Sections

'2018 എവരി വൺ ഈസ് എ ഹീറോ' സിനിമയുടെ ഡിഎൻഎഫ്ടി പുറത്തിറക്കി

Wednesday, Dec 20, 2023
Reported By Admin
DNFT of 2018

കൊച്ചി: ഓസ്കാർ നോമിനേഷനിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ആയി തിരഞ്ഞെടുക്കപ്പെട്ട '2018 എവരി വൺ ഈസ് എ ഹീറോ' സിനിമയുടെ അണിയറ പ്രവർത്തകർക്ക് ആദരം. ലണ്ടൻ ആസ്ഥാനമായ ടെക് ബാങ്ക് മൂവീസ്, സിംഗിൾ ഐഡി എന്നിവർ ചേർന്നാണ് എൻട്രി ടു ഓസ്കാർ വിത്ത് ഡിഎൻഎഫ്ടി പരിപാടി സംഘടിപ്പിച്ചത്. പ്രമുഖ സംവിധായകൻ ഹരിഹരൻ, നിർമ്മാതാവ് വേണു കുന്നപ്പിള്ളി, സംവിധായകൻ ജൂഡ് ആന്തണി ജോസഫ്, അഭിനേതാക്കളായ നരേൻ, തൻവി റാം, ടെക് ബാങ്ക് മൂവീസ് മാനേജിംഗ് ഡയറക്ടർ അഡ്വ. സുഭാഷ് മാനുവൽ, യുകെ ആസ്ഥാനമായ ഇ.എസ് ഗ്ലോബൽ ഡയറക്ടർ ടെലക്സി, പോപ്പ്, നിർമ്മാതാവ് രാജേഷ് കൃഷ്ണ, ക്രിക്കറ്റ് താരം ബേസിൽ തമ്പി തുടങ്ങിയവർ ലേ മെറിഡിയനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.

മലയാള സിനിമ ലോക സിനിമയുടെ നെറുകയിൽ എത്തി നിൽക്കുന്നതിൽ അഭിമാനമെന്ന് നിർമ്മാതാവ് വേണു കുന്നപ്പിള്ളി പറഞ്ഞു. ഓസ്കാർ വേദിയിലെ പ്രൊമോഷൻ പരിപാടികളടക്കം എതാണ്ട് ഒന്നര മാസത്തോളമായുള്ള അധ്വാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഓടിടി, സാറ്റലൈറ്റ് വിതരണാവകാശത്തിന് പുറമെ ഡിഎൻഎഫ്ടി കൂടി എത്തുന്നതോടെ സിനിമാ ലോകത്തിന് പുതിയ വഴികൾ തുറക്കുകയാണെന്ന് സംവിധായകൻ ഹരിഹരൻ പറഞ്ഞു. 200 കോടി രൂപ അടുത്ത സാമ്പത്തിക വർഷം ഡിഎൻഎഫ്ടിക്കായി ടെക് ബാങ്ക് മൂവീസിൽ നിക്ഷേപിക്കുമെന്ന് ഇ.എസ് ഗ്ലോബൽ ഡയറക്ടർ ടെലക്സി പറഞ്ഞു. ഡിഎൻഎഫ്ടിക്ക് പുറമെ നിർമ്മാണ രംഗത്തേക്ക് ഉടൻ പ്രവേശിക്കുമെന്നും, ചലച്ചിത്ര മേഖലയിലെ പ്രത്യേകമായ കണ്ടന്റുകൾ ഡിഎൻഎഫ്ടി വഴി നൽകുമെന്നും ടെക് ബാങ്ക് മൂവീസ് ഉടമ അഡ്വ. സുഭാഷ് മാനുവൽ പറഞ്ഞു.

ചടങ്ങിൽ '2018 എവരി വൺ ഈസ് എ ഹീറോ' സിനിമയുടെ ഡിഎൻഎഫ്ടി പുറത്തിറക്കി. ലോകത്ത് ആദ്യമായി ഡീസെൻട്രലൈസ്ഡ് നോൺ-ഫൺജബിൾ ടോക്കൻ (ഡിഎൻഎഫ്ടി) അവതരിപ്പിച്ചത് ടെക് ബാങ്ക് മൂവീസ് ആണ്. നേരത്തെ മോഹൻലാൽ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടെ വാലിഭന്റെ ഡി.എൻ.എഫ്.ടി പുറത്തിറക്കിയിരുന്നു. നിലവിലുള്ള കേന്ദ്രീകൃത എൻഎഫ്ടിക്ക് ബദലായി വികേന്ദ്രീകൃത സാങ്കേതികവിദ്യയാണ് ഡി എൻ എഫ് ടി വികസിപ്പിച്ചിരിക്കുന്നത്.

തുടർന്ന് ഗായിക ഗൗരി ലക്ഷ്മിയുടെ സംഗീത പരിപാടി, ഫ്ളവേഴ്സ് ടി വി താരങ്ങൾ അവതരിപ്പിച്ച നൃത്ത- ഹാസ്യ പരിപാടികളുംഅരങ്ങേറി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.