Sections

മില്ലറ്റ് വിപ്ലവം തീർത്ത് അട്ടപ്പാടി ഊരുകൾ

Wednesday, Oct 18, 2023
Reported By Admin
Millet Exhibition at Attapadi

അതെ അട്ടപ്പാടി ഇനി പഴയ അട്ടപ്പാടി അല്ല.മില്ലറ്റ് വിപ്ലവം തീർക്കാൻ ഒരുങ്ങുകയാണ് അട്ടപ്പാടി ആദിവാസി ഊരുകൾ. നമ്മുടെ ഭക്ഷണം എന്ന് അർത്ഥം വരുന്ന 'നമ്ത്ത് തീവനഗ' എന്ന പേരിൽ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി കുടുംബശ്രീ മിഷൻ സഘടിപ്പിച്ച സന്ദേശയാത്രയിലാണ് കേരളത്തിലെ ചെറുധാന്യ കലവറയായ അട്ടപ്പാടിയിൽ ഉത്പാദിപ്പിക്കുന്ന തനത് ചെറുധാന്യങ്ങളുടെ പ്രദർശനം ഒരുക്കിയത്. ഇതിന് പുറമെ ചെറുധാന്യ ഫുഡ് കോർട്ട്, അട്ടപ്പാടി മില്ലറ്റ് സീഡ് പ്രദർശനം, മില്ലറ്റ് കഫേ, അട്ടപ്പാടിയിൽ നിന്നുള്ള 32ഓളം വരുന്ന ചെറുധാന്യങ്ങളുടെ മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണനം എന്നിവയും ഒരുക്കിയിട്ടുണ്ട്.

മലപ്പുറം സിവിൽ സ്റ്റേഷൻ ക്യാന്റീൻ പരിസരത്ത് സംഘടിപ്പിച്ച വിപണന സ്റ്റാളിലെ കാണികളുടെ മനം കവർന്ന 'വനസുന്ദരി' ഹെർബൽ ചിക്കൻ മേളയുടെ പ്രധാന ആകർഷകമാണ്. കാട്ടിൽ നിന്നുള്ള പച്ചിലകൾ അരച്ച് ചേർത്ത് എണ്ണ തൊടാതെ കല്ലിൽ ചുട്ടെടുക്കുന്ന വിഭവമാണിത്. കുരുമുളകു പൊടിയും പുതിന ഇലയും ശർക്കരയും ചേർത്ത ഹെർബൽ കോഫീയും, ചാമ റാഗി പഴംപൊരിയും, കമ്പ്, വരഗ് പായസത്തിനും ആവശ്യക്കാർ ഏറെ ആയിരുന്നു. റവ, പുട്ട് പൊടി, ഇൻസ്റ്റന്റ് ദോശ മിക്സ് (ചാമ, തിന), ഹെൽത്ത് മിക്സ്, മുസ്സെല്ലി, പൊടി (റാഗി, ചോളം, തിന, വരഗ്), അവിൽ എന്നീ മില്ലറ്റ് ഉൽപ്പന്നങ്ങളും വിപണനത്തിനായി ഒരുക്കിയിരുന്നു. കൂടെ അരി ചോളം, വരഗ്, തിന, അമര, തൂവര, പൊരിച്ചീര, ചാമ, കാന്താരി, എള്ള്, മുത്താറി തുടങ്ങി 32 ഇനം വിത്തുകളും പ്രദർശിപ്പിച്ചിരുന്നു. ചോളം, റാഗി-പഞ്ഞപ്പുല്ല്, തിന, ചാമ,വരക്/വരക് അരി, കവടപ്പുല്ല് തുടങ്ങി ധാന്യങ്ങളുടെ വൻ ശേഖരം തന്നെ പ്രദർശനത്തിൽ ഉണ്ടായിരുന്നു.

14 ജില്ലകളിലും ജില്ലാ മിഷന്റെ സഹകരണത്തോടെയാണ് 'നമത്ത് തീവനഗ' എന്ന സംസ്ഥാന ചെറുധാന്യ ഉത്പന്ന പ്രദർശന, വിപണന ബോധവൽക്കരണ യാത്ര സഘടിപ്പിക്കുന്നത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിൽ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഷോളയൂർ പുതൂർ, കുറുമ്പ തുടങ്ങിയ പഞ്ചായത്ത് സമിതികളിലൂടെയാണ് ഇത്തരം മാതൃകാപരമായ പദ്ധതികൾ നടപ്പിലാക്കി വരുന്നത്. പുതിയ തലമുറയിൽ കണ്ട് വരുന്ന ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാനും പോഷകാഹാരക്കുറവ് പരിഹാരിക്കാനുമുള്ള ചെറുധാന്യങ്ങളുടെ പങ്ക് മനസിലാക്കിയാണ് ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത്.

