Sections

വീട് വെയ്ക്കുമ്പോഴോ വാങ്ങുമ്പോഴോ ഈ 7 തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക

Wednesday, Nov 10, 2021
Reported By Ambu Senan
Sparkle Realtor

 പൊതുവായി കണ്ടുവരുന്ന 7 തെറ്റുകള്‍ എന്തെന്ന് സ്പാര്‍ക്കിള്‍ ഇന്റര്‍നാഷണല്‍ റിയല്‍റ്റര്‍ സിഇഒയും അസറ്റ് മാനേജ്മന്റ് കണ്‍സള്‍ട്ടന്റുമായ വര്‍ഗീസ് നെറ്റിക്കാടന്‍ വിവരിക്കുന്നു

 

വീട് എന്നത് ഒരു ശരാശരി മലയാളിയുടെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നാണ്. ലോണ്‍ എടുത്തും മറ്റുമാണ് ഭൂരിഭാഗം ആളുകളും വീട് വെയ്ക്കുന്നത്. അത് കൊണ്ട് തന്നെ നമ്മുടെ സ്വപ്നം ഗൃഹം മേടിക്കാനോ വെയ്ക്കാനോ ഇറങ്ങിത്തിരിക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കണം. വലിയ പഠനമോ അല്ലെങ്കില്‍ ധാരണയെ ഇല്ലാതെ ഇറങ്ങിത്തിരിക്കുമ്പോള്‍ സാധാരണ ആളുകള്‍ അനവധി തെറ്റുകള്‍ വരുത്താറുണ്ട്. അങ്ങനെ പൊതുവായി കണ്ടുവരുന്ന 7 തെറ്റുകള്‍ എന്തെന്ന് സ്പാര്‍ക്കിള്‍ ഇന്റര്‍നാഷണല്‍ റിയല്‍റ്റര്‍ സിഇഒയും അസറ്റ് മാനേജ്മന്റ് കണ്‍സള്‍ട്ടന്റുമായ വര്‍ഗീസ് നെറ്റിക്കാടന്‍ വിവരിക്കുന്നു.

1. ഒരു ബജറ്റ് ഉറപ്പിക്കാന്‍ കഴിയാതെ വരുന്നു

നമ്മള്‍ ഒരു വീട് വാങ്ങുമ്പോഴോ വെയ്ക്കുമ്പോഴോ ഒരു കൃത്യമായ ബജറ്റ് മനസ്സില്‍ ഉണ്ടാകണം. ഇപ്പോള്‍ ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്നവരാണെങ്കില്‍ അവരുടെ ശമ്പളം ഉണ്ടാകും അല്ലെങ്കില്‍ ബിസിനസ് ചെയ്യുന്ന ഒരാളാണെങ്കില്‍ അയാളുടെ മാസത്തില്‍ അല്ലെങ്കില്‍ വാര്‍ഷത്തില്‍ ഒരു ലാഭം ഉണ്ടാകും. സാധാരണ ഗതിയില്‍ എല്ലാവരും ലോണ്‍ എടുത്ത് വീട് വാങ്ങുമ്പോഴോ വെയ്ക്കുമ്പോഴോ കുറച്ചു തുക തങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് ആദ്യം നല്‍കുന്നു. കാരണം നമ്മുടെ ബജറ്റില്‍ ഉള്ള മുഴുവന്‍ തുകയും ലോണ്‍ ലഭിക്കില്ല. നമ്മള്‍ എത്ര തുക ഇടുന്നോ അതിന്റെ ബാക്കിയാകുമല്ലോ നമ്മള്‍ ലോണ്‍ എടുക്കുന്നത്. അപ്പോള്‍ ആ ലോണ്‍ നമ്മുടെ ശമ്പളം അല്ലെങ്കില്‍ ബിസിനസില്‍ കിട്ടുന്ന ലാഭം ഉപയോഗിച്ച് ഇഎംഐ അടയ്ക്കാന്‍ കഴിയുന്നതാണോ എന്ന് നമ്മള്‍ ഉറപ്പായും കൂട്ടിനോക്കണം. അങ്ങനെ നമുക്ക് ഓകെയാകുന്ന ഒരു ബജറ്റില്‍ നിന്ന് വേണം ബാക്കി കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍.

