Sections

എന്താണ് RoR? എന്തൊക്കെ ഉള്‍പ്പെടുന്നതാണ് RoR? RoR സര്‍ട്ടിഫിക്കറ്റ് വസ്തു രജിസ്‌ട്രേഷന് ആവശ്യമുണ്ടോ? 

Saturday, Oct 23, 2021
Reported By Ambu Senan
RoR

വസ്തു ഇടപാടുകള്‍ നടത്തുമ്പോള്‍ RoR രേഖ പരിശോധിക്കുന്നത് ഉചിതമാണ്

 

'Lay of the Land'ല്‍ ഇന്ന് ചര്‍ച്ച ചെയ്യുന്നത് RoR അഥവാ 'റൊക്കോഡ് ഓഫ് റൈറ്റ്‌സ്' എന്ന വിഷയമാണ്. എന്താണ് റെക്കോര്‍ഡ് ഓഫ് റൈറ്റ്‌സ്?  

ഭൂമിയുടെ അവകാശങ്ങള്‍ ആ വസ്തുവിന്റെ നിലവിലെ ഭൂവുടമയുടേതാണെന്ന് തെളിയിക്കുന്ന ഭൂമിയുടെ പ്രാഥമിക രേഖയാണ് ROR അഥവാ 'റൊക്കോഡ് ഓഫ് റൈറ്റ്‌സ്'. വസ്തു ഇടപാടുകള്‍ നടത്തുമ്പോള്‍ അതായത് വസ്തു വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും RoR രേഖ പരിശോധിക്കുന്നത് ഉചിതമാണ്. 

ഒരു നിശ്ചിത ഭൂമിയുടെ സര്‍വ്വേ നമ്പര്‍, സബ് ഡിവിഷന്‍ നമ്പര്‍, തണ്ടപ്പേര്‍ നമ്പര്‍, ആ ഭൂമിയുടെ തരം, അതായത് കൃഷി ഭൂമിയായിരുന്നോ അതോ നികത്തിയ ഭൂമിയായിരുന്നോ തുടങ്ങിയ വിവരങ്ങള്‍, ഭൂമിയുടെ വിസ്തീര്‍ണം, ഭൂവുടമയുടെ പേരും വിലാസവും, ഉടമയ്ക്ക് ഭൂമിയുടെ അവകാശം എങ്ങനെ ലഭിച്ചു, ഈ ഭൂമിയുടെ മേല്‍ എന്തെങ്കിലും ബാധ്യതകള്‍ ഉണ്ടോ, ഈ ഭൂമിയില്‍ നിന്ന് എന്തെങ്കിലും തരത്തിലുള്ള വരുമാനം ലഭിച്ചിട്ടുണ്ടോ, ഭൂമി മുന്‍പ് വാടകയ്ക്ക് കൊടുത്തിട്ടുണ്ടോ, ഈ ഭൂമിയില്‍ കുടികിടപ്പുകാരുണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് RoR. 

1968ലെ റെക്കോര്‍ഡ് ഓഫ് റൈറ്റ്‌സ് ആക്ട് പ്രകാരം പല ഘട്ടങ്ങളിലെ നടപടികള്‍ക്ക് ശേഷം പ്രസിദ്ധീകരിച്ചു സൂക്ഷിക്കേണ്ട ഒരു രേഖയാണ് റെക്കോര്‍ഡ് ഓഫ് രജിസ്ട്രി. ഈ റെക്കോര്‍ഡ് പ്രകാരം ഭൂമി വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും റവന്യൂ വകുപ്പിനെ അറിയിക്കുകയും ഈ രജിസ്ട്രിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുമാണ്.   

ഇനിയൊരു പ്രധാന ചോദ്യം:
 
RoR സര്‍ട്ടിഫിക്കറ്റ് വസ്തു രജിസ്‌ട്രേഷന് ആവശ്യമുണ്ടോ?

