Sections

വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സൈബർ സുരക്ഷാ ക്ലാസ് 

Tuesday, Oct 10, 2023
Reported By Admin
Cyber Security Class

കോഴിക്കോട്: സൈബർ തട്ടിപ്പുകളെ കണ്ടെത്താനും അതിജീവിക്കാനും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ബോധവത്ക്കരണ പരിപാടിയുമായി കേരളാ പോലീസ് സൈബർ സെല്ലും റെഡ് ടീം ഹാക്കേഴ്സ് അക്കാദമിയും. ദേശീയ സൈബർ സുരക്ഷാ മാസത്തിന്റെ ഭാഗമായാണ് ഒരാഴ്ച നീണ്ടു നിൽക്കുന്ന സൈബർ സുരക്ഷാ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം എം.ദാസൻ എഞ്ചിനീയറിംഗ് കോളജിൽ അഡ്വ. കെ.എം. സച്ചിൻ ദേവ് എംഎൽഎ നിർവഹിച്ചു. സൈബർ സെൽ എസ്ഐ സത്യൻ കാരയാട്, റെഡ് ടീം ഹാക്കേഴ്സ് അക്കാദമി റീജണൽ ഹെഡ് അനുരാഗ്.ടി, സൈബർ സുരക്ഷാ ഗവേഷകൻ സിവിക് വി. ചാക്കോ എന്നിവർ ക്ലാസെടുത്തു.

ഫോണിനോടും ഇന്റർനെറ്റിനോടുനുള്ള അമിതമായ ആസക്തിയിലേക്ക് വഴുതി വീഴാതെ നോക്കണമെന്ന് സൈബർ സെൽ എസ്.ഐ സത്യൻ കാരയാട് പറഞ്ഞു. ഇന്ത്യയിൽ ഫോൺ ഉള്ളവരിൽ 70 ശതമാനവും ഉറങ്ങുന്നതിനു മുമ്പ് ഫോൺ കണ്ട് കിടക്കുന്നവരാണ്. 60 ശതമാനം പേരും ഉണർന്നയുടനെ ഫോൺ നോക്കുന്നു. 30 ശതമാനം പേരും അഞ്ചുമിനുട്ടിൽ ഫോൺ നോക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ നല്ലതിനൊപ്പം ഒരുപാട് ചതിക്കുഴികൾ ഉണ്ട്. അതിൽ നാം സ്വയം ചെന്നു ചാടരുത്. ഇതിനായി ജാഗ്രത പാലിച്ചാൽ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് തുണ പോർട്ടലിലും, cybercrimegov.in ലും പരാതി നൽകാമെന്നും അദ്ദേഹം പറഞ്ഞു.

Cyber Security Class Inaugurated by Adv. K M Sachin Dev MLA
സൈബർ സുരക്ഷാ ബോധവത്ക്കരണ ക്ലാസിന്റെ ഉദ്ഘാടനം എം. ദാസൻ എഞ്ചിനീയറിംഗ് കോളജിൽ കെ.എം.സച്ചിൻദേവ് എംഎൽഎ നിർവഹിക്കുന്നു

ലിങ്കുകൾ അയച്ചു നൽകി ഫോണുകൾ ഹാക്ക് ചെയ്യുന്ന രീതിയാണ് ഇപ്പോൾ വ്യപകമായുള്ളതെന്ന് റെഡ് ടീം ഹാക്കേഴ്സ് അക്കാദമി റീജണൽ ഹെഡ് അനുരാഗ് .ടി പറഞ്ഞു ഫോണിലേക്ക് വിരുന്നെത്തുന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ മാത്രം മതി ഫോൺ ഹാക്ക് ചെയ്യപ്പെടാൻ. യുആർഎൽ പരിശോധിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം ലിങ്കുകൾ ക്ലിക്ക് ചെയ്യാൻ പാടുള്ളൂ. ആപ്ലിക്കേഷനുകൾ അനാവശ്യമായി ഡൗൺലോഡ് ചെയ്യാതിരിക്കുക. പ്ലേ സ്റ്റോറിൽ നിന്ന് ലഭിക്കുന്ന എല്ലാ ആപ്പുകളും സുരക്ഷിതമായിക്കൊള്ളണമെന്നില്ല.

ഇ-മെയിൽ പാസ് വേഡും ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയയുടെ പാസ് വോഡുകളും ഒരുപാടുകാലം ഉപയോഗിക്കാതെ ഇടക്കിടയ്ക്ക് മാറ്റുക, എല്ലാറ്റിനും വ്യത്യസ്ത പാസ് വേഡുകൾ നൽകുക എന്നിവ ശ്രദ്ധിക്കണമെന്ന് അനുരാഗ് പറഞ്ഞു.

ഗോകുലം ആർട്സ് ആന്റ് സയൻസ് കോളജ്, ബാലുശേരി ടൗൺ എന്നിവിടങ്ങളിലും ഇന്നലെ ബോധവത്ക്കരണ പരിപാടികൾ നടന്നു. മുക്കം എസ്എൻഇഎസ് കോളജ്, ദയാപുരം വിമൻസ് കോളജ്, സെന്റ് സേവ്യേഴ്സ് ആർട്സ് ആന്റ് സയൻസ് കോളജ് എരഞ്ഞിപ്പാലം, വെസ്റ്റ്ഹിൽ പോളി ടെക്നിക്, പ്രൊവിഡൻസ് വിമൻസ് കോളജ്, എംഇഎസ് കോളജ്, മുക്കം ടൗൺ, കുന്ദമംഗലം ടൗൺ, പാവങ്ങാട്, കാരപ്പറമ്പ്, നടക്കാവ്, ബേപ്പൂർ ബീച്ച്, കോഴിക്കോട് ബീച്ച്, പുതിയ സ്റ്റാന്റ്, മാനാഞ്ചിറ സ്ക്വയർ എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ ബോധവത്ക്കരണ ക്ലാസ് നടക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.