2. ലോണ്‍ കാര്യങ്ങള്‍ക്ക് മുന്‍പേ വീട് കണ്ടുവെയ്ക്കുന്നത് 

നമ്മള്‍ വീട് മേടിക്കാനോ വെയ്ക്കാനോ ചിന്തിക്കുമ്പോള്‍ തന്നെ ലോണ്‍ എടുത്താണ് ഇത് ചെയ്യുന്നതെങ്കില്‍ ആദ്യം തന്നെ വീട് കണ്ടു വെയ്ക്കാതിരിക്കുക. നിങ്ങള്‍ ആദ്യം രണ്ടോ മൂന്നോ ബാങ്കുകളെ സമീപിച്ചു നമ്മുടെ ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് മറ്റു കാര്യങ്ങള്‍ നല്‍കിയാല്‍ അവര്‍ നമുക്ക് ലോണിന് എത്ര മാത്രം അര്‍ഹതയുണ്ട് എന്നും എത്ര തുക ലോണായി ലഭിക്കുമെന്നും സൗജന്യമായി പറഞ്ഞു തരും. നമുക്ക് ആവശ്യമുള്ള തുകയുടെ 80 ശതമാനാകും പരമാവധി ലോണ്‍ ലഭിക്കുക. അപ്പോള്‍ നമുക്ക് എത്ര ലോണ്‍ ലഭിക്കും ബാക്കി നമ്മുടെ കയ്യിലുള്ള തുകയും കൂടി കൂട്ടി കഴിഞ്ഞാല്‍ ലഭിക്കുന്ന തുകയാണ് നമ്മുടെ ബജറ്റ്. പക്ഷെ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വേറെയുണ്ട്. രജിസ്‌ട്രേഷന്‍ തുക വരും. പിന്നെ വീട് വാങ്ങിയിട്ട് ഇന്റീരിയര്‍ വര്‍ക്ക് ഉണ്ടാകും, ഗൃഹോപകരണങ്ങള്‍ വാങ്ങേണ്ടി വരും. അപ്പോള്‍ അതിനൊക്കെയായി ഒരു ബജറ്റ് നമ്മള്‍ മാറ്റിവെയ്‌ക്കേണ്ടി വരും.

3. ബജറ്റിന് പുറത്തുള്ള വീട് 

നമ്മുടെ ബജറ്റിന് പുറത്തുള്ള ഒരു വീട് വാങ്ങാനോ വെയ്ക്കാനോ മുതിരരുത്. കാരണം നമ്മള്‍ ലോണ്‍ എടുത്ത് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് മാസാമാസം തിരിച്ചടയ്ക്കണം. നമ്മള്‍ ഒരു ഹോം ലോണ്‍ എടുക്കുന്നത് കുറഞ്ഞത് 5 വര്‍ഷത്തേക്കും കൂടിയത് 20-25 വര്‍ഷത്തേക്കുമൊക്കെ ആയിരിക്കും. അത് കൊണ്ട് തന്നെ നമ്മുടെ ബജറ്റിന് പുറത്തുള്ള ഒരു തുകയാണ് വായ്പ എടുക്കണതെങ്കില്‍ നമ്മുടെ ശമ്പളവും സമ്പാദ്യവുമെല്ലാം ഇഎംഐ അടച്ചു തീരത്തെ ഉള്ളൂ. 

4. ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കാതിരിക്കുന്നത് 

ക്രെഡിറ്റ് സ്‌കോര്‍ അഥവാ സിബില്‍ സ്‌കോര്‍ ആണ് നമുക്ക് ലോണ്‍ അര്‍ഹതയുണ്ടോ എന്ന് നിശ്ചയിക്കുന്നത്. അതായാത് നമ്മള്‍ ലോണ്‍ എടുത്താല്‍ അത് തിരിച്ചടയ്ക്കുമോ എന്ന് ബാങ്ക് കണക്കാക്കുന്നത്, കൂടാതെ ഈ ക്രെഡിറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് ലോണിന്റെ ശതമാനം വരെ ബാങ്ക് നിശ്ചയിക്കുന്നത്. അത് കൊണ്ട് ബാങ്കിനെ സമീപിക്കുന്നതിന് മുന്‍പായി ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുന്നത് നന്നായിരിക്കും. 

5. വീട് വാങ്ങാനോ നിര്‍മ്മിക്കാനോ സമ്പാദ്യം മുഴുവന്‍ ചെലവഴിക്കുന്നത് 

ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യമാണത്. നമ്മുടെ സമ്പാദ്യം വീട് വെയ്ക്കാന്‍ മാത്രമുള്ളതല്ല. അത് നമ്മുടെ മെഡിക്കല്‍ ചെലവുകള്‍ക്കും അല്ലെങ്കില്‍ കുട്ടികളുടെ പഠനത്തിനും എല്ലാം ഉപകരിക്കേണ്ട ഒന്നാണ്. അത് കൊണ്ട് സമ്പാദ്യം മുഴുവനും വീടിനായി ചെലവഴിക്കാതിരിക്കുക.

