Sections

മേൽക്കൂരയില്ലാത്ത വീട്; 'എർത്ത്ഷിപ്പ് 2025' കൊച്ചി ബിനാലെയിൽ മോണിക്ക ഡി മിറാൻഡയുടെ സൃഷ്ടി

Friday, Mar 13, 2026
Reported By Admin
Earthship Installation Draws Attention at Kochi Biennale

കൊച്ചി: ഫോർട്ട് കൊച്ചിയിലെ കൊച്ചി-മുസിരിസ് ബിനാലെ വേദിയായ ആസ്പിൻവാൾ ഹൗസ് വളപ്പിൽ ഒറ്റനോട്ടത്തിൽ അത്രയൊന്നും ശ്രദ്ധയാകർഷിക്കാത്തത് പോലൊരു മതിൽ കാണാം. അടുത്തു വരുമ്പോൾ മാത്രം അത് മണ്ണിൽ നിർമ്മിച്ചതാണെന്ന് മനസിലാകും. അതിന്റെ സങ്കീർണതകളിലേക്ക് കടക്കുമ്പോഴാണ് കലാപ്രതിഷ്ഠയുടെ സമാനതകളില്ലാത്ത സൗന്ദര്യം കാഴ്ചക്കാരന് മനസിലാകുന്നത്.

പോർച്ചുഗീസ് കലാകാരിയായ മോണിക്ക ഡി മിറാൻഡയുടെ ഈ കലാപ്രതിഷ്ഠ മനുഷ്യനടക്കമുള്ള സർവജീവജാലങ്ങൾക്കുമുള്ള ഒത്തു ചേരലിന്റെ വേദിയായി മാറുകയാണ്. 'എർത്ത്ഷിപ്പ് 2025' എന്ന് പേരിട്ടിരിക്കുന്ന ഈ കലാസൃഷ്ടി ത്രികോണാകൃതിയിലുള്ള തറയിൽ മണ്ണുകൊണ്ട് നിർമ്മിച്ച 'എസ്' (S) ആകൃതിയിലുള്ള ഘടനയാണ്. ഔഷധസസ്യങ്ങളാലും ചെടികളാലും ഇത് ചുറ്റപ്പെട്ടിരിക്കുന്നു. സന്ദർശകർക്ക് വിശ്രമിക്കാനും പ്രകൃതിയുമായി സംവദിക്കാനുമുള്ള ഒരിടമായി ഇത് മാറിയിട്ടുണ്ട്. പക്ഷികളും പൂച്ചക്കുട്ടികളും ഇവിടെ സജീവമാണ്.

ഇതൊരു സാംസ്കാരിക വേദിയാണെന്നും ആളുകൾക്ക് ഒത്തുചേരാനും ആശയങ്ങൾ പങ്കുവെക്കാനുമുള്ള മേൽക്കൂരയില്ലാത്ത വീടിന്റെ ഹാൾ പോലെയാണിതെന്നുമാണ് മോണിക്ക ഡി മിറാൻഡ പറയുന്നത്. വാണിജ്യവൽക്കരണത്തിൽ നിന്നുള്ള മോചനവും സാമൂഹ്യനിർമ്മിതിയുമാണ് ഇതിലൂടെ അവർ ലക്ഷ്യമിടുന്നത്.

ബിനാലെയുടെ ഭാഗമായി മോണിക്ക അവതരിപ്പിച്ച 'എ ന്യൂ അൽഫബെറ്റ്' എന്ന പ്രകടനത്തിൽ കലാവിദ്യാർത്ഥികൾ രാഗങ്ങളും സംഗീതവുമാണ് അവതരിപ്പിച്ചത്. ബെർലിനിൽ നിന്നുള്ള നർത്തകി യുക്കോ കസേക്കിയുടെ പ്രകടനത്തിനും ഈ കലാപ്രതിഷ്ഠ വേദിയായി. ഇരുമ്പ്, തടി, മണ്ണ് തുടങ്ങിയവയുപയോഗിച്ചാണ് എർത്ത്ഷിപ്പ് നിർമ്മിച്ചിരിക്കുന്നത്.

പ്രകൃതിയുടെ ഘടകങ്ങളെ തൊട്ടറിയാനും ആകാശവും സൂര്യപ്രകാശവും ആസ്വദിക്കാനും ഈ ഇടം അവസരമൊരുക്കുന്നു. വികസനത്തിന്റെ പേരിൽ ഇത്തരം ഇടങ്ങൾ അപ്രത്യക്ഷമാകുകയാണെന്നും സാങ്കേതികവിദ്യ മനുഷ്യനെ വീടിനുള്ളിലേക്ക് മാത്രമായി ഒതുക്കുകയാണെന്നും മോണിക്ക ചൂണ്ടിക്കാട്ടുന്നു. പ്രകൃതിയെ മാതൃഛായയിലാണ് അവർ കാണുന്നത്. ഇതിലെ ത്രികോണാകൃതി സൃഷ്ടിയുടെയും പ്രകൃതിയുമായുള്ള സന്തുലിതാവസ്ഥയുടെയും പ്രതീകമാണ്.

മണ്ണിന് സംസ്കാരങ്ങളേക്കാൾ പഴക്കമുണ്ടെന്നും അത് മനുഷ്യചരിത്രത്തിലെ പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും കഥകൾ പേറുന്നുണ്ടെന്നും മോണിക്ക വിശ്വസിക്കുന്നു. യന്ത്രങ്ങൾക്കും കമ്പ്യൂട്ടറുകൾക്കും മാത്രം പ്രാധാന്യം നൽകുന്ന ലോകം വലിയ പ്രത്യാഘാതങ്ങൾ നേരിടുമെന്നാണ് അവർ നൽകുന്ന മുന്നറിയിപ്പ്. നിർമ്മിത ബുദ്ധി, ഓട്ടോമേറ്റഡ് ഭരണസംവിധാനങ്ങൾ എന്നിവയെയും തന്റെ കലയിലൂടെ അവർ ചോദ്യം ചെയ്യുന്നു. പ്രകൃതിയുമായുള്ള ബന്ധം ദൃഢമാക്കാനും പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്താനുമുള്ള ശ്രമമാണ് മോണിക്കയുടെ എർത്ത് ആർട്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.