Sections

അംബാനിയുമായി നേരിട്ടുള്ള യുദ്ധത്തിനിറങ്ങി ഇലോണ്‍ മസ്‌ക്

Saturday, Oct 22, 2022
Reported By admin
business

സാറ്റലൈറ്റ് അധിഷ്ഠിത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്ക് ഇന്ത്യയിലും വലിയ സാധ്യതകളാണുള്ളത്


ലോകത്തിലെ ഏറ്റവും സമ്പന്നന്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് രംഗത്തെ മാറ്റിമറിക്കുന്നതിനായുള്ള ഔപചാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. സാറ്റലൈറ്റ് അധിഷ്ഠിത മൊബൈല്‍ കമ്യൂണിക്കേഷന്‍ ലൈസന്‍സിനായി ടെലികോം വകുപ്പില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് സ്പേസ് എക്സിന്റെയും ടെസ് ലയുടെയുമെല്ലാം സാരഥി ഇലോണ്‍ മസ്‌ക്ക്. സ്പേസ് അധിഷ്ഠിത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ സ്റ്റാര്‍ലിങ്ക് എന്ന സംരംഭത്തിലൂടെ നല്‍കുകയാണ് മസ്‌ക്കിന്റെ ഉദ്ദേശ്യം. 

ഇത്തരം സേവനങ്ങള്‍ നല്‍കുന്നതിന് പരീക്ഷണാടിസ്ഥാനത്തില്‍ നേരത്തെ സ്പേസ് എക്സ് ഇന്ത്യയില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. പുതിയ നീക്കത്തോട് കൂടി ഇന്ത്യന്‍ ശതകോടീശ്വരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് അധിപനുമായ മുകേഷ് അംബാനിയുമായി നേരിട്ടുള്ള യുദ്ധത്തിനിറങ്ങുകയാണ് ഇലോണ്‍ മസ്‌ക്ക്. നിലവില്‍ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് രാജ്യത്ത് ലൈസന്‍സ് ലഭിച്ചിരിക്കുന്നത് റിലയന്‍സ് ജിയോ ഇന്‍ഫോകോമിനും ഭാരതി ഗ്രൂപ്പ് പിന്തുണയ്ക്കുന്ന വണ്‍വെബ്ബിനുമാണ്.

എന്താണ് സ്റ്റാര്‍ലിങ്ക്?

2002ല്‍ ഇലോണ്‍ മസ്‌ക്ക് തുടങ്ങിയ സ്പേസ്എക്സ് കമ്പനിയുടെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സര്‍വീസാണ് സ്റ്റാര്‍ലിങ്ക്. റോക്കറ്റുകള്‍, സ്പേസ്‌ക്രാഫ്റ്റുകള്‍ എന്നിവയുടെ ഡിസൈന്‍, നിര്‍മാണം,വിക്ഷേപണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംരംഭമാണ് സ്പേസ് എക്സ്. 2019ലാണ് ഗ്രാമങ്ങളിലും മറ്റ് ഉള്‍പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് തടസമില്ലാതെ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തില്‍ സ്പേസ്എക്സ് സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകള്‍ വിക്ഷേപിക്കാന്‍ തുടങ്ങിയത്. 2022 സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് 3,000ത്തോളം സാറ്റലൈറ്റുകളാണ് ഇവര്‍ വിക്ഷേപിച്ചിരിക്കുന്നത്. 

സാറ്റലൈറ്റ് അധിഷ്ഠിത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്ക് ഇന്ത്യയിലും വലിയ സാധ്യതകളാണുള്ളത്. 2025 ആകുമ്പോഴേക്കും ഒരു ലക്ഷം കോടി രൂപയിലധികം വരുന്ന മേഖലയായി ഇത് മാറുമെന്നാണ് കണക്കുകള്‍. സ്പേസ് എക്സ്, ജിയോ, വണ്‍വെബ് എന്നീ കമ്പനികള്‍ക്ക് പുറമെ ടാറ്റ ഗ്രൂപ്പിന്റെ നെല്‍കോ, കാനഡയുടെ ടെലിസാറ്റ്, ആമസോണ്‍ എന്നിവരും ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സര്‍വീസുകള്‍ ലോഞ്ച് ചെയ്യാനുള്ള തയാറെടുപ്പിലാണ്. ഗ്രാമീണ ഇന്ത്യയുടെ 75 ശതമാനത്തിനും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇപ്പോഴും ലഭ്യമല്ലെന്നതാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനത്തിന് വലിയ ബിസിനസ് സാധ്യതകള്‍ തുറന്നിടുന്നത്. 

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പൂര്‍ണ സബ്സിഡിയറിയായ ജിയോ പ്ലാറ്റ്ഫോംസിലൂടെയാണ് അംബാനി ഈ രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്. ലക്സംബര്‍ഗ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എസ്ഇഎസ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് റിലയന്‍സ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സംരംഭം തുടങ്ങിയിരിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.