6. ലോണിനായി മികച്ച ഓപ്ഷന്‍ തിരഞ്ഞെടുക്കാതിരിക്കുക

നമ്മള്‍ ലോണ്‍ എടുക്കണം എന്ന് തീരുമാനിക്കുമ്പോള്‍ സ്വാഭാവികമായും ആദ്യം സമീപിക്കുക നമുക്ക് അക്കൗണ്ട് ഉള്ള ബാങ്കിലാവും. അവര്‍ പറയുന്ന പലിശ നിരക്കില്‍ അവിടെ നിന്ന് ലോണ്‍ എടുക്കുകയും ചെയ്യും. എന്നാല്‍ അത് മാത്രമല്ല ഓപ്ഷന്‍ എന്ന് തിരിച്ചറിയുക. നമ്മള്‍ മറ്റ് ബാങ്കുകളെ കൂടി സമീപിച്ചു അവരുടെ പലിശ നിരക്ക് കൂടി മനസിലാക്കുക. ചില ബാങ്കുകള്‍ കുറഞ്ഞ പലിശ നിരക്കില്‍ ഹോം ലോണ്‍ നല്‍കുന്നുണ്ട്. ആ ഓപ്ഷന്‍ കൂടി പരിഗണിക്കുക. കൂടാതെ പലിശ നിരക്ക് രണ്ടു വിധമുണ്ട്. ഒന്ന് ഫ്‌ലാറ്റ് റേറ്റ്, പിന്നെ ഫ്ളോട്ടിങ് റേറ്റ്. കൂടാതെ ബാങ്ക് പ്രോസസ്സിംഗ് ചാര്‍ജ് ഈടാക്കും. അപ്പോള്‍ കുറഞ്ഞ പലിശനിരക്കില്‍ കുറഞ്ഞ പ്രോസസ്സിംഗ് ചാര്‍ജ് ഈടാക്കാന്ന ബാങ്ക് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. 

7. നല്ലൊരു പരിസരം തെരെഞ്ഞെടുക്കാതിരിക്കുന്നത് 

നമുക്ക് ഒരു സ്ഥലം ഇഷ്ടപെടുന്നു, വീട് ഇഷ്ടപെടുന്നു, വില ഇഷ്ടപെടുന്നു പക്ഷെ നമ്മുടെ അയല്‍വക്കവും പരിസരവും മോശമാണെങ്കില്‍ നമ്മുടെ ജീവിതത്തെ അത് ബാധിക്കും. നമ്മള്‍ ഒരു കോമേഴ്ഷ്യല്‍ ഏരിയയിലാണ് വീട് നോക്കുന്നത് എന്നാല്‍ നമ്മുടെ വീടിനടുത്തായി ശബ്ദം അധികമുള്ള ഒരു ഫാക്ടറി ആണെങ്കില്‍ നമുക്ക് അവിടെ സ്വസ്ഥമായി കഴിയാന്‍ സാധിക്കില്ല. അത്‌കൊണ്ട് തന്നെ കോമേഴ്ഷ്യല്‍ ഏരിയ നോക്കുന്നവര്‍ ചുറ്റുവട്ടത്തുള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയെന്ന് മനസിലാക്കി വീട് വെയ്ക്കുകയോ വാങ്ങുകയോ ചെയ്യുക. ഇല്ലെങ്കില്‍ നമ്മള്‍ ആഗ്രഹിച്ച സ്വപ്ന ഭവനത്തില്‍ നമുക്ക് സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കില്ല 

* എല്ലാ ബാങ്കുകളുടെ നിരക്കും പ്രോസസിംഗ് ചാര്‍ജും വ്യത്യസ്തമായിരിക്കും. അവയെല്ലാം പരിശോധിച്ച ശേഷം തീരുമാനം എടുക്കുക  

വര്‍ഗീസ് നെറ്റിക്കാടന്‍ 
സിഇഒ 
സ്പാര്‍ക്കിള്‍ ഇന്റര്‍നാഷണല്‍ റിയല്‍റ്റര്‍ 
പനമ്പിള്ളി നഗര്‍, കൊച്ചി 
sales@sparklehomes.in
RERA regn no. AG/092/2020  
            


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.