Sections

അരുന്ധതി റോയ് ബിനാലെ സന്ദർശിച്ചു

Monday, Dec 29, 2025
Reported By Admin
Art Is About Standing With Artists, Says Arundhati Roy

കൊച്ചി: കലാകാരന്മാരെയും എഴുത്തുകാരെയും സംഗീതജ്ഞരെയും അവർക്കായി നിലകൊള്ളുന്നവരെയും പിന്തുണയ്ക്കലാണെന്ന് കലയെന്ന് വിഖ്യാത എഴുത്തുകാരി അരുന്ധതി റോയ്. ബിനാലെ പ്രദർശനങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ.

മട്ടാഞ്ചേരി ആനന്ദ് വെയർഹൗസിൽ പ്രദർശിപ്പിച്ചിട്ടുള്ള കുൽപ്രീത് സിങ്ങിന്റെ ചലച്ചിത്രം രാഷ്ട്രീയമുൾപ്പെടെ കല സ്പർശിക്കേണ്ട എല്ലാ മേഖലകളെയും ചർച്ച ചെയ്യുന്ന ഒന്നാണെന്നും അവർ പറഞ്ഞു. വെറുമൊരു വാണിജ്യ ലക്ഷ്യത്തോടെയുള്ളതോ കോർപ്പറേറ്റ് സ്പോൺസേർഡ് മാത്രമായതോ ആയ ഒന്നല്ല ബിനാലെ എന്ന ആശയത്തെ ഏറെ ഇഷ്ടപ്പെടുന്നു. കലയെ അതിന്റെ വിപണി മൂല്യം കൊണ്ട് മാത്രം അളക്കേണ്ടതല്ലെന്ന് അവർ പറഞ്ഞു.

ഫോർട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും വിവിധ വേദികൾ സന്ദർശിച്ച അരുന്ധതി റോയ്, ഒരു മലയാളി എന്ന നിലയിൽ ബിനാലെ ഏറെ അഭിമാനം നൽകുന്നു. ഇത്രയും മനോഹരമായ ഒരു സംരംഭത്തെ ഉൾക്കൊള്ളാൻ കൊച്ചിയല്ലാതെ മറ്റൊരു സ്ഥലം തനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ബിനാലെയ്ക്ക് കേരള സർക്കാർ നൽകുന്ന പിന്തുണയിൽ നിന്ന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് ഒരുപാട് പഠിക്കാനുണ്ടെന്നും അവർ പറഞ്ഞു.

ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ജൂതന്മാരും കമ്മ്യൂണിസ്റ്റുകാരും സഹവർത്തിത്വത്തോടെ സഹവസിക്കുന്ന ഇത്തരം ഒരിടത്ത് നിന്നുള്ള വ്യക്തിയായതിൽ അഭിമാനമുണ്ടെന്നും അവർ വ്യക്തമാക്കി.

കോട്ടയം അയ്മനത്ത് വളർന്ന അരുന്ധതി റോയിയുടെ 'ദ ഗോഡ് ഓഫ് സ്മോൾ തിങ്സ്' എന്ന കൃതി 1997-ൽ ബുക്കർ പ്രൈസ് നേടിയിരുന്നു. തന്റെ മാതാവ് മേരി റോയിയെക്കുറിച്ചുള്ള 'മദർ മേരി കംസ് ടു മി' എന്ന പുതിയ സ്മരണക്കുറിപ്പ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.