Sections

കാഫിറ്റ് പ്രീമിയർ ലീഗ് ബീച്ച് ക്രിക്കറ്റ്: അയോകോഡ്, ഈസിനെർജി ചാമ്പ്യന്മാർ

Tuesday, Apr 28, 2026
Reported By Admin
Ayocode, E-Synergy Win CAFIT Premier League

കോഴിക്കോട്: കാലിക്കറ്റ് ഫോറം ഫോർ ഐടി ഗവ. സൈബർപാർക്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ബീച്ച് ക്രിക്കറ്റ് ടൂർണമന്റായ കാഫിറ്റ് പ്രീമിയർ ലീഗിൽ പുരുഷ വിഭാഗത്തിൽ അയോകോഡും വനിതാ വിഭാഗത്തിൽ ഈസിനർജിയും ചാമ്പ്യന്മാരായി. ടൗൺ ബീച്ചിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ ആകെ 35 ഐടി കമ്പനികളിൽ നിന്നുള്ള ടീമുകളാണ് മാറ്റുരച്ചത്. ഇതിൽ വനിതാ വിഭാഗത്തിൽ 6 ടീമുകളും പുരുഷ വിഭാഗത്തിൽ 29 ടീമുകളും പങ്കെടുത്തു.

പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും ഒട്ടും പുറകിലല്ലാത്ത പ്രകടനമാണ് സിപിഎല്ലിൽ ടീമുകൾ കാഴ്ചവച്ചത്. ലീഗ്, സെമി മത്സരങ്ങളിലെ തകർപ്പൻ പ്രകടനത്തിനൊടുവിൽ സൈബ്രോസിസും അയോകോഡുമാണ് പുരുഷ വിഭാഗത്തിൽ ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത സൈബ്രോസിസ് നിർദ്ദിഷ്ട എട്ടോവറിൽ അതുൽ രാജിന്റെ തകർപ്പൻ പ്രകടനത്തിലൂടെ (31 പന്തിൽ 77 റൺസ്) 114 റൺസ് അടിച്ചു കൂട്ടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അയോക്കോഡ് ആറ് പന്തുകൾ ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ടത്തിൽ 120 റൺസ് നേടി ആവേശകരമായ വിജയത്തോടെ ചാമ്പ്യന്മാരായി. അയോക്കോഡിനായി വിധു പ്രസാദ് 21 പന്തിൽ 65 റൺസ് നേടി (9 സിക്സർ, 1 ഫോർ) ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഫൈനലിലെ പ്ലെയർ ഓഫ് ദി മാച്ചായി വിധു പ്രസാദ് തിരഞ്ഞെടുക്കപ്പെട്ടു. പ്ലെയർ ഓഫ് ദി ടൂർണമെന്റായി അയോക്കോഡിലെ സാജൻ ബേസിൽ തിരഞ്ഞെടുക്കപ്പെട്ടു.

വനിതാവിഭാഗത്തിലെ ഫൈനലിൽ ഈസിനെർജി ടീമും നുഓക്സ് ടെക്നോളജീസും ഏറ്റുമുട്ടി. ആദ്യം ബാറ്റ് ചെയ്ത ഈസിനെർജി 6 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 60 റൺസ് നേടി ശക്തമായ സ്കോർ ഉയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നുഓക്സ് ടെക്നോളജീസ് 6 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 24 റൺസിൽ ഒതുങ്ങി. മികച്ച പ്രകടനവുമായി ഈസിനെർജിയുടെ വിസ്മയ ടി.കെ മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. 21 പന്തിൽ 40 റൺസ് നേടിയ വിസ്മയ 6 സിക്സറും 2 ഫോറുകളും പറത്തി. ബൗളിംഗിലും മികവ് തെളിയിച്ച അവർ 2 ഓവറിൽ 3 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. വുമൻസ് കാറ്റഗറിയിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റായും, ഈസിനെർജി ടീമിന്റെ താരമായ വിസ്മയ ടി.കെയെ തന്നെ തിരഞ്ഞെടുത്തു.

ടൂർണമെന്റിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന സമ്മാനദാന ചടങ്ങിൽ കാഫിറ്റ് പ്രസിഡൻറ് റിഫാത്ത് റഹ്മാൻ, സെക്രട്ടറി പ്രജീഷ് കെ.കെ, സി.പി.എൽ ചെയർമാൻ അബ്ദുൽ ഗഫൂർ, ട്രഷറർ നിതിൻ കെ.സി എന്നിവർ ഉൾപ്പെടെ മറ്റ് കാഫിറ്റ് ഭാരവാഹികളും പങ്കെടുത്തു.

വെള്ളിയാഴ്ച ആരംഭിച്ച ടൂർണമന്റിന്റെ മൂന്നു ദിവസങ്ങളിലും വൻ ജനക്കൂട്ടമാണ് കളി കാണാനെത്തിയത്. ഓരോ ടീമിന്റെയും ആരാധകക്കൂട്ടവും ടൂർണമന്റിന്റെ ആവേശം വാനോളം വർധിപ്പിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.