Sections

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എല്ലാത്തിനുമുള്ള പരിഹാരമല്ല: പ്രൊഫ. സി. മോഹൻ

Wednesday, Jan 14, 2026
Reported By Admin
AI Is Not a Complete Solution for DBMS: Prof. C Mohan

തിരുവനന്തപുരം: ഡാറ്റാബേസ് മാനേജ്മെൻറ് സിസ്റ്റത്തിൽ (ഡിബിഎംഎസ്) ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വലിയ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും അത് എല്ലാത്തിനുമുള്ള പരിഹാരമല്ലെന്ന് സിലിക്കൺ വാലിയിലെ മുൻ ഐബിഎം ഫെലോയും മുൻ ഐബിഎം ഇന്ത്യ ചീഫ് സയൻറിസ്റ്റുമായ പ്രൊഫ. സി. മോഹൻ. ടെക്നോപാർക്കിൽ 'ഡാറ്റ മാനേജ്മെൻറ് ഇംപ്ലിക്കേഷൻസ് ഓഫ് ഇൻറലിജൻറ് കമ്പ്യൂട്ടിംഗ്' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ടെക്നോപാർക്കുമായി സഹകരിച്ച് ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള (ഡിയുകെ) ആണ് പ്രഭാഷണം സംഘടിപ്പിച്ചത്.

എഐക്ക് പരിമിതികളുണ്ടെന്നും മാധ്യമങ്ങളുടെയോ അക്കാദമിക് വിദഗ്ധരുടെയോ വെബ് 2.0 കമ്പനികളുടെയോ കൺസൾട്ടൻറുമാരുടെയോ ആവേശത്തിൽ ടെക് ജീവനക്കാർ വീണുപോകരുതെന്ന് ചൈനയിലെ ഹോങ്കോങ് ബാപ്റ്റിസ്റ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്ര പ്രൊഫസർ കൂടിയായ മോഹൻ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തിൽ തൊഴിൽ നൈപുണ്യത്തിനും എഐക്കും തുല്യപ്രാധാന്യമുണ്ട്. ടെക് ജീവനക്കാർ ഇവ രണ്ടും വളർത്തിയെടുക്കുന്നത് കരിയറിൽ ഗുണം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ടെക്നോപാർക്ക് മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർ റിലേഷൻഷിപ്പ് ഡെപ്യൂട്ടി വൈസ് പ്രസിഡൻറ് വസന്ത് വരദ, ഡിയുകെ രജിസ്ട്രാർ ഡോ. എ മുജീബ്, ഡിയുകെ അക്കാദമിക്സ് ഡീൻ ഡോ. ജയശങ്കർ, ഡിയുകെ ഡീൻ അഷ്റഫ്, ഗവേഷകർ, വിദ്യാർത്ഥികൾ, ടെക്നോപാർക്ക് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

എഐ വിപ്ലവം ഉണ്ടായിട്ടും ഹാർഡ് കോർ ഡാറ്റാബേസ് സിസ്റ്റങ്ങളുടെ പ്രവർത്തനം സജീവവും വളർച്ച പ്രാപിക്കുന്നതുമാണെന്ന് പ്രൊഫ. മോഹൻ ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യങ്ങളിൽ ഗവേഷണ സംവിധാനങ്ങളിൽ മാത്രമല്ല വാണിജ്യ മേഖലയുമായി ബന്ധപ്പെട്ടും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് പ്രാധാന്യം കൈവന്നിട്ടുണ്ട്. അക്കാദമിക് വിദഗ്ധർ മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ഡാറ്റാ സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കുന്നുണ്ടെന്ന് പൊതുവായ ഡാറ്റാ ഗവേഷണ-വ്യവസായ പ്രവണതകൾ ഉദാഹരിച്ച് അദ്ദേഹം പറഞ്ഞു.

ഡാറ്റ എല്ലാവർക്കും ലഭ്യമാക്കുക, ഡാറ്റാധിഷ്ഠിത തീരുമാനങ്ങൾ പ്രാപ്തമാക്കുക എന്നിവയാണ് സംരംഭങ്ങളുടെ ലക്ഷ്യം. ചൈനയിലെ പ്രധാന ടെക് കമ്പനികൾ ഇക്കാര്യത്തിൽ സജീവമാണ്. അക്കാദമിക് വിദഗ്ധർക്കും വ്യവസായികൾക്കും ഇടയിൽ ആശയവിനിമയം സൃഷ്ടിക്കേണ്ടതിൻറെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ടെക്നോപാർക്കിൻറെയും കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രതിമാസ പ്രഭാഷണ പരമ്പരയ്ക്കാണ് ചൊവ്വാഴ്ച തുടക്കമായത്. പ്രൊഫ. സി. മോഹൻറെ സെഷനായിരുന്നു ആദ്യത്തെ പരിപാടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.