Sections

കാട്ടുപന്നിയെ കൊല്ലാം: പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അധികാരം

Friday, May 13, 2022
Reported By Admin

ജഡം മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കുഴിച്ചു മൂടണം

 

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാന്‍ അനുമതി നല്‍കുന്നതിനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും നല്‍കുന്ന വനം വകുപ്പിന്റെ ശുപാര്‍ശ തയാര്‍. നിലവില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനുള്ള അധികാരം ജനപ്രതിനിധികള്‍ക്കു കൈമാറിക്കൊണ്ടുള്ള ശുപാര്‍ശ വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ അനുമതിയോടെ മന്ത്രിസഭയുടെ പരിഗണനയ്ക്കു വരും. 

കാട്ടുപന്നികളെ നിയന്ത്രിക്കണമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ. മാധവ് ഗാഡ്ഗില്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുകയും ഹൈക്കോടതി ചുരുക്കം കര്‍ഷകര്‍ക്ക് പന്നികളെ വേട്ടയാടാന്‍ അനുമതി നല്‍കുകയും ചെയ്ത സാഹചര്യത്തിലാണു നടപടി. കാട്ടുപന്നികളെ 'ശല്യക്കാരായി' പ്രഖ്യാപിച്ച് കൊന്നൊടുക്കാന്‍ കേന്ദ്രം അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് സംസ്ഥാനം ബദല്‍ സാധ്യതകള്‍ തേടുന്നത്. 

വനാതിര്‍ത്തി പങ്കിടുന്ന പഞ്ചായത്ത് വാര്‍ഡുകളില്‍ ഒഴികെ, പന്നിയെ വേട്ടയാടാനുള്ള അനുമതി നല്‍കാന്‍ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും അധികാരം നല്‍കുന്ന വിധത്തിലാണ് നടപടി. പഞ്ചായത്ത് പ്രസിഡന്റിന് 'ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍' പദവിയും സെക്രട്ടറിക്ക് 'ഓതറൈസിങ് ഓഫിസര്‍' പദവിയും നല്‍കാനാണ് ശുപാര്‍ശ. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അധികാരം ഇവര്‍ക്കും കിട്ടും. കേന്ദ്രം നിരോധിച്ചിരിക്കുന്ന 4 മാര്‍ഗങ്ങള്‍ - വിഷം നല്‍കിയും വൈദ്യുതി ഉപയോഗിച്ചും കുരുക്കിട്ടും സ്‌ഫോടനം നടത്തിയും - പന്നിയെ കൊല്ലാന്‍ അനുവദിക്കില്ല. മാംസം ഭക്ഷണത്തിന് ഉപയോഗിക്കാന്‍ നിരോധനമുണ്ടാവും. ജഡം മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കുഴിച്ചു മൂടണം. വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പഞ്ചായത്ത് വാര്‍ഡുകളുടെ പരിധിയില്‍ പന്നികളെ കൊല്ലുന്നതില്‍ വനം വകുപ്പിന്റേതായിരിക്കും അന്തിമ തീരുമാനം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.