Sections

രാജ്യമൊട്ടാകെ പന്തലിക്കാന്‍ അദാനി ഗ്രൂപ്പിന് ഏകീകൃത ലൈസന്‍സ്‌

Friday, Oct 14, 2022
Reported By admin
 Adani Data Networks

ഇതോടെ ജിയോ-എയര്‍ടെല്‍ എന്നിവയോട് മത്സരിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കങ്ങള്‍ എന്തൊക്കെയാണ് എന്നാണ് ഇനി കാണാനിരിക്കുന്നത്


ലോക സമ്പന്നരില്‍ ഒരാളായ ഗൗതം അദാനിയുടെ സംരംഭങ്ങളിലൊന്നായ അദാനി ഡാറ്റാ നെറ്റ് വര്‍ക്ക്‌സ് ലിമിറ്റഡിന് രാജ്യമൊട്ടാകെ ടെലികോം സേവനം നല്‍കാനുള്ള ഏകീകൃത ലൈസന്‍സ് അനുവദിച്ചു.വ്യോമയാനം, വൈദ്യുതി വിതരണം, തുറമുഖം, സിമെന്റ് തുടങ്ങിയ മേഖലകളിലേയ്ക്ക് അദാനി ഗ്രൂപ്പ് പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ടെലികോം സേവനവും പിടിച്ചെടുക്കാന്‍ അദാനി ഗ്രൂപ് ഒരുങ്ങുന്നത്.അടുത്തിടെ നടന്ന ലേലത്തില്‍ സ്പെക്ട്രം വാങ്ങിയ ശേഷമാണ് അദാനി ഗ്രൂപ്പ് ടെലികോം മേഖലയിലേക്ക് പ്രവേശിച്ചത്. തിങ്കളാഴ്ചയാണ് അനുമതി ലഭിച്ചതെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുണ്ട്.

അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ യൂണിറ്റായ അദാനി ഡാറ്റാ നെറ്റ്വര്‍ക്ക് ലിമിറ്റഡ് (എഡിഎന്‍എല്‍) അടുത്തിടെ നടന്ന 5ജി സ്‌പെക്ട്രം ലേലത്തില്‍ 20 വര്‍ഷത്തേക്ക് 212 കോടി രൂപ വിലമതിക്കുന്ന 26GHz മില്ലിമീറ്റര്‍ വേവ് ബാന്‍ഡില്‍ 400MHz സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം സ്വന്തമാക്കിയിരുന്നു.

''പുതിയതായി ഏറ്റെടുത്ത 5G സ്‌പെക്ട്രം ഒരു ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത് അദാനി ഗ്രൂപ്പിന്റെ പ്രധാന ഇന്‍ഫ്രാസ്ട്രക്ചര്‍, പ്രാഥമിക വ്യവസായം, ബി 2 സി ബിസിനസ് പോര്‍ട്ട്ഫോളിയോ എന്നിവയുടെ ഡിജിറ്റലൈസേഷന്റെ വേഗതയും വ്യാപ്തിയും ത്വരിതപ്പെടുത്തും'' എന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

ഇതോടെ ജിയോ-എയര്‍ടെല്‍ എന്നിവയോട് മത്സരിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കങ്ങള്‍ എന്തൊക്കെയാണ് എന്നാണ് ഇനി കാണാനിരിക്കുന്നത്. ലൈസന്‍സ് സ്വന്തമാക്കിയത് സംബന്ധിച്ച് അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, തമിഴ്നാട്, മുംബൈ, ഗുജറാത്ത്, കര്‍ണാടക ഉള്‍പ്പടെയുള്ള ആറ് സര്‍ക്കിളുകളിലെ സേവനത്തിന് മാത്രമാണ് ഇപ്പോള്‍ ലൈസന്‍സ് ലഭിച്ചിരിക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.