- Trending Now:
കൊച്ചി: ക്ലാളിറ്റി കെയർ ഇന്ത്യയുമായി (ക്യൂസിഐഎൽ) സംയോജിക്കാനുള്ള പദ്ധതി നിർദ്ദേശത്തിന് ഓഹരി ഉടമകളിൽ നിന്ന് 96.68 ശതമാനമെന്ന ആവേശകരമായ പ്രതികരണം ലഭിച്ചതായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ അറിയിച്ചു. ചെറുകിട ഓഹരി ഉടമകളും വായ്പാ ദാതാക്കളും ഗണ്യമായ രീതിയിൽ ഇതിനെ പിന്തുണച്ചു വോട്ടു ചെയ്യുകയായിരുന്നു. ലയനത്തിന് മുന്നോടിയായുള്ള ഓഹരി കൈമാറ്റത്തിന് കമ്പനിയുടെ ഓഹരി ഉടമകളിൽ നിന്ന് ലഭിച്ച പിന്തുണയെത്തുടർന്നാണ് ഈ അംഗീകാരം. നിർദ്ദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ച് ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ അടക്കമുള്ള അംഗീകാരങ്ങൾ ലഭിച്ച ശേഷം അടുത്ത ത്രൈമാസത്തിൽ ലയനം പൂർത്തിയാക്കും.
ഈ ലയനത്തിൻറെ തന്ത്രപരമായ യുക്തിയിലും അതിലൂടെ ലഭിക്കുന്ന ദീർഘകാല മൂല്യത്തിലും തങ്ങളുടെ ഓഹരി ഉടമകൾക്കുള്ള ശക്തമായ വിശ്വാസമാണ് ഈ പിന്തുണ ചൂണ്ടിക്കാണിക്കുന്നതെന്ന് ഇതേക്കറിച്ചു പ്രതികരിച്ച ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ആസ്റ്റർ ഡിഎം ഹെൽത്ത്കെയറും ക്വാളിറ്റി കെയർ ഇന്ത്യയും ചേർന്ന് ഭാവിയിലേക്ക് തയ്യാറായ ആരോഗ്യ സംവിധാനമാകും തങ്ങൾ ലഭ്യമാക്കുക. ചികിത്സാപരമായ മികവ്, പ്രവർത്തനക്ഷമത, ഭരണനിർവ്വഹണ സംവിധാനം എന്നിവയുമായി രാജ്യത്തെ ദശലക്ഷക്കണക്കിനു പേർക്ക് ചികിൽസ നൽകാൻ ഇതിലൂടെ കഴിയും. രോഗീകേന്ദ്രീകൃത പരിചരണത്തിലെ ആസ്റ്ററിൻറെ പാരമ്പര്യവും സ്ഥാപനത്തിൻറെ ശക്തിയും വികസന വൈദഗ്ദ്ധ്യവും ഈ പങ്കാളിത്തത്തിനു പിന്തുണയേകും. അതീവ ഗുണമേൻമയുള്ള ആരോഗ്യ പരിചരണം ലഭ്യമാക്കാനും ക്ലിനിക്കൽ മികവുകൾക്കും പുതുമകൾക്കും വേണ്ടി നിക്ഷേപം നടത്താനും ഇന്ത്യയിലെ മുൻനിര സംയോജിത ആരോഗ്യ പരിചരണ ശൃംഖലകളിലൊന്ന് കെട്ടിപ്പടുക്കാനും സംയോജിതമായി സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലയനം പൂർത്തിയാകുമ്പോൾ ഇത് ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നു ആശുപത്രി ശൃംഖലകളിൽ ഒന്നായി മാറും. ഒൻപതു സംസ്ഥാനങ്ങളിലും 28 നഗരങ്ങളിലും അതിന് സാന്നിധ്യവുമുണ്ടാകും. ലയനത്തിനു ശേഷം 39 ആശുപത്രികളും 10,625 ലധികം കിടക്കകളും ആയിരിക്കും ഉണ്ടാകുക. ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ, മറ്റ് അനുബന്ധ ആരോഗ്യ സേവനങ്ങൾ എന്നിവയിലൂടെ 36,307-ലധികം ജീവനക്കാരുടെയും ഡോക്ടർമാരുടെയും പിന്തുണയോടെ ഓരോ വർഷവും ദശലക്ഷക്കണക്കിന് രോഗികൾക്ക് സേവനം നൽകുന്നു.
