Sections

രാജ്യത്തെ ഫുഡ് ഡെലിവറി ബിസിനസും ആമസോണ്‍ അടച്ചുപൂട്ടുന്നു

Saturday, Nov 26, 2022
Reported By admin
amazon

3000ത്തിലധികം റെസ്റ്റോറന്റ് പാര്‍ട്ണര്‍മാര്‍ ഇന്ത്യയിലുള്ള കമ്പനിയാണിത്


ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ബിസിനസിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആമസോണ്‍ തീരുമാനിച്ചു. ഡിസംബര്‍ 29 ആയിരിക്കും കമ്പനിയുടെ അവസാന പ്രവര്‍ത്തി ദിവസമെന്ന് ആമസോണ്‍ റെസ്റ്റോറന്റ് പങ്കാളികളെ അറിയിച്ചു. ബിസിനസ് പ്രവര്‍ത്തനം വിശദമായി വിലയിരുത്തിയ ശേഷമാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം. 2022 ഡിസംബര്‍ 29 ന് ശേഷം ആമസോണ്‍ ഫുഡ് വഴി ആര്‍ക്കും ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാന്‍ കഴിയില്ല. 3000ത്തിലധികം റെസ്റ്റോറന്റ് പാര്‍ട്ണര്‍മാര്‍ ഇന്ത്യയിലുള്ള കമ്പനിയാണിത്. 

മക്‌ഡൊണാള്‍ഡ്‌സ്, ഡൊമിനോസ് തുടങ്ങിയ വന്‍കിട ബ്രാന്റുകളടക്കം ഇവരുടെ റെസ്റ്റോറന്റ് പാര്‍ട്ണര്‍മാരാണ്. ആമസോണ്‍ ഫുഡ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന 25 പേരെ ആമസോണ്‍ ഏറ്റെടുത്തിരുന്നു. വാര്‍ഷിക ബിസിനസ് അവലോകനത്തിന് ശേഷമാണ് പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ചതെന്നാണ് കമ്പനി അറിയിക്കുന്നത്.

2020 മെയ് മാസത്തിലാണ് കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് കൊവിഡ് പ്രതിസന്ധിയിലായിരുന്നു രാജ്യം. 2021 മാര്‍ച്ച് ആയപ്പോഴേക്കും രാജ്യത്തെ 62 പിന്‍കോഡുകളില്‍ ഡെലിവറി സാധ്യമായിരുന്നു. എങ്കിലും പ്രതീക്ഷിച്ച മുന്നേറ്റം സാധ്യമാകാതെ വന്നത് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതിലേക്ക് നയിക്കുകയായിരുന്നു. 2023 ഓഗസ്റ്റ് മാസത്തോടെ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ ആമസോണിന്റെ എഡ്‌ടെക് പ്ലാറ്റ്‌ഫോമായ ആമസോണ്‍ അക്കാദമി തീരുമാനമെടുത്തതിന് പിന്നാലെയാണ് ഇത്.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ആമസോണ്‍ അക്കാദമി പ്ലാറ്റ്ഫോം ആരംഭിച്ചത്. നിലവിലെ അക്കാദമിക് സെഷനില്‍ എന്റോള്‍ ചെയ്തവര്‍ക്ക് മുഴുവന്‍ ഫീസും തിരികെ നല്‍കുമെന്നും ആമസോണ്‍ വ്യക്തമാക്കിയിരുന്നു. കൊവിഡ് മഹാമാരിയുടെ സമയത്ത്  വെര്‍ച്വല്‍ ലേണിംഗിന്റെ കുതിച്ചുചാട്ടത്തിനിടയിലാണ് ആമസോണും ഓണ്‍ലൈന്‍ ലേണിംഗ് അക്കാദമി ആരംഭിച്ചത്.

ഇന്ത്യയിലുടനീളമുള്ള മികച്ച എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് പ്രവേശനം അനുവദിക്കുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്സാം (ജെഇഇ) ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകള്‍ക്കായുള്ള പരിശീലനമാണ് ഓണ്‍ലൈന്‍ ലേണിംഗ് അക്കാദമി വാഗ്ദാനം നല്‍കിയത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.