Sections

സിഎസ്ബി ബാങ്കിൻറെ അറ്റാദായം 7 ശതമാനം വർധിച്ച് 633 കോടി രൂപയായി

Tuesday, May 05, 2026
Reported By Admin
CSB Bank Net Profit Rises 7% to ₹633 Crore in FY26

കൊച്ചി: 2026 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിലും നാലാം പാദത്തിലും സിഎസ്ബി ബാങ്ക് മികച്ച പ്രവർത്തന നേട്ടം കൈവരിച്ചു. സിഎസ്ബി ബാങ്കിൻറെ 2026 സാമ്പത്തിക വർഷത്തെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 7 ശതമാനം വർദ്ധിച്ച് 633 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷം ഇത് 594 കോടി രൂപയായിരുന്നു. നാലാം പാദത്തിലെ അറ്റാദായം ത്രൈമാസാടിസ്ഥാനത്തിൽ 32 ശതമാനം വർദ്ധനവോടെ 202 കോടി രൂപയായി ഉയർന്നു.

ബാങ്കിൻറെ മൊത്തം നിക്ഷേപം മുൻവർഷത്തെ 36,861 കോടി രൂപയിൽ നിന്ന് 20 ശതമാനം വർധിച്ച് 44,246 കോടി രൂപയിലെത്തി. കാസ അനുപാതം 20 ശതമാനമാണ്. ബാങ്കിൻറെ അറ്റ വായ്പകൾ 26 ശതമാനം വാർഷിക വളർച്ചയോടെ 39,848 കോടി രൂപയായി ഉയർന്നു. ഇതിൽ സ്വർണ്ണ പണയ വായ്പകളിൽ 53 ശതമാനവും ഹോൾസെയിൽ വായ്പകളിൽ 37 ശതമാനവും വർധനവുണ്ടായി.

അറ്റ പലിശ വരുമാനം നാലാം പാദത്തിൽ 25 ശതമാനം വർധിച്ച് 464 കോടി രൂപയായി. സാമ്പത്തിക വർഷത്തെ മൊത്തം പലിശ വരുമാനം 17 ശതമാനം വർധിച്ച് 1,720 കോടി രൂപയിലെത്തി. പലിശേതര വരുമാനം 21 ശതമാനം വർധിച്ച് 1,177 കോടി രൂപയായും ബാങ്കിൻറെ പ്രവർത്തന ലാഭം 19 ശതമാനം വർധിച്ച് 1,085 കോടി രൂപയായും ഉയർന്നു.

ബാങ്കിൻറെ മൊത്തം നിഷ്ക്രിയ ആസ്തി മുൻ വർഷത്തെ 1.57 ശതമാനത്തിൽ നിന്ന് നേരിയ തോതിൽ വർധിച്ച് 1.66 ശതമാനമായെങ്കിലും, മുൻ പാദത്തിലെ 1.96 ശതമാനത്തേക്കാൾ കുറയ്ക്കാൻ സാധിച്ചു. അറ്റ നിഷ്ക്രിയ ആസ്തി 0.40 ശതമാനമായി താഴ്ന്നു. ബാങ്കിൻറെ മൂലധന പര്യാപ്തതാ അനുപാതം 20.66 ശതമാനമാണ് ഇത് നിശ്ചിത പരിധിയേക്കാൾ വളരെ കൂടുതലാണ്.

എസ്ബിഎസ് 2030 പദ്ധതിയുടെ വളർച്ചാ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ശക്തമായ അടിസ്ഥാനങ്ങളിൽ ഊന്നിക്കൊണ്ടുള്ള സുസ്ഥിരവും ലാഭകരവുമായ വളർച്ച വേഗത്തിലാക്കുന്നതിലായിരിക്കും തങ്ങളുടെ ശ്രദ്ധ. നിലവിൽ കൈവരിച്ച പ്രവർത്തന മികവും ബാങ്കിൻറെ ശക്തമായ അടിത്തറയും പ്രയോജനപ്പെടുത്തി കൂടുതൽ ഉൽപ്പാദനക്ഷമത, അച്ചടക്കത്തോടെയുള്ള റിസ്ക് മാനേജ്മെൻറ്, ശക്തമായ കംപ്ലയിൻസ് സംസ്കാരം, മികച്ച ഉപഭോക്തൃ സേവനം എന്നിവ ഉറപ്പാക്കാൻ തങ്ങൾ ലക്ഷ്യമിടുന്നു. ഇതിലൂടെ കെട്ടിപ്പടുക്കുന്ന വിപുലമായ ഉപഭോക്തൃ അടിത്തറ വഴി ദീർഘകാല മൂല്യം ലഭ്യമാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സിഎസ്ബി ബാങ്ക് എംഡിയും സിഇഒയും നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.

100 വർഷത്തിലധികം പ്രവർത്തന പാരമ്പര്യമുള്ള ബാങ്കിന് നിലവിൽ രാജ്യത്തുടനീളം 862 ശാഖകളും 832 എടിഎമ്മുകളുമുണ്ട്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ, റീട്ടെയിൽ, എൻആർഐ ഉപഭോക്താക്കൾ എന്നിവരിലാണ് ബാങ്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.