- Trending Now:
FT: കേരള പോലീസ് 1 - 3 കാലിക്കറ്റ് എഫ് സി
തൃശൂർ: തോൽവിയറിയാതെ കുതിക്കുകയായിരുന്ന കേരള പൊലീസിന്റെ അശ്വമേധത്തിന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ബ്രേക്കിട്ട് കാലിക്കറ്റ് എഫ്സി. കേരള പ്രീമിയർ ലീഗ് (KPL) 2025-26 സൂപ്പർ 8 പോരാട്ടത്തിൽ, കാലിക്കറ്റ് എഫ്സിയുടെ ജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്.
ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം തകർപ്പൻ തിരിച്ചുവരവ് നടത്തിയണ് കാലിക്കറ്റ് എഫ്സി വിലപ്പെട്ട മൂന്ന് പോയിന്റുകൾ സ്വന്തമാക്കിയത്. പകരക്കാരനായി ഇറങ്ങി കളിയുടെ ഗതി തന്നെ മാറ്റിമറിച്ച മഞ്ചേരിക്കാരൻ അർജുൻ ജയരാജാണ് കാലിക്കറ്റിന്റെ വിജയശില്പി. സൂപ്പർ 8-ൽ കളിച്ച നാല് മത്സരങ്ങളിലും വിജയക്കൊടി പാറിച്ച കാലിക്കറ്റ് എഫ്സി 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമതായി തുടരുകയാണ്.
കേരള പോലീസിനായി പുഞ്ചിരി എന്ന സജീഷ് (43'), കാലിക്കറ്റ് എഫ്സിക്കായി യോട്ടോ ലോഹെ (53'), ആന്റണി പൗലോസ് (79'), അർജുൻ ജയരാജ് (90+3') എന്നിവർ ഗോൾ നേടി. പകരക്കാരുടെ കുപ്പായത്തിലെത്തിയ അർജുൻ ജയരാജ് ഒരു ഗോളും ഒരു അസിസ്റ്റുമായി ടീമിന്റെ വിജയശില്പിയായി. മത്സരത്തിലെ മികച്ച താരമായി കാലിക്കറ്റ് എഫ്സിയുടെ അരുൺ കുമാറും തിരഞ്ഞെടുക്കപ്പെട്ടു.
മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റിൽ ഗനി നിഗത്തിന് കാലിക്കറ്റ് എഫ്സിയെ മുന്നിലെത്തിക്കാനുള്ള സുവർണാവസരം ലഭിച്ചു. മധ്യനിരയിൽ നിന്നും ലാൽസൗമ്പുതിയ ഇന്റർസെപ്റ്റ് ചെയ്ത പന്ത് എത്തിയത് ഗനിയുടെ കാലിൽ. പന്തുമായി കേരള പൊലീസിന്റെ പ്രതിരോധനിരയെ മറികടന്ന് കുതിച്ച താരമെടുത്ത ഷോട്ട് പക്ഷെ ഗോൾകീപ്പർ തട്ടിയകറ്റി.പിന്നീട് ഇരു ടീമുകളും ഇഞ്ചോടിഞ്ച് പൊരുതുന്നതാണ് തൃശൂരിലെ മൈതാനം കണ്ടത്.
ഒടുവിൽ 43-ാം മിനിറ്റിൽ കേരള പൊലീസ് ആദ്യ വെടി പൊട്ടിച്ചു. വിങ്ങിലൂടെ കുതിച്ച ഷബാസ് പന്ത് മനോജ് മഞ്ജുനാഥിന് കൈമാറി. മനോജ് ബോക്സിലേക്ക് നൽകിയ മനോഹരമായ ക്രോസ്, മാർക്ക് ചെയ്യപ്പെടാതെ നിന്ന സജീഷ് (പുഞ്ചിരി) അനായാസം വലയിലാക്കി പൊലീസിനെ മുന്നിലെത്തിച്ചു. ആദ്യപകുതി അവസാനിക്കുമ്പോൾ കേരള പൊലീസിന് ഒരു ഗോളിന്റെ ലീഡ്!
ആദ്യ പകുതിയിൽ വഴങ്ങിയ ഗോൾ നൽകിയ നിരാശയിൽ നിന്നും കരകയറിയാണ് കാലിക്കറ്റ് എഫ്സി മത്സരത്തിന്റെ രണ്ടാം പകുതിയെ സമീപിച്ചത്. മത്സരം തുടങ്ങി മിനിറ്റുകൾക്കുള്ളിൽ യോട്ടോ ലോഹെയിലൂടെ ടീം സമനില പിടിച്ചു. വിങ്ങിലൂടെ മുന്നേറിയ രാഹുൽ വേണു ബോക്സിലേക്ക് നൽകിയ ലോ ക്രോസ് യോട്ടെ ഗോളിലേക്ക് വഴിതിരിച്ചു വിട്ടു. സമനില ഗോൾ നേടിയതോടെ, കാലിക്കറ്റ് എഫ്സി ഗിയർ മാറ്റി. മത്സരത്തിന്റെ കടിഞ്ഞാൺ കയ്യിലെടുത്ത ടീം കളിയുടെ ഗതി നിയന്ത്രിച്ചു.
പകരക്കാരുടെ ബെഞ്ചിൽ നിന്നുമെത്തിയ അർജുൻ ജയരാജ് കളിയുടെ കടിഞ്ഞാൺ ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അറുപത്തിയഞ്ചാം മിനിറ്റിൽ താരമെടുത്ത എടുത്ത കോർണർ പൊലീസ് ടീമിന്റെ ബോക്സിൽ ഭീതിയുണ്ടാക്കിയെങ്കിലും പക്ഷെ, ലക്ഷ്യത്തിലെത്തിക്കാൻ സഹതാരങ്ങൾക്ക് സാധിച്ചില്ല. മൂന്ന് മിനിട്ടുകൾക്ക് ശേഷം, അർജുൻ തന്നെ എടുത്ത കോർണറിന് ലോഹെ തലവെച്ചെങ്കിലും ക്രോസ്ബാറിൽ തട്ടി ഗോൾകീപ്പറുടെ കയ്യിലെത്തിയത് നിരാശയായി.
എന്നാൽ കോർണർ കിക്കുകളിലൂടെയുള്ള അർജുന്റെ നിരന്തരമായ ആക്രമണങ്ങൾക്ക് 79-ാം മിനിറ്റിൽ ഫലം കണ്ടു. താരമെടുത്ത കോർണർ ഫാർ പോസ്റ്റിൽ കാത്തുനിന്ന ആന്റണി പൗലോസിന്റെ കാലുകളിലേക്ക്. ഒരു കിടിലൻ ഷോട്ടിലൂടെ ആന്റണി പന്ത് വലയിലാക്കി കാലിക്കറ്റിന് ലീഡ് സമ്മാനിച്ചു. ഇഞ്ചുറി ടൈമിൽ (90+3') പൊലീസ് പ്രതിരോധത്തെ കാഴ്ചക്കാരാക്കി ബോക്സിൽ വെച്ച് ആന്റണി നൽകിയ പാസിൽ നിന്നും അർജുൻ ജയരാജ് കൂടി ഗോൾ നേടിയതോടെ കാലിക്കറ്റിന്റെ ഐതിഹാസിക തിരിച്ചുവരവ് പൂർത്തിയായി.
മെയ് 22-ന് വൈകീട്ട് 5 മണിക്ക് റിയൽ മലബാർ എഫ്സിക്കെതിരെയാണ് കാലിക്കറ്റ് എഫ്സിയുടെ അടുത്ത പോരാട്ടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.