Sections

ബജറ്റ് 2023 ഫെബ്രുവരി ഒന്നിന്; പ്രതീക്ഷയർപ്പിച്ച് രാജ്യം

Sunday, Jan 15, 2023
Reported By admin
india

ആഗോള മാന്ദ്യത്തെ കുറിച്ചുള്ള ഭയം സാധാരണക്കാരന്റെ മനസ്സിൽ വളർന്നു കഴിഞ്ഞു


2023-ലെ ബജറ്റ് അവതരണം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. മാന്ദ്യം ആഗോള വളർച്ചയെ പിടിമുറുക്കുന്ന സാഹചര്യത്തിൽ വരാനിരിക്കുന്ന ബജറ്റിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം. പകർച്ചവ്യാധി, ആഗോള യുദ്ധവുമായി ബന്ധപ്പെട്ട പ്രതിസന്ധി, കുതിച്ചുയരുന്ന പണപ്പെരുപ്പം, ശമ്പളം വെട്ടിക്കുറയ്ക്കൽ, പിരിച്ചുവിടലുകൾ, ഉയർന്ന മെഡിക്കൽ ചെലവുകൾ എന്നിവ കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങൾ വെല്ലുവിളി നിറഞ്ഞതാണ്. ഇതിനോടൊപ്പം ആഗോള മാന്ദ്യത്തെ കുറിച്ചുള്ള ഭയം സാധാരണക്കാരന്റെ മനസ്സിൽ വളർന്നു കഴിഞ്ഞു. ഈ സാഹചര്യത്തിൽ കേന്ദ്രം നികുതി ഇളവ് നല്കിയേക്കുമെന്നുള്ള പ്രതീക്ഷയിലാണ് രാജ്യം.

ശമ്പളവരുമാനക്കാരും സാധാരണക്കാരുമൊക്കെ ബജറ്റിലെ നികുതി ഇളവുകൾ പ്രതീക്ഷിക്കുന്നുണ്ട്. നിക്ഷേപകരുടെ കണ്ണും നികുതി ഇളവുകളിലേക് തന്നെയാണ്. 1961-ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 80 സി പ്രകാരം പ്രതിവർഷം 1.5 ലക്ഷം രൂപയാണ് ഭവനവായ്പകളുടെ ഇളവുകളുടെ പരിധി. ഇത് പ്രതിവർഷം നാല് ലക്ഷം രൂപയായി അടുത്ത കേന്ദ്ര ബജറ്റിൽ ഉയർത്തണമെന്ന് ഈ രംഗത്തുള്ളവർ ശുപാർശ ചെയ്തിരുന്നു. എൽഐസി, പിപിഎഫ് നിക്ഷേപം മുതലായ നിക്ഷേപങ്ങൾക്കും ഈ നികുതിയിളവ് ബാധകമാണ്. ഐടി നിയമത്തിലെ സെക്ഷൻ 24 പ്രകാരം പ്രതിവർഷം രണ്ട് ലക്ഷം രൂപയാണ് ഭവന വായ്പയുടെ പലിശ കിഴിവ്. ഇത് പ്രതിവർഷം നാല് ലക്ഷം രൂപയായി ഉയർത്തണമെന്നാണ് ശുപാർശ.

സാമ്പത്തിക വികസനം ഉറപ്പിക്കുന്നതിനായി കോർപ്പറേറ്റുകൾക്കും ബിസിനസുകൾക്കും ഒരു നിശ്ചിത കാലയളവിലേക്ക് സർക്കാർ നികുതി കുറയ്ക്കാറുണ്ട്. ഒരു നഗരത്തിലോ കമ്മ്യൂണിറ്റിയിലോ ഉള്ള വികസനത്തിനോ സാമ്പത്തിക പ്രവർത്തനത്തിനോ പിന്തുണ നൽകുക എന്നതാണ് ഇത്തരം നികുതി ഇളവുകളുടെ ലക്ഷ്യം.

എല്ലാവരും ഉറ്റു നോക്കുന്ന മറ്റൊരു കാര്യം ആദായ നികുതി പരിധി ഉയർത്തുമോ എന്നതാണ്. നാളുകളായുള്ള ആവശ്യമാണ് ആദായ നികുതി റിട്ടേൺ നൽകേണ്ട പരിധി അഞ്ച് ലക്ഷം രൂപയായി ഉയർത്തണമെന്നത്. പുതിയ നികുതി സ്ലാബ് പരിഷ്കരിക്കണമെന്ന ആവശ്യവും നിലനിൽക്കുന്നു. ആദായ നികുതി പരിധി ഉയർത്തിയാൽ നിക്ഷേപത്തിനായി വ്യക്തികളുടെ കൈവശം കൂടുതൽ തുക ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.