ഇന്ത്യ തന്നെയായിരിക്കും ആസ്റ്ററിൻറെ ഏറ്റവും വലിയ പ്രവർത്തന മേഖല. ലയന ശേഷം വരും വർഷങ്ങളിൽ 14,710 ലധികം കിടക്കകളായി ശേഷി ഉയർത്തുകയാണ് ലക്ഷ്യം. പുതുതായി കൂട്ടിച്ചേർക്കുന്ന 4080 കിടക്കകളിൽ 2368 കിടക്കകൾ ആസ്റ്റർ ആയിരിക്കും കൂട്ടിച്ചേർക്കുക. ശേഷിക്കുന്നവ ക്യൂസിഐഎൽ ആയിരിക്കും ലഭ്യമാക്കുക. 2300 കോടി രൂപയുടെ ആകെ മൂലധന വകയിരുത്തലുകളുമായാവും ആസ്റ്ററിൻറെ വികസന പ്രവർത്തനങ്ങൾ. 2025 സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച് ഇതിൽ 350 കോടി രൂപ ഇതിനകം തന്നെ നിർണായ പദ്ധതികളിൽ നിക്ഷേപിച്ചിട്ടുണ്ട്.
പുതിയ പദ്ധതികളിലൂടെയും തിരഞ്ഞെടുക്കപ്പെട്ട ഏറ്റെടുക്കലുകളിലൂടെയും രാജ്യത്തുടനീളം ഏകദേശം 2,368 ബെഡുകൾ കൂടി കൂട്ടിച്ചേർക്കാൻ പദ്ധതിയിടുന്നു. നിലവിൽ ശക്തമായ സാന്നിധ്യമുള്ള കേരളം, കർണാടക തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിൽ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. സർജാപൂർ റോഡിൽ 430 ബെഡുകളുള്ള ആശുപത്രിയും യെശ്വന്ത്പൂരിൽ 500 ബെഡുകളുള്ള മറ്റൊരു ആശുപത്രി എന്നീ രണ്ട് പുതിയ ആശുപത്രികളാണ് ബെംഗളൂരുവിലെ വരാനിരിക്കുന്ന പ്രധാന വിപുലീകരണങ്ങൾ. ആസ്റ്റർ സിഎംഐ ആശുപത്രിയിൽ 350 ബെഡുകളും, ആസ്റ്റർ വൈറ്റ്ഫീൽഡിൽ 159 ബെഡുകളും പുതുതായി കൂട്ടിച്ചേർക്കും. ഇതോടെ ബെംഗളൂരു നഗരത്തിലെ ഏറ്റവും മികച്ച മൂന്ന് ആരോഗ്യസേവന ദാതാക്കളിൽ ഒരാളെന്ന സ്ഥാനം ആസ്റ്റർ കൂടുതൽ ശക്തിപ്പെടും.
കാസർകോട് ആസ്റ്ററിൻറെ 263 കിടക്കകളുളള ആശുപത്രിക്ക് 2025 ഒക്ടോബറിൽ തുടക്കം കുറച്ചിരുന്നു. ഇതിനു പുറമെ തിരുവനന്തപുരത്തെ 454 കിടക്കകളുള്ള പുതിയ ആസ്റ്റർ ക്യാപിറ്റൽ ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റി 100 അധിക കിടക്കകളുമായി വിപുലീകരിക്കും. ഹൈദരാബാദിൽ 300 കിടക്കകളുള്ള വനിതകളുടേയും കുട്ടികളുടേയും ആശുപത്രി, ഒങ്കോളിലെ ആസ്റ്റർ രമേഷ് ആശുപത്രിയിലെ 75 കിടക്കകളുടെ വർധനവുമായുള്ള വിപുലീകരണം തുടങ്ങിയവയും നടന്നു വരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.