Sections

ഇലോൺ മസ്‌ക് സ്ഥാനമൊഴിഞ്ഞു, ട്വിറ്ററിന് പുതിയ സിഇഒ

Friday, May 12, 2023
Reported By admin
twitter

പുതിയ ആളെ അന്വേഷിക്കുകയായിരുന്നു ഇലോൺ മസ്‌ക്


മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററിനെ നയിക്കാൻ പുതിയ സിഇഒയെ തിരഞ്ഞെടുത്തതായി ഇലോൺ മസ്‌ക്. ട്വിറ്റർ സിഇഒ സ്ഥാനമൊഴിഞ്ഞ മസ്‌കിന്റെ പ്രഖ്യാപനം പുതിയ സിഇഒ ആരായിരിക്കുമെന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കാരണമായിട്ടുണ്ട്. 

എൻബിസി യൂണിവേഴ്‌സലിലെ പരസ്യവിഭാഗം മേധാവി ലിൻഡ യാക്കാരിനോ ആയിരിക്കും ട്വിറ്ററിന്റെ പുതിയ സിഇഒ എന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. അടുത്ത ആറാഴ്ചയ്ക്കുള്ളിൽ പുതിയ സിഇഒ സ്ഥാനമേൽക്കുമെന്നാണ് സൂചന. 

കഴിഞ്ഞ ആറ് മാസമായി ട്വിറ്ററിനെ നയിക്കാൻ പുതിയ ആളെ അന്വേഷിക്കുകയായിരുന്നു ഇലോൺ മസ്‌ക്. പകരക്കാരനെ കണ്ടെത്തിയാൽ ട്വിറ്റർ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനം ഒഴിയാമെന്ന് കഴിഞ്ഞ ഡിസംബറിൽ മസ്‌ക് വ്യക്തമാക്കിയിരുന്നു. ഒപ്പം താൻ ട്വിറ്റർ മേധാവിയായി തുടരണോ വേണ്ടയോ എന്ന് അദ്ദേഹം ട്വിറ്ററിൽ വോട്ടെടുപ്പ് നടത്തിയിരുന്നു. 57.5 ശതമാനം പേരും അദ്ദേഹം ട്വിറ്റർ മേധാവി സ്ഥാനത്തുനിന്ന് പടിയിറങ്ങണമെന്നാണ് ആവശ്യപ്പെട്ടത്. തുടർന്നാണ് പകരക്കാരനെ കണ്ടെത്തിയാൽ സിഇഒ സ്ഥാനം രാജിവെക്കാമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തത്. 

കഴിഞ്ഞ വര്ഷം ഒക്ടോബറിൽ 44 ബില്യൺ ഡോളർ ചെലവഴിച്ചാണ് മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയത്. ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ  സിഇഒ പരാഗ് അഗ്രവാളിനെയും സിഎഫ്ഒ നെഡ് സെഗാലിനെയും പോളിസി മേധാവി വിജയ ഗഡ്ഡെയേയും മസ്‌ക് പുറത്താക്കിയിരുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.