- Trending Now:
കുത്താമ്പുള്ളി കൈത്തറി ബെഡ്ഷീറ്റുകൾക്ക് സരസിൽ പ്രിയമേറുന്നു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മൈതാനിയിൽ നടക്കുന്ന ദേശീയ സരസ് മേളയിലാണ് കുത്താമ്പുള്ളി കൈത്തറി ബെഡ്ഷീറ്റുകൾ തേടി ആവശ്യക്കാർ എത്തുന്നത്. വ്യത്യസ്ത നിറങ്ങളിലും ഡിസൈനുകളിലുമായി സന്ദർശകരുടെ മനം കവരുന്ന ബെഡ് ഷീറ്റുകൾക്ക് മറ്റു വിപണികളെ അപേക്ഷിച്ച് വില കുറവാണ് എന്നതാണ് സരസിലെ പ്രത്യേകത.
തൃശ്ശൂർ തിരുവില്വാമലയിലെ സൊസൈറ്റി മില്ലിൽ നെയ്തെടുത്ത ബെഡ് ഷീറ്റുകളാണ് മേളയിൽ പ്രദർശനത്തിനും വിപണത്തിനുമായി ഒരുക്കിയിരിക്കുന്നത്. 140 ലധികം തൊഴിലാളികൾ ചേർന്ന് ഒരു ദിവസം 200 ജോഡി ബെഡ്ഷീറ്റുകൾ( 400 പീസ്) വരെ മില്ലിൽ നെയ്തെടുക്കും.
കുത്താമ്പുള്ളി കൈത്തറി തുണികൾ വിൽക്കുന്നതിനായി മേളയിൽ മൂന്ന് സ്റ്റാളുകൾ ഉണ്ട്. രണ്ട് ബെഡ്ഷീറ്റുകൾക്ക് 400, 500 രൂപയാണ് വില ഈടാക്കുന്നത്. സെറ്റ് സാരി, കസവ് മുണ്ട്, കളർ സാരീ എന്നിവയും സൊസൈറ്റി മില്ലിൽ നെയ്തെടുക്കും. ഒരുദിവസം 200 ജോഡി മുണ്ടുകൾ വരെ നെയ്തെടുക്കാനാകുമെന്ന് തിരുവില്വാമല സ്വദേശിയും സ്റ്റാൾ നടത്തിപ്പുകാരനുമായ സുനിൽകുമാർ പറഞ്ഞു.
കുത്താമ്പുള്ളി കൈത്തറി ബെഡ്ഷീറ്റുകൾ കൂടാതെ ഗോവ, കർണാടക, പാലക്കാട്, എന്നിവിടങ്ങളിൽ നിന്നുള്ള ഹാൻഡ്ലൂം ബെഡ്ഷീറ്റുകളും സരസിൽ ലഭ്യമാണ്. ഇന്ത്യയുടെ തനത് ഉൽപ്പന്നങ്ങൾ കാണാനും വാങ്ങുവാനുമായി നിരവധി പേരാണ് ദിവസവും മേളയിലേക്ക് എത്തുന്നത്. ജനത്തിരക്ക് കണക്കിലെടുത്ത് ജനുവരി രണ്ടുവരെ സരസ് മേള തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.