Sections

ആക്സിസ് ബാങ്കിന് നാലാം ത്രൈമാസത്തിൽ 7,071 കോടി രൂപ അറ്റാദായം

Monday, Apr 27, 2026
Reported By Admin
Axis Bank Reports Strong FY26 Profit Growth

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ മേഖല ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് 2026 സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. നാലാം ത്രൈമാസത്തിൽ 7,071 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. ഇത് ത്രൈമാസാടിസ്ഥാനത്തിൽ 9 ശതമാനം വളർച്ചയാണ്.

നിക്ഷേപങ്ങളിലും വായ്പകളിലും ത്രൈമാസാടിസ്ഥാനത്തിൽ 6 ശതമാനം വളർച്ച രേഖപ്പെടുത്തി. വായ്പാ വളർച്ച വാർഷികാടിസ്ഥാനത്തിൽ 19 ശതമാനം വളർച്ച കൈവരിച്ചു. ആകെ നിക്ഷേപം വാർഷികാടിസ്ഥാനത്തിൽ 14 ശതമാനം വർദ്ധിച്ചു. കാസ നിക്ഷേപം ത്രൈമാസാടിസ്ഥാനത്തിൽ 7 ശതമാനം വർദ്ധിച്ചു. അറ്റ പലിശ വരുമാനം വാർഷികാടിസ്ഥാനത്തിൽ 5 ശതമാനം വർദ്ധിച്ചു. ഫീ വരുമാനം ത്രൈമാസാടിസ്ഥാനത്തിൽ 8 ശതമാനം വർദ്ധിച്ചതിൽ റീട്ടെയിൽ ഫീസുകളിലെ 11 ശതമാനം കുതിച്ചുചാട്ടം നിർണ്ണായകമായി.

കോർപ്പറേറ്റ് വായ്പകൾ വാർഷികാടിസ്ഥാനത്തിൽ 38 ശതമാനവും ത്രൈമാസാടിസ്ഥാനത്തിൽ 10 ശതമാനവും വളർച്ച രേഖപ്പെടുത്തി. ഇതിൽ മിഡ്-കോർപ്പറേറ്റ് വിഭാഗം വാർഷികാടിസ്ഥാനത്തിൽ 33 ശതമാനം വർദ്ധനവ് കൈവരിച്ചു. എസ്എംഇ വായ്പകൾ വാർഷികാടിസ്ഥാനത്തിൽ 24 ശതമാനവും ത്രൈമാസാടിസ്ഥാനത്തിൽ 6 ശതമാനവും വളർന്നു.

നാലാം ത്രൈമാസത്തിൽ ബാങ്ക് ഏകദേശം 10 ലക്ഷം പുതിയ ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്തു. ഈ മേഖലയിൽ 14 ശതമാനം വിപണി വിഹിതം നിലനിർത്താൻ ബാങ്കിനായി. ഉപഭോക്താക്കളുടെ ഡിജിറ്റൽ സുരക്ഷയ്ക്കായി 'സേഫ്റ്റി സെൻറർ', എസ്എംഎസ് ഷീൽഡ് എന്നീ സംവിധാനങ്ങൾ ബാങ്ക് അവതരിപ്പിച്ചു.

ഇന്ത്യയിൽ ടെസ്ലയുടെ മുൻഗണനാ ധനകാര്യ പങ്കാളിയായി ബാങ്ക് മാറി. കൂടാതെ ഇൻഡിഗോയുമായി ചേർന്ന് രണ്ട് കോ-ബ്രാൻഡഡ് കാർഡുകൾ പുറത്തിറക്കി. സ്വർണ്ണ വായ്പകളിലൂടെ എംഎസ്എംഇ മേഖലയ്ക്ക് ധനസഹായം എളുപ്പമാക്കി. അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിന് സമീപം പുതിയ ശാഖ തുറന്നു.

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് ബാങ്കിൻറെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ 2,001 കോടി രൂപയുടെ അധിക പ്രൊവിഷൻ ബാങ്ക് നീക്കിവെച്ചു.

ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ഡിജിറ്റലാകുന്ന സാഹചര്യത്തിൽ വിശ്വാസം, സുരക്ഷ, പ്രസക്തി എന്നിവയാണ് അടിസ്ഥാനഘടകങ്ങളായി തുടരുന്നത്. ഈ ത്രൈമാസത്തിൽ കൈകൊണ്ട വിവിധ പദ്ധതികൾ ഉപഭോക്താക്കളെ ശക്തിപ്പെടുത്തുന്നതിലും പങ്കാളികളുടെ ശൃംഖലയിൽ നിക്ഷേപം വർധിപ്പിക്കുന്നതിലും കേന്ദ്രീകരിച്ചു. തന്ത്രപരമായ എല്ലാ മുൻഗണനാ മേഖലകളിലും സ്ഥിരമായ പുരോഗതി കൈവരിച്ചുകൊണ്ട് വളരെ മികച്ച രീതിയിലാണ് ഈ സാമ്പത്തിക വർഷം അവസാനിപ്പിക്കുന്നത്. കൂടുതൽ കരുത്തുറ്റ ഒരു ബാങ്കിംഗ് ശൃംഖല കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആത്മവിശ്വാസത്തോടും ശുഭപ്രതീക്ഷയോടും കൂടി പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുമ്പോൾ ആഗോള സാമ്പത്തിക സാഹചര്യങ്ങളും ആഗോള രാഷ്ട്രീയ സ്ഥിതിഗതികൾ സ്വാധീനിക്കുന്ന സാഹചര്യത്തിൽ അതിനെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആക്സിസ് ബാങ്ക് എംഡിയും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.

2026 മാർച്ച് 31-ലെ കണക്കനുസരിച്ച് രാജ്യത്തുടനീളം 6,275 ശാഖകളും 12,796 എടിഎമ്മുകളും ബാങ്കിനുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.