Sections

സിമന്റ് വില കുതിക്കുന്നു

Saturday, Nov 12, 2022
Reported By MANU KILIMANOOR

ഇന്ധന വില വര്‍ദ്ധനവാണ് സിമന്റ് വില കുത്തനെ ഉയരാന്‍ കാരണമായത്

ഒരു വര്‍ഷത്തിനിടയില്‍ ഒരു ചാക്ക് സിമന്റിന്റെ വില  നൂറ് രൂപയിലധികമാണ് വര്‍ധിച്ചത്. രണ്ടുമാസത്തിനിടയിലെ വര്‍ധന മുപ്പതിലധികം രൂപ. കോവിഡിനുശേഷം നിര്‍മാണമേഖല സജീവമായതോടെയാണ് സിമന്റ് വില ഉയരാന്‍ തുടങ്ങിയത്. കമ്പി ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വിലയും കുതിക്കാന്‍ തുടങ്ങിയതോടെ നിര്‍മാണമേഖല കടുത്ത പ്രതിസന്ധിയിലായിരിക്കുന്നു.

വീട് നിര്‍മാണം നടത്തുന്ന സാധാരണക്കാരെയും വന്‍കിട കരാറുകാരെയും നിര്‍മാണസാമഗ്രികളുടെ വിലക്കയറ്റം ഒരുപോലെ ബാധിച്ചു. കോണ്‍ക്രീറ്റ് കട്ടകള്‍, ഇന്റര്‍ലോക്ക് തുടങ്ങിയവയുടെ നിര്‍മാണവും തളര്‍ച്ചയിലായി.50 കിലോ സിമന്റ് ചാക്കിന്റെ ശരാശരി ചില്ലറവില ഇപ്പോള്‍ 450 രൂപയോളം. ഇതേരീതിയില്‍ വില ഉയര്‍ന്നാല്‍ അടുത്തമാസത്തോടെ 500 രൂപയിലെത്തുമെന്ന് വ്യാപാരികള്‍ പറയുന്നു. ചില ബ്രാന്‍ഡുകളുടെ വിലയില്‍ കഴിഞ്ഞമാസം നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും ഇപ്പോള്‍ വീണ്ടും പഴയ നിലയിലെത്തി. ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള എ.സി.സി. സിമന്റിനാണ് ഏറ്റവും ഉയര്‍ന്ന വില.

കല്‍ക്കരി, വൈദ്യുതി, ഡീസല്‍ എന്നിവയുടെ നിരക്ക് വന്‍തോതില്‍ വര്‍ധിച്ചതാണ് സിമന്റ് വില കുത്തനെ ഉയരാന്‍ കാരണമായതായി കമ്പനികള്‍ പറയുന്നതെന്ന് സിമന്റ് മൊത്ത വ്യാപാരികളായ കെ.കെ.അബ്ദുള്‍ നാസറും റോബിന്‍ ജോസഫും പറയുന്നു. ആന്ധ്രയില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമാണ് സിമന്റ് കൂടുതലും കേരളത്തിലെത്തുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.