Sections

2026 കാൻഡിയർ ഹുറുൺ വുമൺ ലീഡേഴ്സ് പട്ടിക പുറത്തിറങ്ങി

Saturday, Aug 01, 2026
Reported By Admin
Candere Hurun India Women Leaders List 2026 Released

  • രാജ്യത്തിൻറെ കരുത്തായി 117 വനിതകൾ

ന്യൂഡൽഹി: കല്യാൺ ജൂവലേഴ്സിൻറെ കാൻഡിയറും ഹുറുൺ ഇന്ത്യയും സംയുക്തമായി '2026 കാൻഡിയർ ഹുറുൺ ഇന്ത്യ വുമൺ ലീഡേഴ്സ് ലിസ്റ്റ്' പുറത്തിറക്കി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 117 പ്രമുഖ ഇന്ത്യൻ വനിതകളെയാണ് ഈ വർഷത്തെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്കാരം, സമ്പത്ത് സൃഷ്ടിക്കൽ, മൂല്യനിർമ്മാണം, സ്റ്റാർട്ടപ്പുകൾ, സാമൂഹിക സ്വാധീനം എന്നീ അഞ്ച് പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി 12 വിഭാഗങ്ങളിലായാണ് ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്. പട്ടികയിലുള്ളവരുടെ സംരംഭങ്ങളുടെ മൊത്തം മൂല്യം 39 ലക്ഷം കോടി രൂപ വരും. ഇത് ഫിൻലാൻഡിന്റെ ജിഡിപിയേക്കാൾ കൂടുതലാണ് എന്നത് ഈ നേട്ടത്തിൻറെ വ്യാപ്തി വ്യക്തമാക്കുന്നു.

പട്ടികയിൽ, പത്തൊൻപതുകാരിയായ പാരാ ആർച്ചർ ശീതൾ ദേവിയാണ് ഏറ്റവും പ്രായം കുറഞ്ഞ വനിത. 86-കാരിയായ പ്രമുഖ സംരംഭക രജനി ബെക്ടറാണ് ഏറ്റവും പ്രായം കൂടിയ വ്യക്തി. കിരൺ മജുംദാർ-ഷാ, റോഷ്നി നാടാർ മൽഹോത്ര, ഫൽഗുനി നായർ, സുധാമൂർത്തി തുടങ്ങിയ പ്രമുഖ വ്യവസായ-സാമൂഹിക വ്യക്തിത്വങ്ങളും പി.വി സിന്ധു, മേരി കോം, മനു ഭാക്കർ തുടങ്ങിയ കായിക താരങ്ങളും ഫേ ഡിസൂസയെപ്പോലുള്ള മാധ്യമപ്രവർത്തകരും ഈ വർഷത്തെ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. ശ്രദ്ധേയമായ മറ്റൊരു കാര്യം, പട്ടികയിൽ ഉൾപ്പെട്ട 117 പേരിൽ 98 പേരും സ്വന്തം പ്രയത്നത്തിലൂടെ ഉന്നതവിജയം കരസ്ഥമാക്കിയവരാണ് എന്നതാണ്. എഴുത്തുകാരായ കെആർ മീര, അനിത നായർ, പത്രപ്രവർത്തക ധന്യ രാജേന്ദ്രൻ, സംരംഭക നൗറീൻ ആയിഷ എന്നിവരും പട്ടികയിലുണ്ട്

തങ്ങളുടെ നേതൃപാടവത്തിലൂടെയും നേട്ടങ്ങളിലൂടെയും സ്വാധീനത്തിലൂടെയും ഇന്ത്യൻ സമൂഹത്തിൽ അർത്ഥവത്തായ മാറ്റങ്ങൾ കൊണ്ടുവരുന്ന വനിതകളുടെ നേട്ടങ്ങളെ അംഗീകരിക്കുകയും വരുംതലമുറകൾക്ക് മാതൃകയാവുകയും ചെയ്യുക എന്നതാണ് ഈ വാർഷിക പട്ടികയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് കാൻഡിയർ മാനേജിംഗ് ഡയറക്ടർ സഞ്ജയ് രഘുരാമൻ പറഞ്ഞു.

നേതൃത്വം എന്നത് കേവലം ബോർഡ് റൂമുകളിൽ മാത്രം ഒതുങ്ങുന്നില്ലെന്നും, അത് കായികതാരങ്ങൾ എഴുത്തുകാർ, പത്രപ്രവർത്തകർ, സാമൂഹിക മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവർ എന്നിവരിലേക്കും നീളുന്നതാണെന്നും ഹുറുൺ ഇന്ത്യയുടെ സ്ഥാപകനും ചീഫ് റിസർച്ചറുമായ അനസ് റഹ്മാൻ ജുനൈദ് വ്യക്തമാക്കി. പാരമ്പര്യമായി ലഭിക്കുന്നതിനേക്കാൾ സ്വന്തം പ്രയത്നത്തിലൂടെ നേതൃനിരയിലേക്ക് ഉയർന്നുവരുന്നവരാണ് ഇന്നത്തെ ഇന്ത്യയിലുള്ളത് എന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ പട്ടികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.