Sections

കോളജുകൾ കേന്ദ്രീകരിച്ച് റണ്ണിങ് ക്ലബുകൾ: റൺ ദെം യങ് പദ്ധതിക്ക് തുടക്കമിട്ട് ക്ലിയോസ്പോർട്സ്

Monday, Mar 04, 2024
Reported By Admin
Run Them Young Project

കൊച്ചി: സ്കൂൾ-കോളജുകൾ കേന്ദ്രീകരിച്ച് റണ്ണിങ് ക്ലബുകൾക്ക് തുടക്കമിട്ട് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിന്റെ സംഘാടകരായ ക്ലിയോസ്പോർട്സ്. കോളേജ് അഡ്മിനിസ്ട്രേഷനുകളുടെയും കായികാധ്യാപകരുടെയും സഹകരണത്തോടെ പുതുതലമുറയിൽ ദീർഘദൂര ഓട്ടക്കാരെ വാർത്തെടുക്കുക, ചെറുപ്പം മുതൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ക്ലിയോസ്പോർട്സ് റൺ ദെം യങ് പദ്ധതിക്ക് തുടക്കമിടുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തിന് കൊച്ചിയിലെ ആൽബർട്ട്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ( എഐഎം) തുടക്കമായി. ക്യൂൻസ് വാക്ക് വേയിൽ നടന്ന ചടങ്ങിൽ എഐഎം ചെയർമാൻ ഫാ. ആന്റണി തോപ്പിൽ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. പുതുതലമുറയ്ക്ക് നല്ല ആരോഗ്യം വാർത്തെടുക്കുവാൻ കായിക വിനോദമെന്ന നിലയിൽ ഓട്ടത്തിന് ഊന്നൽ നൽകിയുള്ള പദ്ധതി ഏറെ പ്രതീക്ഷ നൽകുന്നതായി ഫാ. ആന്റണി തോപ്പിൽ അഭിപ്രായപ്പെട്ടു. ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ, ക്ലിയോസ്പോർട്സ് എന്നിവരുമായുള്ള ആൽബർട്ട്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ സഹകരണം മറ്റു കോളജുകൾക്കും കൂടുതൽ വിദ്യാർത്ഥികൾക്കും പ്രചോദനമാകും. കോളജ്, സർവകലാശാല കായിക വിഭാഗത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയുടെ ഭാഗമായി കായിക തത്പരരായ വിദ്യാർത്ഥികൾക്ക് മാർഗ നിർദേശം നൽകുവാൻ മാരത്തോൺ ഓട്ടക്കാരായ ഗോപി ടി, ഒ.പി ജെയ്ഷ എന്നിവരെ ഉൾപ്പെടുത്തി വിദഗ്ദ്ധ സമിതി രൂപീകരിക്കും. ഇവരുടെ സഹായത്താൽ വിദ്യാർത്ഥികൾക്കായി പരിശീലനവും നൽകും.

പ്രായഭേദമന്യേ എല്ലാവരെയും ആകർഷിച്ച ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിന്റെ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ കായിക സംസ്കാരം കോളജുകളിലേക്ക് വ്യാപിപ്പിക്കാൻ 'റൺ ദെം യങ് ' പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് ക്ലിയോസ്പോർട്സ് ഡയറക്ടർ അനീഷ് പോൾ പറഞ്ഞു. പദ്ധതിയിലൂടെ കായിക വിനോദങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ആരോഗ്യമുള്ള മാനസികാവസ്ഥ യുവാക്കളിൽ സൃഷ്ടിച്ചെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

രണ്ട് വർഷത്തിനുള്ളിൽ ഏറെ ഗുണപ്രദമായ 'റൺ ദെം യംഗ് - പരിപാടി സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണ് ക്ലിയോസ്പോർട്സിന്റെ ലക്ഷ്യം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.