഹായം നൽകുന്നത്. നിക്ഷേപ സഹായത്തിന് അപേക്ഷിക്കാൻ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിൽനിന്നും വായ്പയെടുത്തിരിക്കണമെന്ന് നിർബന്ധമില്ല. പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനകം നിക്ഷേപ സഹായത്തിന് അപേക്ഷിച്ചിരിക്കണം. വിപുലീകരണം, വൈവിധ്യവത്ക്കരണം, ആധുനീകരണം എന്നിവ നടത്തുന്ന യൂണിറ്റുകൾക്കും അപ്രകാരം അധികമായി നടത്തിയ മൂലധന നിക്ഷേപത്തിന് സഹായം ലഭിക്കും.

3. സാങ്കേതിക വിദ്യാ സഹായം

അംഗീകൃത ഗവേഷണ സ്ഥാപനങ്ങളിൽനിന്നും നവീന സാങ്കേതിക വിദ്യ സ്വായത്തമാക്കി ഉത്പാദനം നടത്തുന്ന യൂണിറ്റുകൾക്ക് സാങ്കേതിക വിദ്യാ സഹായം ലഭിക്കും. സാങ്കേതിക വിദ്യ സ്വായത്തമാക്കി ആറ് മാസത്തിനകം അപേക്ഷിക്കണം. സാങ്കേതിക വിദ്യക്കും അനുബന്ധമായി സ്ഥാപിക്കുന്ന യന്ത്ര സാമഗ്രികൾക്കും സഹായം ലഭിക്കും. https://ess.kerala.gov.in/login ലൂടെ ഓൺലൈനായി അപേക്ഷിക്കാം. അനുബന്ധ രേഖകളും ഓൺലൈനായി നൽകാം. ഒരു യൂണിറ്റിന് 1105 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. അപേക്ഷകൾ പരിശോധിച്ച് അർഹമായ തുക അനുവദിക്കും. പ്രാരംഭ സഹായത്തിന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരും നിക്ഷേപ സഹായത്തിന് ജില്ലാതല കമ്മിറ്റിയുമാണ് തുക അനുവദിക്കുന്നത്.

ജില്ലാ കലക്ടർ (ചെയർമാൻ), ലീഡ് ഡിസ്ട്രിക്ട് മാനേജർ, ധനകാര്യ വകുപ്പ് പ്രതിനിധി, കെ.എഫ്.സിയുടെ ജില്ലാ മാനേജർ, കെ.എസ്.എസ്.ഐ.എ ജില്ലാ കമ്മിറ്റി പ്രതിനിധി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ (കൺവീനർ) എന്നിവരടങ്ങുന്നതാണ് ജില്ലാ തല കമ്മിറ്റി. ജില്ലാ തല കമ്മിറ്റിയുടെ തീരുമാനത്തിൽ ആക്ഷേപമുണ്ടെങ്കിൽ സംസ്ഥാന തല കമ്മിറ്റിയെ സമീപിക്കാം.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുംസഹായകരമാകുന്ന സാമ്പത്തിക, നിയമ സഹായങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും ബിസിനസ് ടിപ്പുകളും നിർദ്ദേശങ്ങളുംനിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.