Sections

ശിശുദിനത്തിൽ വാട്ടർ മെട്രോ യാത്ര ആസ്വദിച്ച് അവയവമാറ്റം ചെയ്ത കുട്ടികൾ

Friday, Nov 17, 2023
Reported By Admin
Water Metro

കൊച്ചി: ഒരു വയസുകാരി ഇഷ മെഹറിൻ, പതിമൂന്നുകാരൻ ആദിൽ മുഹമ്മദ്, ഒൻപതു വയസുകാരി പാർവ്വതി ഷിനു, ആറു വയസുകാരൻ ഹെനോക് ഹർഷൻ, ഒൻപതു വയസുകാരി ആൻ മരിയ, എന്നിവരോടൊപ്പം ഇരുപത്തിമൂന്നുകാരി അഞ്ജലിയും ഈ ശിശുദിനത്തിൽ ഒത്തുചേർന്നത് ഒരു ലക്ഷ്യത്തിനായാണ്. ഡിസംബർ ഒൻപതിന് ഹാർട്ട് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ട്രാൻസ്പ്ലാന്റ് ഗെയിംസിന്റെ ഭാഗമായി ഹൈക്കോടതി ജെട്ടിയിൽ നിന്നും വൈപ്പിൻ വരെയും തിരിച്ചുമുള്ള വാട്ടർ മെട്രോ യാത്രയിൽ പങ്കെടുത്തുകൊണ്ട് അവയവ ദാനമെന്ന മഹത്തായ സന്ദേശമാണ് ഈ കുട്ടികൾ സമൂഹത്തിന് പകർന്നത്. പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള കുട്ടികൾക്ക് ആശംസകളുമായി ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാനും പ്രമുഖ ഹൃദ്രോഗ വിദഗ്ധനുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ട്രസ്റ്റി ഡോ. ജേക്കബ് എബ്രഹാം എന്നിവരുമെത്തി. മിക്കവരും ഇതാദ്യമായാണ് വാട്ടർ മെട്രോയിൽ യാത്ര ചെയ്യുന്നത്.

പട്ടാമ്പി പട്ടിത്തറ കാടംകുളത്ത് സ്വദേശികളായ ഷമീറിന്റെയും, റജീനയുടെയും ഇളയമകൾ ഒരു വയസുകാരി ഇഷ മെഹറിൻ, കൊടുങ്ങല്ലൂർ കയ്പ്പമംഗലം സ്വദേശികളായ നവാസ്, റിൽസ ദാമ്പദികളുടെ മകൻ പതിമൂന്നുകാരൻ ആദിൽ മുഹമ്മദ്, ചാലക്കുടി പരിയാരം സ്വദേശികളായ ഷേർളിയുടെയും ബിജുവിന്റെയും മൂന്ന് മക്കളിൽ രണ്ടാമത്തെയാൾ ഒൻപത് വയസുകാരി ആൻ മരിയ, ആലപ്പുഴ വാടയ്ക്കൽ ഹർഷൻ -ഡയാന ദാമ്പതികളുടെ ഇളയമകൻ ആറുവയസുകാരൻ ഹെനോക്, ഇരിങ്ങാലക്കുട കാറളം സ്വദേശികളായ സുരേഷ്, സ്മിത ദമ്പതികളുടെ മൂത്ത മകൾ ഇരുപത്തിമൂന്നുകാരി അഞ്ജലി പി.എസ് എന്നിവർ കരൾമാറ്റത്തിന് വിധേയരായവരാണ്. പത്താക്ലാസിൽ പഠിക്കുമ്പോഴാണ് അഞ്ജലിക്ക് അമ്മ സ്മിതയുടെ കരൾ മാറ്റിവെച്ചത്. കുഫോസിൽ നിന്ന് മറൈൻ മൈക്രോ ബയോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി പിഎച്ച്ഡിക്കുള്ള തയ്യാറെടുപ്പിലാണ് അഞ്ജലിയിപ്പോൾ. തൃശൂർ ചെമ്പൂച്ചിറ സ്വദേശികളായ ഷിനു, സരിത ദമ്പതികളുടെ മകൾ ഒൻപത്  വയസുകാരി പാർവതിക്ക് ഒന്നര വയസിലാണ് കരളും, വൃക്കയും മാറ്റിവെക്കേണ്ടി വന്നത്. ഇപ്പോൾ ചെമ്പൂച്ചിറ ജിഎച്ച്എസ്എസിൽ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് പാർവ്വതി.

Heart Care Foundation

രക്ഷിതാക്കൾക്കും ഹാർട്ട് കെയർ ഫൗണ്ടേഷൻ അംഗങ്ങൾക്കുമൊപ്പം വേമ്പനാട് കായലിന്റെ ഓളപ്പരപ്പിൽ ആടിയുലഞ്ഞ് പ്രകൃതിരമണീയമായ കാഴ്ചകൾ കണ്ടുള്ള വാട്ടർ മെട്രോ യാത്ര കുട്ടികൾ ഏറെ ആസ്വദിച്ചു. അവയവമാറ്റമെന്ന മഹത്തായ സന്ദേശം പകരനായുള്ള ഈ ഉദ്യമത്തിൽ അണിചേരാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് കൂട്ടത്തിൽ മുതിർന്നയാളായ അഞ്ജലി പറഞ്ഞു. അവയവം ദാനം ചെയ്യാൻ തയ്യാറായവരുടെ കാരുണ്യത്തിലാണ് തങ്ങളിന്ന് ഇവിടെ നിൽക്കുന്നതെന്നും അവൾ പറഞ്ഞു.

ഡിസംബർ 9-ന് കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയം, കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ലുലുമാൾ എന്നിവിടങ്ങളിലായാണ് ട്രാൻസ്പ്ലാന്റ് ഗെയിംസ് നടക്കുക. അവയവദാതാക്കളും സ്വീകർത്താക്കളും മരണാനന്തരം അവയവദാനം നടത്തിയവരുടെ ബന്ധുക്കളുമാണ് ഗെയിംസിൽ പങ്കെടുക്കുക. ഗെയിംസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് www.transplantgameskerala.com എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഗെയിംസിൽ സന്നദ്ധസേവനം ചെയ്യാൻ താൽപര്യമുള്ളവർക്കും വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക- വിനു ബാബുരാജ്- +91 8075492364,9847006000

ഫോട്ടോ കാപ്ഷൻ:
ട്രാൻസ്പ്ലാന്റ് ഗെയിംസിനോടനുബന്ധിച്ച് അവയവമാറ്റ ശസ്ത്രക്രീയയ്ക്ക് വിധേയരായ കുട്ടികളോടൊപ്പം ഹാർട്ട് കെയർ ഫൗണ്ടേഷൻ ശിശുദിനത്തിൽ സംഘടിപ്പിച്ച വാട്ടർമെട്രോ യാത്രയിൽ കുട്ടികളോടൊപ്പം, ഫൗണ്ടേഷൻ ചെയർമാനും പ്രമുഖ ഹൃദ്രോഗ വിദഗ്ധനുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ട്രസ്റ്റി ഡോ. ജേക്കബ് എബ്രഹാം എന്നിവർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.