Sections

ക്രിസ്മസ് സ്റ്റാർ വാങ്ങിയില്ലേ, പതിവ് രീതി മാറ്റിപ്പിടിച്ചാലോ; ചണത്തിലും മുളയിലും തീർത്ത നക്ഷത്രങ്ങൾ

Wednesday, Dec 11, 2024
Reported By Admin
A vibrant display of bamboo Christmas stars and eco-friendly crafts at Marine Drive Bamboo Fest.

മറൈൻ ഡ്രൈവിൽ നടക്കുന്ന 21-ാമത് ബാംബൂ ഫെസ്റ്റിലെത്തിയാൽ ഏതൊരാളുടേയും കണ്ണ് ആദ്യം ഉടക്കുക തൂങ്ങിക്കിടക്കുന്ന ക്രിസ്മസ് സ്റ്റാറുകളിലേയ്ക്കും വിളക്കുകളിലേയ്ക്കുമാകും. ഇത്തവണ പുൽക്കൂട് ഉൾപ്പടെ ക്രിസ്മസിനെ വരവേൽക്കാനുള്ള നിരവധി ഉൽപ്പന്നങ്ങളാണ് മേളയിലുള്ളത്.

വിവിധ തരം നക്ഷത്രങ്ങളിൽ ചണത്തിൽ നിർമിച്ചവയാണ് ഏറ്റവും ആകർഷണീയം. ആദ്യ ദിവസം തന്നെ 10,000 രൂപയ്ക്ക് മുകളിലാണ് ഇവയുടെ വിൽപ്പന നടന്നത്. വയനാട് മേപ്പാടിയിൽ നിന്നുള്ള ഗ്ലോബൽ ബാംബൂ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ഇത്തവണ ചണം കൊണ്ട് നിർമിച്ച സ്റ്റാർ എത്തിയിട്ടുള്ളത്. ഒരു ദിവസം ഒരാൾക്ക് പരമാവധി രണ്ടെണ്ണം മാത്രമേ നിർമിക്കാൻ കഴിയൂവെന്ന് ജീവനക്കാർ പറയുന്നു. 1000 രൂപയാണ് വിലയെങ്കിലും ആവശ്യക്കാർക്ക് വിലയിൽ അൽപ്പം കുറച്ചും കൊടുക്കാറുണ്ട്. ജൂട്ട് കൊണ്ട് നിർമിച്ച പൂക്കളും ഇതിനോടൊപ്പമുണ്ട്.

മുള കൊണ്ട് മാത്രം നിർമിച്ച സ്റ്റാറുകളും മറ്റ് സ്റ്റാളുകളിലുണ്ട്. ഓയിൽ പേപ്പറിനും തുണിക്കുമൊപ്പം മുളകൊണ്ട് നിർമിച്ച സ്റ്റാറുകൾക്ക് വലുപ്പത്തിനനുസരിച്ച് 1000 രൂപ മുതൽ 3000 രൂപ വരെ വില വരും. മുളകൊണ്ട് മാത്രം നിർമിച്ച നക്ഷത്രങ്ങൾക്ക് വില അൽപ്പം കൂടുതലാണെങ്കിലും ആവശ്യക്കാർ ഏറെയാണ്.

ചൂരൽ കൊണ്ടുള്ള ക്രിസ്മസ് സാധനങ്ങളാണ് ആകർഷകമായ മറ്റൊരു ഇനം. കഴിഞ്ഞ വർഷം ഫർണിച്ചറുകളും മറ്റുമായിരുന്നുവെങ്കിൽ ഇത്തവണ വൈറ്റില സ്വദേശി വർഗീസ് ജോബ് മേളയ്ക്കെത്തിയത് നിറയെ ക്രിസ്മസ് ഉൽപ്പന്നങ്ങളുമായാണ്. ആദ്യ ദിവസം തന്നെ പുൽക്കൂടും നക്ഷത്രവും എല്ലാം വിറ്റു തീർന്നു. നക്ഷത്രങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ഏറെ കാലം കേടു കൂടാതെ നിൽക്കും എന്നതാണ് ചൂരൽ നക്ഷത്രത്തിലേക്ക് ഏവരെയും ആകർഷിക്കുന്നതെന്ന് വർഗീസ് പറയുന്നു. 600 മുതൽ 2000 വരെയാണ് ചൂരൽ നക്ഷത്രങ്ങളുടെ വില. ചൂരലിന്റെ ക്രിസ്മസ് ട്രീയ്ക്കും ആവശ്യക്കാർ ഏറെയാണ്. 250 മുതൽ മുകളിലേയ്ക്കാണ് ക്രിസ്മസ് ട്രീയുടെ വില. കൂടാതെ ക്രിസ്മസിന് ഇണങ്ങുന്ന തരത്തിലുള്ള മണികളും ലാംപ് ഷെയ്ഡുകളും ഇവരുടെ സ്റ്റാളിലുണ്ട്. ഡിസംബർ 7ന് ആരംഭിച്ച മേള ഡിസംബർ 12ന് അവസാനിക്കും. രാവിലെ 10.30 മുതൽ രാത്രി 8.30 വരെയാണ് പ്രവേശനം. മേളയിൽ പ്രവേശനം സൗജന്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.