Sections

ഇന്ത്യൻ ഉള്ളടക്ക സൃഷ്ടി പ്രോത്സാഹിപ്പിക്കുന്നതിനും നാടൻ കഥപറച്ചിൽ പാരമ്പര്യങ്ങൾ പ്രകീർത്തിക്കുന്നതിനുമായി പബ്ലിക്കേഷൻസ് ഡിവിഷൻ ഛോട്ടാ ഭീം കോമിക് പരമ്പര ആരംഭിച്ചു

Monday, Aug 11, 2025
Reported By Admin
Chhota Bheem Comic Series Launched in New Delhi

ഇന്ത്യൻ ഉള്ളടക്ക സൃഷ്ടി പ്രോത്സാഹിപ്പിക്കുന്നതിനും, സാംസ്കാരികമായി വേരൂന്നിയ ആഖ്യാനങ്ങൾ യുവ വായനക്കാരിലേക്ക് എത്തിക്കുന്നതിനുമുള്ള പ്രതിബദ്ധത വീണ്ടുമുറപ്പിച്ചുകൊണ്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ പ്രസിദ്ധീകരണ വിഭാഗം ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഏറ്റവും പുതിയ ഛോട്ടാ ഭീം കോമിക് പരമ്പര പുറത്തിറക്കി. രാജ്യത്തെ ഏറ്റവും മികച്ച കുട്ടി കഥാപാത്രങ്ങളിൽ ഒന്നായ ഛോട്ടാ ഭീമിന്റെ സൃഷ്ടിപരമായ യാത്രയെയും പ്രമേയങ്ങളെയും കുറിച്ചുള്ള ഒരു ചർച്ച അനാച്ഛാദന ചടങ്ങിൽ നടന്നു.

നമ്മൾ പറയുന്ന, പ്രത്യേകിച്ച് നമ്മുടെ കുട്ടികളോട് പറയുന്ന കഥകൾക്ക് ഒരു ഇന്ത്യൻ ബന്ധം ഉണ്ടായിരിക്കണമെന്ന് ചടങ്ങിൽ സംസാരിക്കവെ കേന്ദ്ര പബ്ലിക്കേഷൻസ് ഡിവിഷൻ പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ഭൂപേന്ദ്ര കൈന്തോള പറഞ്ഞു, 'നമ്മുടെ മുത്തശ്ശിമാർ ഇന്ത്യൻ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ച് കഥകൾ പറഞ്ഞിരുന്ന നമ്മുടേതുപോലുള്ള ഒരു നാട്ടിൽ, പബ്ലിക്കേഷൻസ് ഡിവിഷന് ആ കഥപറച്ചിൽ പാരമ്പര്യങ്ങളിലേക്ക് നോക്കിയേ മതിയാകൂ. നമ്മൾ അവരെക്കുറിച്ച് മാതൃഭാഷയിൽ കൂടുതൽ സംസാരിക്കും തോറും നമ്മുടെ പുതുതലമുറയുടെ വളർച്ചയുടെ കഥ കൂടുതൽ വേരൂന്നിയതായിരിക്കും. ഇന്ത്യൻ കഥകൾ മൂല്യങ്ങളുടെയും ധൈര്യത്തിന്റെയും സന്ദേശം നൽകുമ്പോൾ, അവ എല്ലാ കോണുകളിലും എത്തണം.'

ഗ്രീൻ ഗോൾഡ് ആനിമേഷൻ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ കോമിക് പരമ്പര, ധോലക്പൂർ എന്ന സാങ്കൽപ്പിക രാജ്യത്തിലെ ധീരനും ദയയുള്ളവനുമായ ഭീമിന്റെ സാഹസികതകളെ പിന്തുടരുന്നു. അസാധാരണമായ കരുത്തിന് പേരുകേട്ട ഭീം, സൗഹൃദം, ധൈര്യം, സംഘപ്രവർത്തനം, ഇന്ത്യൻ സംസ്കാരത്തിൽ നിന്നും നാടോടിക്കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ധാർമ്മിക മൂല്യങ്ങൾ എന്നിവയെ ഉൾക്കൊള്ളുന്നു.

'വേവ്സ് 2025 പോലുള്ള സംരംഭങ്ങളിലൂടെ ആനിമേഷൻ, ദൃശ്യപ്രഭാവം, ഗെയിമിംഗ്, കോമിക്സ് എന്നിവയിലെ ഇന്ത്യൻ ഉള്ളടക്ക സൃഷ്ടിയെ കേന്ദ്ര സർക്കാർ സജീവമായി പ്രോത്സാഹിപ്പിച്ചുവരുന്നതായി ഗ്രീൻ ഗോൾഡ് ആനിമേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും സിഇഒയുമായ രാജീവ് ചിലാക്ക പറഞ്ഞു. തുടർച്ചയായ ഈ പിന്തുണയോടെ, ഈ മേഖലകളിൽ ഇന്ത്യ ഒരു ആഗോള നേതൃരാജ്യമായി ഉയർന്നുവരാൻ ഒരുങ്ങിയിരിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നതും ആഭ്യന്തര പ്രേക്ഷകരെ ആകർഷിക്കുന്നതുമായ ഉള്ളടക്കത്തിലൂടെ ഇന്ത്യയുടെ സർഗ്ഗാത്മക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്ത് മുംബൈയിൽ നടന്ന വേവ്സ് ഉച്ചകോടിയിൽ ഊന്നിപ്പറഞ്ഞ ദർശനത്തിന്റെ പ്രതിഫലനമാണ് ഛോട്ടാ ഭീം കോമിക് പരമ്പരയുടെ പ്രകാശനം. തലമുറകൾക്കിടയിലുള്ള ആകർഷണീയതയോടെ, പുസ്തകങ്ങൾ, ആനിമേഷൻ, സിനിമകൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവയിലുടനീളം ഇന്ത്യൻ ആഖ്യാനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന വലിയ ദേശീയ ലക്ഷ്യത്തിലേക്ക് സംഭാവന ചെയ്യുന്നതിനൊപ്പം ബാലസാഹിത്യത്തെ സമ്പന്നമാക്കാനും ഈ പരമ്പര ഒരുങ്ങിയിരിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.