'നമത്ത് തീവനഗ' ചെറുധാന്യ സന്ദേശയാത്രയ്ക്ക് ജില്ലയിൽ സ്വീകരണം

അന്താരാഷ്ട്ര ചെറുധാന്യ വർഷത്തോടനുബന്ധിച്ച് അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയും, ഫാം ലൈവ്ലിഹുഡ്, മലപ്പുറം കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 'നമത്ത് തീവനഗ' ചെറുധാന്യ സന്ദേശയാത്രയുടെ ജില്ലാതല ഫ്ലാഗ് ഓഫ് കർമ്മം ജില്ല കലക്ടർ വി ആർ പ്രേംകുമാർ നിർവഹിച്ചു. സ്റ്റാൾ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ നിർവഹിച്ചു. ചെറുധാന്യ ഉത്പന്ന പ്രദർശന വിപണന മേളയും ബോധവൽക്കരണ ക്യാമ്പയിനും പരിപാടിയുടെ ഭാഗമായി നടന്നു. മലപ്പുറം സിവിൽ സ്റ്റേഷൻ - കാന്റീൻ പരിസരത്തു നടന്ന പ്രദർശന വിപണന മേളയിൽ കുടുംബശ്രീ മലപ്പുറം ജില്ലാ മിഷൻ കോഡിനേറ്റർ ജാഫർ കെ കക്കൂത്ത് സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ കെ.പി.എ ഷരീഫ് അധ്യക്ഷത വഹിച്ചു. അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി കോഡിനേറ്റർ കെ പി കരുണാകരൻ പദ്ധതി വിശദ്ധീകരണം നടത്തി. മലപ്പുറം കുടുംബശ്രീ സിഡിഎസ് 2 ചെയർപേഴ്സൺ വി എ അനുജ ദേവി, സി ഡി എസ് 1 ചെയർപേഴ്സൺ ടി.ടി ജുമൈല, കുടുംബശ്രീ അസിസ്റ്റന്റ് ഡിസ്ട്രിക്ട് മിഷൻ കോഡിനേറ്റർ മുഹമ്മദ് കട്ടുപ്പാറ, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പ്രകാശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ മൻഷൂബ നന്ദിയും പറഞ്ഞു. സന്ദേശ യാത്രയിൽ അട്ടപ്പാടിയിലെ ചെറുധാന്യ കർഷകരും, കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു.

യാത്രയോടനുബന്ധിച്ച് 'ചെറുധാന്യ കൃഷിയും ആരോഗ്യവും ' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും സംഘടിപ്പിച്ചു. ചെറുധാന്യ കൃഷിയുടെ ആവശ്യകത, അട്ടപ്പാടിയിലെ ചെറുധാന്യ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തൽ, ജീവിതശൈലി രോഗങ്ങൾ തടയുന്നതിന് ചെറുധാന്യങ്ങളുടെ കൃഷിയും പാചകവും പ്രോത്സാഹിപ്പിക്കുക എന്നീ വിഷയങ്ങൾ സെമിനാർ ചർച്ചചെയ്തു. അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി അംഗം ബി. രാജമ്മ വിഷയാവതരണം നടത്തി. പ്രശാന്ത് ഹോട്ടൽ ഹാളിൽ നടന്ന സെമിനാറിൽ മലപ്പുറം കുടുംബശ്രീ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ മൻഷൂബ അധ്യക്ഷത വഹിച്ചു. പട്ടികവർഗ്ഗ വികസന കുടുംബശ്രീ മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ എം. പ്രഭാകരൻ, പ്രോജക്ട് മാനേജർ കെ.പി കരുണാകരൻ, നിലമ്പൂർ സ്പെഷ്യൽ പ്രോജക്ട് കോർഡിനേറ്റർ വി.എസ് റിജേഷ് എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.