- Trending Now:
തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് മേഖലയിലെ വെല്ലുവിളികൾക്ക് സുസ്ഥിരവും ഭാവിസാധ്യതയുമുള്ള പരിഹാരങ്ങൾ നൽകുന്നതിലൂടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ മാറ്റം കൊണ്ടുവരാൻ എഐ സങ്കേതങ്ങൾക്ക് സാധിക്കുമെന്ന് ടെക്നോപാർക്ക് ആസ്ഥാനമായ എഐ സേവന കമ്പനി ഡിക്യൂബ് എഐ യുടെ സിഒഒ മനു മാധവൻ പറഞ്ഞു.
ടെക്നോപാർക്കിൻറെ ഔദ്യോഗിക വോഡ് കാസ്റ്റ് പരമ്പരയായ 'ആസ്പയർ: സ്റ്റോറീസ് ഓഫ് ഇന്നൊവേഷൻ' പരിപാടിയിലാണ് മനു തൻറെ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്. ടെക്നോപാർക്കിനും സംസ്ഥാനത്തെ മറ്റ് ഐടി പാർക്കുകൾക്കും ഡിജിറ്റൽ ട്വിൻ മോഡൽ, സ്മാർട്ട് ബിൽഡിംഗുകൾ മുതലായ എഐ അധിഷ്ഠിത സൊല്യൂഷനുകൾ സ്വീകരിക്കാൻ കഴിയും. ഇത് ദീർഘകാലാടിസ്ഥാനത്തിൽ കാര്യക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കും. ഡിജിറ്റൽ ട്വിൻ മോഡൽ എന്നത് ഒരു ഡിജിറ്റൽ മാപ്പിംഗ് സംവിധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇൻറർനെറ്റ് ഓഫ് തിങ്സ് സെൻസറുകളുള്ള സ്മാർട്ട് കെട്ടിടങ്ങൾക്കും മറ്റ് സ്മാർട്ട് ഉപകരണങ്ങൾക്കും വിശകലനം ചെയ്യാനും അതിനനുസരിച്ച് തീരുമാനങ്ങൾ എടുക്കാനും കഴിയുന്ന ഒരു സിസ്റ്റത്തിലേക്ക് ഡാറ്റ അയയ്ക്കാൻ കഴിയും. ജല വിനിയോഗം, വൈദ്യുത ഉപഭോഗം, മാലിന്യ സംസ്കരണം, സുരക്ഷാ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ നിരവധി പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്താനും പരിഹാരം കാണാനും ഇത് സഹായിക്കും. ഒരു യുഎസ് ക്ലയൻറിനായി ഡിക്യൂബ് എഐ ഡിജിറ്റൽ ട്വിൻ മോഡൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൻറെ സാങ്കേതിക മേഖലാ മുന്നേറ്റങ്ങളെ ടെക്നോപാർക്ക് എങ്ങനെ സഹായിച്ചു എന്നതിനെക്കുറിച്ചും മനു സംസാരിച്ചു. വിവിധ കമ്പനികളിലായി പ്രവർത്തിക്കുന്ന 80,000-ത്തിലധികം പ്രൊഫഷണലുകളുള്ള ഒരു വലിയ ടാലൻറ് പൂളാണ് ടെക്നോപാർക്കിനുള്ളത്. കമ്പനികൾക്കിടയിൽ ഫലപ്രദമായ സഹകരണം വളർത്തിയെടുക്കുന്നതിനുള്ള അന്തരീക്ഷം ഇവിടുണ്ട്. കോളേജുകളിൽ നിന്നിറങ്ങി ജോലിയ്ക്കായി ടെക്നോപാർക്കിലെത്തുന്ന വിദ്യാർത്ഥികളെ പരിപോഷിപ്പിക്കുന്നതിനും ചലനാത്മകമായ സാങ്കേതിക വ്യവസായത്തിനായി അവരെ സജ്ജമാക്കുന്നതിനും ടെക്നോപാർക്കിൻറെ ജിടെക്കുമായുള്ള ബന്ധം സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019 ൽ സ്ഥാപിതമായതും ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ ഡിക്യൂബ് എഐക്ക് യുഎസ്, യുകെ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ സാന്നിധ്യമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.