Sections

ഐഎൻടി ആദിത്യ ബിർള പെർഫോമിംഗ് ആർട്സ് അക്കാദമി ആരംഭിച്ച് ആദിത്യ ബിർള ഗ്രൂപ്പ്

Tuesday, Jun 23, 2026
Reported By Admin
Aditya Birla Launches INT Aditya Birla Performing Arts Academy

മുംബൈ: രാജ്യത്തെ കലാസാംസ്കാരിക രംഗത്തെ ചരിത്രപ്രസിദ്ധമായ ഇന്ത്യൻ നാഷണൽ തിയേറ്ററിന് പുതിയ രൂപവും ലക്ഷ്യവും നൽകിക്കൊണ്ട് ആദിത്യ ബിർള ഗ്രൂപ്പ് ഐഎൻടി ആദിത്യ ബിർള പെർഫോമിംഗ് ആർട്സ് അക്കാദമി ആരംഭിച്ചു.

മുംബൈയിൽ നടന്ന ചടങ്ങിൽ അക്കാദമി ചെയർപേഴ്സൺ രാജശ്രീ ബിർള ഉദ്ഘാടനം നിർവഹിച്ചു. ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർള, നീരജ ബിർള, അനന്യ ബിർള, ആര്യമാൻ വിക്രം ബിർള എന്നിവർ സന്നിഹിതരായി.

1940-കളിലെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ കമലാദേവി ചതോപാധ്യായയെപ്പോലുള്ള ദീർഘദർശികളുടെ നേതൃത്വത്തിൽ ആരംഭിച്ച സ്ഥാപനമാണ് ഇന്ത്യൻ നാഷണൽ തിയേറ്റർ. പി. എൽ. ദേശ്പാണ്ഡെ, ഡോ. ശ്രീറാം ലാഗു, അമരീഷ് പുരി, സദാശിവ് അമ്രാപുർക്കർ, സ്മിത പാട്ടീൽ, സഞ്ജീവ് കുമാർ, ദീനാ പഥക്, ഭക്തി ബർവെ, രോഹിണി ഹട്ടൻഗഡി, അശോക് സറഫ്, പരേഷ് റാവൽ, സ്വരൂപ് സമ്പത്ത് തുടങ്ങി ഇന്ത്യൻ സിനിമയിലെയും നാടകരംഗത്തെയും പ്രഗത്ഭരായ നിരവധി കലാകാരന്മാർ തുടക്കം കുറിച്ചത് ഇന്ത്യൻ നാഷണൽ തിയേറ്ററിലൂടെയാണ്.

തലമുറകളായി സ്കൂളുകൾ, സർവകലാശാലകൾ, ആശുപത്രികൾ, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവയിലൂടെ രാജ്യനിർമ്മാണത്തിനായി ആദിത്യ ബിർള ഗ്രൂപ്പ് നൽകിവരുന്ന സംഭാവനകളുടെ തുടർച്ചയാണ് ഈ പുതിയ അക്കാദമി.

തിയേറ്റർ, സംഗീതം, നൃത്തം തുടങ്ങിയ മേഖലകളിൽ മികച്ച പ്രതിഭകളെ വാർത്തെടുക്കുന്നതിനുള്ള ഒരു ദേശീയ കേന്ദ്രമായാണ് അക്കാദമിയെ വിഭാവനം ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ അസാധാരണമായ കലാ പൈതൃകത്തിനും അത് കാത്തുസൂക്ഷിച്ചവർക്കുമുള്ള ആദരവാണ് ഈ അക്കാദമിയെന്നും സർഗ്ഗാത്മകതയും സംസ്കാരവും ഒരു മികച്ച സമൂഹത്തിൻറെ നെടുംതൂണുകളാണെന്ന ആദിത്യ വിക്രം ബിർളയുടെ വിശ്വാസമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതെന്നും രാജശ്രീ ബിർള പറഞ്ഞു.

ഉസ്താദ് അംജദ് അലി ഖാൻ, ഡോ. എൻ. രാജം, ശങ്കർ മഹാദേവൻ, ഉൽഹാസ് കഷാൽക്കർ, അരുണ സായിറാം, ലാൽഗുഡി ജി.ജെ.ആർ. കൃഷ്ണൻ, ലൂയിസ് ബാങ്ക്സ്, ബേലാ സെഗാൾ, യു. രാജേഷ്, സിദ്ധാർത്ഥ് റോയ് കപൂർ, രജിത് കപൂർ, ടെറൻസ് ലൂയിസ്, ക്ലിൻറ് വല്ലാഡറസ് തുടങ്ങി പ്രഗത്ഭരായ ഇന്ത്യൻ കലാകാരന്മാരുടെ വലിയൊരു നിര തന്നെ അക്കാദമിയുടെ ഉപദേശക സമിതിയിലുണ്ട്.

ഉദ്ഘാടന ചടങ്ങിൽ പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ മുഖ്യാതിഥിയായിരുന്നു. നൂർ ജഹാൻ, ശോഭാ ഗുർട്ടു, കിഷോരി അമോൻകർ, ബീഗം അക്തർ തുടങ്ങിയ ഇതിഹാസ ഗായകർക്ക് ആദരമർപ്പിച്ചുകൊണ്ട് പ്രശസ്ത ഗായിക കൗശികി ചക്രവർത്തിയുടെ സംഗീത പരിപാടിയും അരങ്ങേറി.

അപൂർവ്വമായ സംഗീത റെക്കോർഡിംഗുകളും പ്രകടനങ്ങളും സിനിമാ സൃഷ്ടികളും വരും തലമുറകൾക്കായി സംരക്ഷിക്കുന്നതിന് ഒരു പ്രത്യേക ആർക്കൈവൽ കേന്ദ്രം സ്ഥാപിക്കാൻ അക്കാദമിക്ക് പദ്ധതിയുണ്ട്. ഇതൊരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംരംഭമാണ്.

കല എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹത്തിലെ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും സാമൂഹിക ഉന്നമനത്തിനുമാണ് ആദിത്യ ബിർള ഗ്രൂപ്പ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.