Sections

ഇന്ത്യൻ മരുന്നുകളിലെ വിശ്വാസം വളർത്താൻ ലക്ഷ്യമിട്ട് 'ചിന്തൻ ശിവിർ' 

Wednesday, Feb 15, 2023
Reported By admin
india

പ്രശ്നങ്ങളും വെല്ലുവിളികളും കണ്ടെത്തി പരിഹാര മാര്ഗങ്ങളും ചർച്ചയിൽ ഉൾപ്പെടുത്തും


ആഗോളതലത്തിൽ ആഭ്യന്തര, കയറ്റുമതി വിപണികളിൽ ഇന്ത്യൻ മരുന്നുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയിൽ വിശ്വാസം വളർത്തുന്നതിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനും, അവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും, നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി ഫെബ്രുവരി 26 മുതൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം, രണ്ട് ദിവസത്തെ 'ചിന്തൻ ശിവിർ' സംഘടിപ്പിക്കുമെന്ന് അറിയിച്ചു. ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ യുഎസിലും ഇന്ത്യയിലും കാഴ്ച നഷ്ടവുമായി ബന്ധപ്പെട്ട ധാരാളം കണ്ണ് തുള്ളി മരുന്നുകൾ പിൻവലിച്ച സാഹചര്യത്തിലാണ് ഈ നടപടി. ഈ സംഭവത്തെ തുടർന്ന്, ചില ഇന്ത്യൻ മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ്, ഇങ്ങനെ ഒരു തീരുമാനവുമായി ആരോഗ്യ മന്ത്രാലായം മുന്നോട്ടു വന്നത്.

'ഡ്രഗ്സ്: ക്വാളിറ്റി റെഗുലേഷനുകളും എൻഫോഴ്സ്മെന്റും' എന്ന വിഷയത്തിൽ ഒരു 'ചിന്തൻ ശിവിർ' സംഘടിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഓദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. അടുത്തിടെയായി ഗാംബിയയിലെയും ഉസ്ബെക്കിസ്ഥാനിലെയും കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ചില ചുമ സിറപ്പുകളുടെ വിതരണവും വിൽപ്പനയും മന്ത്രാലയം നിർത്തലാക്കി. ഹൈദരാബാദിലെ ഫാർമസ്യൂട്ടിക്കൽസ് വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന പരിപാടിയിൽ, ആരോഗ്യ രംഗത്തെ വിദഗ്ധരും ഉദ്യോഗസ്ഥരും, മരുന്നുകളുടെ ഗുണനിലവാര നിയന്ത്രണത്തിലെ പ്രവചനാത്മകതയും സുതാര്യതയും, ഉത്തരവാദിത്തവും അവലോകനം ചെയ്യും. ഇന്ത്യൻ ഫാർമകോപ്പിയ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും, അതോടൊപ്പം ഫാർമകോവിജിലൻസിനായി ശക്തമായ ശൃംഖല വികസിപ്പിക്കുകയും, മെട്രിവിജിലൻസ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഏകീകൃതവും ഫലപ്രദവുമായ നിയന്ത്രണത്തിനുള്ള ഡിജിറ്റൽ ടൂളുകളുടെ പരിചയപ്പെടുത്തലും ചടങ്ങിൽ നടക്കും. ആഭ്യന്തര, ആഗോള വിപണികളിൽ ഇന്ത്യൻ മരുന്നുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ഗുണനിലവാരത്തിൽ വിശ്വാസവും ആത്മവിശ്വാസവും വളർത്തിയെടുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഗുണനിലവാരം, സുരക്ഷ, കാര്യക്ഷമത എന്നിവ ഉറപ്പുവരുത്തുന്നതിനായി ഫീൽഡ് തലത്തിൽ ഫലപ്രദമായ നിർവ്വഹണത്തെക്കുറിച്ചും വിദഗ്ധർ ആലോചിക്കും. വ്യാജവും മായം കലർന്നതും നിലവാരമില്ലാത്തതുമായ മരുന്നുകൾ കൈകാര്യം ചെയ്യുന്നതിനുള്ള നിലവിലെ എൻഫോഴ്സ്മെന്റ് സംവിധാനത്തെക്കുറിച്ചും, കൂടുതൽ ഏകോപനത്തിന്റെ ആവശ്യകതയെക്കുറിച്ചും ചർച്ചകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളും കേന്ദ്രവും നടപ്പാക്കുന്നതിലെ പ്രശ്നങ്ങളും വെല്ലുവിളികളും കണ്ടെത്തി പരിഹാര മാര്ഗങ്ങളും ചർച്ചയിൽ ഉൾപ്പെടുത്തും, എന്ന് ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

ഓൺലൈൻ നാഷണൽ ഡ്രഗ് ലൈസൻസിംഗ് പോർട്ടൽ (NDLS) പോലെയുള്ള എല്ലാ നിയന്ത്രണ പ്രവർത്തനങ്ങൾക്കുമായി ഒരു ഏകീകൃത ഐടി പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യും. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) ആണ് റെഗുലേറ്ററി അതോറിറ്റി, ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിനും അതിനനുസരിച്ചുള്ള നിയമങ്ങൾക്കും കീഴിൽ, പുതിയ മരുന്നുകളുടെ അംഗീകാരം, ക്ലിനിക്കൽ പരീക്ഷണങ്ങൾ, രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം നിയന്ത്രിക്കൽ എന്നിവയ്ക്ക് ഉത്തരവാദിത്തമുണ്ട്. പ്രസ്തുത നിയമം നടപ്പിലാക്കുന്നതിൽ ഏകീകൃതത കൊണ്ടുവരുന്നതിന് വിദഗ്ധോപദേശം നൽകിക്കൊണ്ട് സംസ്ഥാന ഡ്രഗ് കൺട്രോൾ ഓർഗനൈസേഷനുകളുടെ പ്രവർത്തനങ്ങളുടെ ഏകോപനം എന്നിവ നിരീക്ഷിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.