Sections

കെപിഎൽ: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ വീഴ്ത്തി കാലിക്കറ്റ് എഫ്സി

Thursday, Apr 30, 2026
Reported By Admin
Calicut FC Beat Kerala Blasters, Finish Strong in KPL

കോഴിക്കോട്: കേരള പ്രീമിയർ ലീഗ് (കെപിഎൽ) 2025-26 സീസണിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ കാലിക്കറ്റ് എഫ്സിക്ക് വിജയത്തോടെ ഗംഭീര ഫിനിഷ്. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കാലിക്കറ്റ് പരാജയപ്പെടുത്തിയത്. കാലിക്കറ്റിനായി ആന്റണി പൗലോസ് (20'), ജുനൈൻ കടവലത്ത് (35') എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസഗോൾ ഹോകിപ്പിന്റെ (30') വകയായിരുന്നു.

സൂപ്പർ എട്ടിലേക്കുള്ള യോഗ്യത നേരത്തെ തന്നെ ഉറപ്പിച്ചിരുന്ന കാലിക്കറ്റ് എഫ്സി, ഈ മിന്നും വിജയത്തോടെ തങ്ങളുടെ അരങ്ങേറ്റ സീസണിൽ ഗ്രൂപ്പ് എ-യിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ആക്രമണത്തിലൂന്നിയാണ് കാലിക്കറ്റ് എഫ്സി മത്സരം ആരംഭിച്ചത്. നാലാം മിനിറ്റിൽ തന്നെ അവർക്ക് ലീഡ് നേടാൻ അവസരം ലഭിച്ചു. വലത് വിങ്ങിൽ നിന്നുള്ള മുന്നേറ്റത്തിനൊടുവിൽ അജിത് ഉതിർത്ത ഷോട്ട് നിർഭാഗ്യവശാൽ പോസ്റ്റിൽ തട്ടിമടങ്ങുകയായിരുന്നു. എന്നാൽ, 20-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയുടെ പിഴവ് മുതലെടുത്ത് ആന്റണി പൗലോസിലൂടെ കാലിക്കറ്റ് അർഹിച്ച ലീഡ് സ്വന്തമാക്കി. എതിർതാരങ്ങളുടെ ആശയവിനിമയത്തിലുണ്ടായ പാളിച്ചയിൽ നിന്ന് പന്ത് റാഞ്ചിയെടുത്ത ആന്റണി, മികച്ചൊരു ഒറ്റയാൾ മുന്നേറ്റത്തിലൂടെ വല കുലുക്കി.

ഗോൾ വഴങ്ങിയതോടെ ഉണർന്നുകളിച്ച ബ്ലാസ്റ്റേഴ്സ് ശക്തമായി തിരിച്ചടിച്ചു; 30-ാം മിനിറ്റിൽ ഹോകിപ്പിലൂടെ അവർ സമനില പിടിച്ചു. എന്നാൽ ഈ ആവേശം അധികനേരം നീണ്ടുനിന്നില്ല. കൃത്യം അഞ്ച് മിനിറ്റുകൾക്കകം (35') കാലിക്കറ്റ് വീണ്ടും മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. റുവാത നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് ജുനൈൻ എടുത്ത ഷോട്ട്, പോസ്റ്റിൽ ഇടിച്ച് ഗോൾവര കടന്നതോടെ കാലിക്കറ്റ് ലീഡ് തിരിച്ചുപിടിച്ചു (2-1).

രണ്ടാം പകുതിയിൽ സമനില ഗോളിനായി ബ്ലാസ്റ്റേഴ്സ് നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടു. മറുഭാഗത്ത് ലീഡ് ഉയർത്താൻ കാലിക്കറ്റും ശ്രമിച്ചതോടെ മത്സരം ആവേശകരമായി. അവസാന ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് സമനിലയ്ക്കായി പൊരുതിയെങ്കിലും, കാലിക്കറ്റിന്റെ പ്രതിരോധക്കോട്ട ഭേദിക്കാൻ അവർക്ക് കഴിഞ്ഞില്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.