Sections

ഫ്രെയർ എനർജിയുമായി സഹകരിച്ച് സോളാർ പവർ സിസ്റ്റം സ്ഥാപിച്ച് അല്ലു സിനിമാസ്  

Tuesday, May 12, 2026
Reported By Admin
Allu Cinemas Installs 727KW Solar Power System in Hyderabad | Major Energy Savings

ഹൈദരാബാദ്: സിനിമാ വ്യവസായ രംഗത്ത് സുസ്ഥിര ഊർജ്ജ മാതൃകയുമായി ഹൈദരാബാദ് കോകാപ്പേട്ടിലെ അല്ലു സിനിമാസ്. പ്രമുഖ റൂഫ്ടോപ്പ് സോളാർ കമ്പനിയായ ഫ്രെയർ എനർജിയുമായി സഹകരിച്ച് 727 കിലോവാട്ട് ശേഷിയുള്ള സോളാർ പവർ സിസ്റ്റം തിയേറ്റർ സമുച്ചയത്തിൽ സ്ഥാപിച്ചു. ഏകദേശം 2.27 കോടി രൂപ നിക്ഷേപത്തിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഇതോടെ തിയേറ്ററിന് ആവശ്യമായ വൈദ്യുതിയുടെ 60 ശതമാനവും സൗരോർജ്ജത്തിൽ നിന്ന് ലഭിക്കും.

ഈ മാറ്റത്തിലൂടെ വൈദ്യുതി ചെലവിൽ വൻ കുറവാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 52 ലക്ഷം രൂപയായിരുന്ന വൈദ്യുതി ബിൽ ഏകദേശം 5 ലക്ഷം രൂപയായി കുറയുന്നതോടെ വർഷം തോറും 77 മുതൽ 80 ലക്ഷം രൂപ വരെ ലാഭിക്കാൻ സിനിമാ സമുച്ചയത്തിന് സാധിക്കും. സാമ്പത്തിക നേട്ടത്തിനൊപ്പം പരിസ്ഥിതി സൗഹൃദമായ ഈ നീക്കം വഴി പ്രതിവർഷം 750 ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കാനും സാധിക്കുമെന്ന് ഫ്രെയർ എനർജി സഹസ്ഥാപക രാധിക ചൗധരി പറഞ്ഞു. സിനിമാ തിയേറ്ററുകൾ പോലെ വലിയ തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് സോളാർ പവർ മികച്ചൊരു സാമ്പത്തിക തീരുമാനമാണെന്നും അവർ കൂട്ടിച്ചേർത്തു.

ക്ലീൻ എനർജി തങ്ങളുടെ പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രശസ്ത നിർമ്മാതാവും അല്ലു സിനിമാസ് ഉടമയുമായ അല്ലു അരവിന്ദ് പ്രതികരിച്ചു. ബിസിനസ് കാര്യക്ഷമത വർധിപ്പിക്കുന്നതിനൊപ്പം മാറുന്ന കാലത്തെ ഊർജ്ജ ആവശ്യങ്ങൾ പരിഗണിച്ചുള്ള ഒരു മുൻകരുതൽ കൂടിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓട്ടോമേറ്റഡ് ക്ലീനിംഗ് സംവിധാനമുൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യയാണ് സോളാർ പാനലുകളുടെ പരിപാലനത്തിനായി ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. വിനോദസഞ്ചാര-വിനോദ മേഖലകളിൽ പുനരുപയോഗ ഊർജ്ജം നടപ്പിലാക്കുന്നതിൽ ഹൈദരാബാദിലെ പുതിയൊരു നാഴികക്കല്ലായാണ് ഈ സംരംഭം വിലയിരുത്തപ്പെടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.