നിലവിലുള്ള രജിസ്‌ട്രേഷന്‍ നിയമത്തില്‍, വസ്തു രജിസ്‌ട്രേഷന് വേണ്ടി RoR സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പ്രതിപാദിച്ചിട്ടില്ല. ആയതുകൊണ്ട് രജിസ്‌ട്രേഷന്‍ നിയമം ഭേദഗതി വരുത്താതെ, രജിസ്‌ട്രേഷനു വേണ്ടി RoR സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധിക്കാനാവില്ലെന്ന് Sainudheen v. State of Kerala(2013), P. C Jacob v. village Officer (2019)എന്ന കേസുകളില്‍ ഹൈക്കോടതിയുടെ വിധി ഉണ്ട്. നിലവില്‍ നിയമം ഇല്ലാതിരിക്കുമ്പോള്‍ രജിസ്‌ട്രേഷനു വേണ്ടി പ്രമാണം ഹാജരാക്കുമ്പോള്‍ RoR സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന നിയമവിരുദ്ധമാണ്.

രജിസ്‌ട്രേഷന്‍ ആക്ട് സെക്ഷന്‍ 71 (1) അനുസരിച്ച്, സബ് രജിസ്ട്രാറുടെ മുമ്പില്‍ ഹാജരാക്കുന്ന പ്രമാണത്തിന്റെ രജിസ്‌ട്രേഷന്‍ RoR ഇല്ലായെന്ന കാരണത്താല്‍ അദ്ദേഹം നിഷേധിക്കുകയാണെങ്കില്‍,അതിന്റെ കാരണങ്ങള്‍ ഓഫീസിലുള്ള രണ്ടാം നമ്പര്‍ പുസ്തകത്തില്‍ രേഖപ്പെടുത്തുകയും, ബന്ധപ്പെട്ട കക്ഷികള്‍ അപേക്ഷ ബോധിപ്പിച്ചാല്‍ പുസ്തകത്തില്‍ രേഖപ്പെടുത്തിയ കാരണങ്ങളുടെ പകര്‍പ്പ് സൗജന്യമായും, താമസം കൂടാതെയും അപേക്ഷകന് കൊടുക്കേണ്ടതുമാണ്. 

അപ്പോള്‍ RoRന് ബദലായി എന്തെങ്കിലും രേഖ ഉണ്ടോ?

നിലവില്‍ RoRന് തുല്യമായ രേഖ വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കുന്നതാണ്. തണ്ടപ്പേര്‍ പകര്‍പ്പ് അഥവാ TP എക്‌സ്ട്രാക്ക്റ്റ് RoRന് സമാനമായ ഒരു രേഖയാണ്. വെള്ളപ്പേപ്പറില്‍ എഴുതിയ അപേക്ഷയോടൊപ്പം 100 രൂപ ഫീസ് നല്‍കിയാല്‍ തണ്ടപേപ്പര്‍ പകര്‍പ്പ് വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കുന്നതാണ്. 

RoRനെ സംബന്ധിച്ച് പ്രധാനപ്പെട്ടതും ഓര്‍ത്തിരിക്കേണ്ട കാര്യങ്ങളും ഇവയാണ്:

1. ഭൂമിയുടെ അവകാശങ്ങള്‍ ആ വസ്തുവിന്റെ നിലവിലെ ഭൂവുടമയുടേതാണെന്ന് തെളിയിക്കുന്ന ഭൂമിയുടെ പ്രാഥമിക രേഖയാണ് ROR 

2. നിങ്ങള്‍ ഒരു ഭൂമി വാങ്ങുവാന്‍ പോവുകയാണെങ്കില്‍ RoR രേഖ ഇല്ലെങ്കിലും പകരമായി തണ്ടപേപ്പര്‍ പകര്‍പ്പ് ഉണ്ടായാല്‍ മതി. അതല്ല RoR തന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കേണ്ട കാര്യമില്ല.

3. RoR ഇല്ലായെന്ന കാരണത്താല്‍ രജിസ്ട്രാര്‍ക്ക് പ്രമാണ നടപടികള്‍ നിഷേധിക്കാന്‍ കഴിയില്ല. കാരണം രജിസ്‌ട്രേഷനു വേണ്ടി RoR സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധിക്കാനാവില്ലെന്ന് ഹൈക്കോടതിയുടെ വിധി ഉണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.