Sections

കമ്പനി ലാഭത്തിലാക്കാനായി ബൈജൂസ് 2500 ജീവനക്കാരെ പിരിച്ചുവിടും

Thursday, Oct 13, 2022
Reported By admin
byjus

മാര്‍ച്ച് 31 അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 4588 കോടിയുടെ നഷ്ടമാണ് ബൈജൂസിനുണ്ടായത്

 

കമ്പനി ലാഭത്തിലാകാന്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ 2500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓണ്‍ലൈന്‍ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ്.  മാര്‍ച്ച് 2023നുള്ളില്‍ മാര്‍ക്കറ്റിംഗ് ഓപ്പറേഷണല്‍ വിഭാഗങ്ങളെ ഏകോപിപ്പിച്ച് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. എന്നാല്‍ പിരിച്ചുവിടലിനൊപ്പം 10000 അധ്യാപകരെ കൂടി ജോലിക്കെടുക്കാനും തീരുമാനമായതായാണ് ബൈജൂസിന്റെ സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് പിടിഐയോട് പ്രതികരിച്ചത്.

ഇന്ത്യയിലുടനീളം ബ്രാന്‍ഡിനേക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കാന്‍ ബൈജൂസിന് സാധിച്ചിട്ടുണ്ട്. ആഗോള തലത്തിലേക്ക് ബ്രാന്‍ഡിനെ എത്തിക്കാനായാണ് മാര്‍ക്കറ്റിംഗ് ബഡ്ജറ്റിനെ മറ്റ് മുന്‍ഗണനകള്‍ക്കായി ചെലവിടാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് ദിവ്യ പറയുന്നത്. വിവിധ ബിസിനസ് യൂണിറ്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഓപ്പറേഷണല്‍ മേഖലയിലേക്കുള്ള ചെലവിലും നിയന്ത്രണം കൊണ്ടുവരുമെന്നാണ് ബൈജൂസ് സഹസ്ഥാപക വിശദമാക്കുന്നത്. മെറിറ്റ് നേഷന്‍, ട്യൂറ്റര്‍ വിസ്റ്റ, സ്‌കോളര്‍ ആന്‍ഡ് ഹാഷ് ലേണ്‍ എന്നിവയെ ഒരുമിപ്പിച്ച് ഇന്ത്യ ബിസിനസ് എന്ന വിഭാഗത്തിലേക്ക് എത്തിക്കും. ആകാശ്, ഗ്രേറ്റ് ലേണിംഗ് തുടങ്ങിയവ നിലവിലെ സ്ഥിതിയില്‍ വ്യത്യസ്ത സ്ഥാപനങ്ങളായി തുടരുമെന്നും ഇവര്‍ വിശദമാക്കി.

പുതിയ നീക്കം കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും ആവര്‍ത്തനം കുറയ്ക്കുമെന്നും ദിവ്യ നിരീക്ഷിക്കുന്നു. ബൈജൂസിന്റെ ഹൈബ്രിഡ് മോഡല്‍ ക്ലാസുകള്‍ മികച്ച രീതിയിലുള്ള പ്രതികരണമാണ് നല്‍കുന്നത്. തങ്ങള്‍ പ്രവര്‍ത്തിക്കുന്നതനുസരിച്ച് റെവന്യൂ ഉണ്ടാവുമെന്നും ദിവ്യ നിരീക്ഷിക്കുന്നു. മാര്‍ച്ച് 31 അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 4588 കോടിയുടെ നഷ്ടമാണ് ബൈജൂസിനുണ്ടായത്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 തവണയുടെ വര്‍ധനവാണ് ഇത്. 2020-21 വര്‍ഷത്തില്‍ നഷ്ടം 231.69 കോടിയായി . 2019-20 റെവന്യൂ 2511 കോടിയുണ്ടായിരുന്ന സമയത്ത് 2020-21 വര്‍ഷത്തില്‍ ഇത് 2428 കോടിയായി കുറയുകയാണ് ചെയ്തത്. ജീവനക്കാര്‍ക്ക് ജോലി ചുമതലകളിലുള്ള ഇരട്ടിപ്പ് കുറയ്ക്കാനും ടെക്‌നോളജിയെ കൂടുതല്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനുമാണ് തീരുമാനം. ഇംഗ്ലീഷ്, സ്പാനിഷ് അധ്യാപകരെ അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുമെന്നും ഇവര്‍ വിശദമാക്കി. ലാറ്റിന്‍ അമേരിക്കയിലേക്ക് ബ്രാന്‍ഡിനെ വികസിപ്പിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.