Sections

വീണ്ടും സന്ദർശിക്കാൻ പ്രേരണ നൽകുന്ന കലാനുഭവമാണ് കൊച്ചി ബിനാലെയെന്ന് സി. നാഗരാജുവും ഹർഷിത അട്ടലൂരിയും

Friday, Mar 13, 2026
Reported By Admin
IPS Officers Visit Kochi-Muziris Biennale

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ (കെഎംബി) സന്ദർശിച്ച് ഐപിഎസ് ഓഫീസർമാരായ സി. നാഗരാജുവും ഹർഷിത അട്ടലൂരിയും. ജീവിതത്തെയും സർഗാത്മകതയെയും കുറിച്ചുള്ള വൈവിധ്യമാർന്ന കാഴ്ചപ്പാടുകൾ വാഗ്ദാനം ചെയ്യുന്ന സമ്പന്നവും ചിന്തോദ്ദീപകവുമായ അനുഭവമെന്ന് ഇരുവരും ബിനാലെ സന്ദർശനത്തെ വിലയിരുത്തി. എല്ലാവരും തീർച്ചയായും സന്ദർശിക്കേണ്ട കലാമേളയായും കെഎംബിയെ അവർ ഉയർത്തിക്കാട്ടി.

മൂന്നാം തവണയാണ് ബിനാലെ സന്ദർശിക്കുന്നതെന്നും ഇപ്പോഴും അത്ഭുതകരമായ അനുഭവമായി ഇത് തുടരുകയാണെന്നും ഹർഷിത അട്ടലൂരി പറഞ്ഞു. കല എന്താണെന്ന ആശയം ഗാലറിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ചർച്ച ചെയ്തിരുന്നു. കലയെ വ്യക്തമായി നിർവചിക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണെന്ന് നിരീക്ഷിക്കുകയും കലാകാരൻ പറയുന്നതാണ് കല എന്ന നിഗമനത്തിലെത്തുകയാണുണ്ടായതെന്ന് അവർ പറഞ്ഞു.

തുണിത്തരങ്ങൾ, കല്ലുകൾ, പരമ്പരാഗത നിറങ്ങൾ, കോൾഡ് സ്റ്റോറേജ് ഡിസ്പ്ലേകൾ തുടങ്ങിവയ കൊണ്ടുള്ള കലാസൃഷ്ടികളിലൂടെ അവതരണങ്ങൾ വേറിട്ട അനുഭവമായിരുന്നുവെന്നും വ്യത്യസ്ത കാഴ്ചപ്പാടുകൾ രൂപപ്പെടുത്താൻ സാധിക്കുന്നതാണിതെന്നും ഹർഷിത ചൂണ്ടിക്കാട്ടി.

ഏത് കാഴ്ചയും കലയായി കാണാൻ കഴിയുമെന്നും അത് കാഴ്ചക്കാരനെ ആശ്രയിച്ചിരിക്കുന്നുവെന്നും നാഗരാജു പറഞ്ഞു. ഫോർട്ട് കൊച്ചിയുടെ മനോഹരമായ പശ്ചാത്തലത്തിൽ ബിനാലെ സന്ദർശിച്ചപ്പോൾ കാണുന്നവരുടെ കണ്ണുകളിലാണ് കലയെന്ന ആശയം കൂടുതൽ വ്യക്തമായി. ആവർത്തിച്ചുള്ള സന്ദർശനത്തിന് പ്രേരണ നൽകുന്നതാണ് ബിനാലെയിലെ കലാസൃഷ്ടികളും അന്തരീക്ഷവും. ബിനാലെയുടെ ഓരോ പതിപ്പിനുമായി കൊച്ചിയിൽ വരാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.