Sections

കാലവർഷത്തിൽ വർദ്ധിച്ചുവരുന്ന പാമ്പുകടി പ്രതിരോധിക്കാൻ നീക്കങ്ങളുമായി ബിഎസ്വി

Wednesday, Jul 01, 2026
Reported By Admin
BSV Launches ‘4A’ Initiative to Prevent Snakebite Deaths

കൊച്ചി: കാലവർഷം കനത്തതോടെ ഗ്രാമീണ മേഖലകളിൽ പാമ്പുകടി മൂലമുണ്ടാകുന്ന അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബിഎസ്വി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഗുണമേന്മയുള്ള ആൻറി സ്നേക്ക് വെനം ലഭ്യമാക്കുന്നതിൽ മുൻപന്തിയിലുള്ള ബിഎസ്വി, പാമ്പുകടി പ്രതിരോധ പ്രവർത്തനങ്ങൾക്കായി '4എ ' എന്ന സമഗ്ര പദ്ധതി രാജ്യവ്യാപകമായി ആവിഷ്കരിച്ചിരിക്കുകയാണ്.

പാമ്പുകടിയേറ്റവർക്ക് കൃത്യമായ ചികിത്സയും മികച്ച ആരോഗ്യവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി അവെയർനെസ്, അക്സസ്, അവൈലബിലിറ്റി, ആക്ഷൻ എന്നീ നാല് പ്രധാന കാര്യങ്ങളിൽ അധിഷ്ഠിതമാണ്. പാമ്പുകടിയെക്കുറിച്ചുള്ള പരമ്പരാഗത അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കുക, ശാസ്ത്രീയമായ പ്രഥമ ശുശ്രൂഷയെക്കുറിച്ചും ചികിത്സയെക്കുറിച്ചും ബോധവൽക്കരണം നടത്തുക എന്നിവയ്ക്കാണ് പദ്ധതിയിൽ മുൻഗണന നൽകുന്നത്. പാമ്പുകടിയേറ്റവർക്ക് ഏറ്റവും അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കുക. ഗ്രാമീണ-അർദ്ധ നഗര പ്രദേശങ്ങളിൽ ഗുണനിലവാരമുള്ള ആന്റി സ്നേക്ക് വെനത്തിൻറെ വിതരണം തടസമില്ലാതെ ഉറപ്പാക്കുക എന്നിവ ചികിത്സയിൽ ഏറെ പ്രധാനമാണ്. കൃത്യസമയത്ത് ശരിയായ ചികിത്സ നൽകുക വഴി പക്ഷാഘാതം, രക്തം കട്ടപിടിക്കുന്നതിലെ തകരാറുകൾ, വൃക്ക തകരാറുകൾ, ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കൽ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും മരണങ്ങളും ഗണ്യമായി കുറയ്ക്കാൻ സാധിക്കും.

പാമ്പുകടി പ്രതിരോധിക്കുന്നതിനായി ശാസ്ത്രീയവും ഫലപ്രദവുമായ ചികിത്സകൾ ലഭ്യമാക്കാൻ ബിഎസ്വി എപ്പോഴും പ്രതിജ്ഞാബദ്ധരാണന്ന് ബിഎസ്വി ഇന്ത്യ ബിസിനസ് സിഒഒ ശിവാനി ശർമ്മ ദേക പറഞ്ഞു. പാമ്പുകടിയെ റിപ്പോർട്ട് ചെയ്യേണ്ട രോഗം ആയി പ്രഖ്യാപിക്കാനുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ തീരുമാനം ഈ രംഗത്തെ വിവരശേഖരണത്തിനും ആൻറി സ്നേക്ക് വെനത്തിൻറെ വിതരണം കാര്യക്ഷമമാക്കുന്നതിനും സഹായിക്കുന്ന നിർണായക ചുവടുവെപ്പാണ്. എന്നിരുന്നാലും 2030-ഓടെ പാമ്പുകടി മൂലമുള്ള മരണങ്ങൾ പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ശക്തമായ പ്രവർത്തനങ്ങൾ ആവശ്യമാണ്. അതിനായി കമ്മ്യൂണിറ്റി ബോധവൽക്കരണം, ഗ്രാമീണ ആരോഗ്യപ്രവർത്തകരുടെ നൈപുണ്യ വികസനം, കൃത്യമായ പ്രഥമശുശ്രൂഷാ അറിവുകൾ നൽകുക എന്നിവ അനിവാര്യമാണെന്നും ശിവാനി ശർമ്മ ദേക പറഞ്ഞു.

ഇന്ത്യയിൽ പാമ്പുകടി ഇപ്പോഴും വലിയൊരു പൊതുജനാരോഗ്യ പ്രശ്നമായി തുടരുകയാണെന്ന് മൂവാറ്റുപുഴ ചാരിസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. അജി ബാലകൃഷ്ണൻ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ പ്രതിവർഷം 58,000-ത്തോളം ആളുകൾ പാമ്പുകടിയേറ്റ് മരിക്കുന്നുണ്ട്. ഇത് ആഗോളതലത്തിലുള്ള പാമ്പുകടി മരണങ്ങളുടെ പകുതിയോളം വരും. ചികിത്സ വൈകുന്ന ഓരോ മിനിറ്റും രോഗിയുടെ ജീവന് ഭീഷണിയാണ്. തെറ്റിദ്ധാരണകൾ ഒഴിവാക്കി രോഗിയെ എത്രയും വേഗം കൃത്യമായ ചികിത്സാ കേന്ദ്രത്തിൽ എത്തിക്കാൻ സാധിച്ചാൽ ആയിരക്കണക്കിന് ജീവനുകൾ രക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പാമ്പുകടി എന്ന ഈ വലിയ വെല്ലുവിളിയെ നേരിടാൻ ആരോഗ്യപ്രവർത്തകർ, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ എന്നിവരുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണ്. 2030-ഓടെ മരണനിരക്ക് പകുതിയായി കുറയ്ക്കുക എന്ന ആഗോള ലക്ഷ്യം കൈവരിക്കുന്നതിന് ഗ്രാമീണ മേഖലകളിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതും ആൻറി സ്നേക്ക് വെനത്തിൻറെ വിതരണം തടസ്സമില്ലാതെ ഉറപ്പാക്കേണ്ടതും അത്യന്താപേക്ഷിതമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.