Sections

ഞങ്ങളും കൃഷിയിലേക്ക്; കുട്ടിക്കര്‍ഷകര്‍ വിളവെടുപ്പ് നടത്തി

Wednesday, Oct 12, 2022
Reported By admin
harvest

പച്ചക്കറി തൈകള്‍ കൃഷി വകുപ്പില്‍ നിന്ന് സൗജന്യമായി നല്‍കിയിരുന്നു

 

കാര്‍ഷിക കേരളത്തിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് 'ഞങ്ങളും കൃഷിയിലേക്ക്'. പിണറായി സര്‍ക്കാരിന്റെ രണ്ടാം 100 ദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭക്ഷ്യ സ്വയംപര്യാപ്തതയും സുരക്ഷിത ഭക്ഷ്യ ഉല്പാദനത്തിനുമായി കുടുംബങ്ങളെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ടാണ് സംസ്ഥാന കൃഷിവകുപ്പ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെയും ഹോട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയുടെയും ഭാഗമായി കോട്ടയം കൂരോപ്പട പഞ്ചായത്തിലെ ളാക്കാട്ടൂര്‍ എംജിഎംഎന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച പച്ചക്കറി കൃഷിയുടെയും പൂക്കൃഷിയുടെയും വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാന്‍ നിര്‍വഹിച്ചു. സ്‌കൂളിലെ 50 സെന്റ് സ്ഥലത്ത് വിദ്യാര്‍ഥികള്‍ നട്ടു വളര്‍ത്തിയ വഴുതന, വെണ്ട, പച്ചമുളക്, ചീര, തക്കാളി എന്നീ പച്ചക്കറികളുടെ വിഴവെടുപ്പാണ് നടന്നത്.

കുട്ടികള്‍ക്കിടയില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൈവവളങ്ങളായ ജീവാമൃതം, പഞ്ചദ്രവ്യം, ഗോമൂത്രം എന്നിവയാണ് പ്രധാനമായും ഉപയോഗിച്ചത്. കുട്ടിച്ചന്ത വഴി വിറ്റഴിക്കുന്ന ഈ ജൈവ പച്ചക്കറിക്ക് ആവശ്യക്കാരും ഏറെയാണെന്ന് കൃഷി ഓഫീസര്‍ ടി.ആര്‍ സൂര്യ മോള്‍ പറഞ്ഞു.

പുഷ്പകൃഷിയില്‍ ആഫ്രിക്കന്‍ മാരി ഗോള്‍ഡ് ഇനത്തില്‍ പെടുന്ന മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ജമന്തിയും ബന്ദിയുമാണ് കൃഷി ചെയ്തത്. ഇന്നലെ വിളവെടുത്ത പൂക്കള്‍ ളാക്കാട്ടൂരിലെ ശിവപാര്‍വതി ക്ഷേത്രത്തിന് നല്‍കി. ഏഴുകിലോയോളം പൂക്കളാണ് ഇന്നലെ വിളവെടുത്തത്. കിലോയ്ക്ക് 150 രൂപ നിരക്കിലാണ് നല്‍കിയത്.

പച്ചക്കറി തൈകള്‍ കൃഷി വകുപ്പില്‍ നിന്ന് സൗജന്യമായി നല്‍കിയിരുന്നു. ഇത് കൂടാതെ കൃഷി വികസിപ്പിക്കുന്നതിനായി കൃഷി വകുപ്പിന്റെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഗാര്‍ഡന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 70,000 രൂപയുടെ പ്രൊജക്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും, പൂക്കൃഷിക്ക് ഹോട്ടികള്‍ച്ചര്‍ മിഷന്റെ സബ്‌സിഡി ലഭ്യമാക്കുമെന്നും കൃഷി ഓഫീസര്‍ പറഞ്ഞു. കാബേജ്, കോളിഫ്‌ളവര്‍, ബീന്‍സ് എന്നിവയുടെ കൃഷിയും പുതുതായി കുട്ടികള്‍ ആരംഭിച്ചിട്ടുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.