Sections

പതിനായിരങ്ങള്‍ വരുമാനം നേടാന്‍; എടിഎം ഫ്രാഞ്ചൈസി

Wednesday, Sep 22, 2021
Reported By admin
atm sbi

സാഹസികതയില്ലാതെ പണം വാരാന്‍ സാധിക്കുന്ന മികച്ച മാര്‍ഗ്ഗം

 

പുതിയൊരു സംരംഭം ആരംഭിക്കുമ്പോള്‍ റിസ്‌ക് എലമെന്റ് ഒഴിവാക്കി കൊണ്ട് നവാഗതരായ സംരംഭകര്‍ക്ക് ആശ്രയിക്കാവുന്ന മികച്ച മാര്‍ഗ്ഗം ആണ് ഫ്രാഞ്ചൈസികള്‍.പോസ്റ്റ്ഓഫീസ്,മില്‍മ തുടങ്ങി ഫ്രാഞ്ചൈസി സിസ്റ്റം നിലനില്‍ക്കുന്ന സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങള്‍ ഒരുപാടുണ്ട്.പക്ഷെ ഒരു എടിഎം ഫ്രാഞ്ചൈസി എങ്ങനെ ആരംഭിക്കും.ഇതിലൂടെ എന്ത് വരുമാനം ലഭിക്കും ?


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎമ്മില്‍ നിക്ഷേപം നടത്തിയാല്‍ മാസം ശരാശരി 60,000 രൂപ വരെ നേടുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഒരു എസ്ബിഐ എടിഎം ഫ്രാഞ്ചൈസി സ്വന്തമാക്കണമെങ്കില്‍ നിങ്ങളുടെ അടുത്തുള്ള ബാങ്ക് ശാഖയില്‍ നിന്ന് ഏത് പ്രദേശത്താണ് എടിഎം ആവശ്യമായി വരുന്നത് എന്ന് മനസ്സിലാക്കണം്.

50 അടി മുതല്‍ 80 അടി വരെ വിസ്തീര്‍ണമാണ് എടിഎമ്മിന് വേണ്ടത്. താത്പര്യമുള്ള വ്യക്തികള്‍ക്ക് 2 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കിക്കൊണ്ട് എസ്ബിഐ എടിഎം ഫ്രാഞ്ചൈസി വാങ്ങിക്കാം.


അതിന് പുറമേ 3 ലക്ഷം രൂപ പ്രവര്‍ത്തന മൂലധനമായും നിക്ഷേപം നടത്തേണ്ടതുണ്ട്. ഓര്‍മിക്കേണ്ട പ്രധാനപ്പെട്ട കാര്യം, മേല്‍പ്പറഞ്ഞിരിക്കുന്ന ഈ നിക്ഷേപങ്ങളെല്ലാം തിരിച്ചു ലഭിക്കുന്ന തുകകളാണ്. എപ്പോഴാണോ നിങ്ങള്‍ എസ്ബിഐ എടിഎം ഫ്രാഞ്ചൈസി അവസാനിപ്പിക്കുവാന്‍ തയ്യാറെടുക്കുന്നത് അപ്പോള്‍ നിങ്ങള്‍ നിക്ഷേപിച്ച തുക മുഴുവനും തിരികെ ലഭിക്കുന്നതാണ്.


ഒരു എടിഎം ഫ്രാഞ്ചൈസി വാങ്ങിക്കുന്നതിനായി ആദ്യം എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ നല്‍കണം.എന്നിരുന്നാലും യഥാര്‍ഥത്തില്‍ എടിഎം സ്ഥാപിക്കുന്ന കമ്പനികള്‍ ബാങ്കില്‍ നിന്നും വ്യത്യസ്തമായിരിക്കും. ടാറ്റ ഇന്‍ഡി ക്യാഷ്, മുത്തൂറ്റ് എടിഎം, ഇന്‍ഡ്യ വണ്‍ എടിഎം തുടങ്ങിയവയില്‍ ഏതെങ്കിലും കമ്പനിയായിരിക്കും എസ്ബിഐയുടെ എടിഎം സ്ഥാപിക്കുന്നത്. ഇതിനായി ഈ കമ്പനികളുടെ വെബ്സൈറ്റിലും ലോഗ് ഇന്‍ ചെയ്ത് എടിഎം ഫ്രാഞ്ചൈസി വാങ്ങിക്കുന്നതിനായുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.


ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ് തുടങ്ങിയ ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖയും, വിലാസം തെളിയിക്കുന്നതിനായി റേഷന്‍ കാര്‍ഡ് അല്ലെങ്കില്‍ വൈദ്യുതി ബില്‍ എന്നിവയുടെ പകര്‍പ്പോ, ഇവയ്ക്കൊപ്പം ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്, ഫോട്ടോഗ്രാഫ്, ഇ മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, ജിഎസ്ടി നമ്പര്‍ എന്നിവയാണ് എടിഎം ഫ്രാഞ്ചൈസി വാങ്ങിക്കുവാനാവശ്യമായ രേഖകള്‍.

കമ്മീഷന്‍ അടിസ്ഥാനത്തിലാണ് എസ്ബിഐ എടിഎം ഫ്രാഞ്ചൈസിയില്‍ നിങ്ങള്‍ക്ക് വരുമാനം ലഭിക്കുക. എല്ലാ പണ ഇടപാടുകള്‍ക്കും 8 രൂപയും, ഓരോ പണ ഇതര ഇടപാടുകള്‍ക്ക് 2 രൂപയും വീതമാണ് കമ്മീഷന്‍. വാര്‍ഷികാടിസ്ഥാനത്തില്‍ 33 മുതല്‍ 50 ശതമാനം വരെയാണ് റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്മെന്റ്. 

ഉദാഹരണത്തിന് ഒരു ദിവസം 500 ഇടപാടുകള്‍ നടന്നാല്‍ കമ്മീഷന്‍ ഇനത്തില്‍ നിങ്ങള്‍ക്ക് 88,000 രൂപ മുതല്‍ 90,000 രൂപ വരെ നേടാം.വലിയ സാഹസികതയില്ലാതെ പണം വാരാന്‍ സാധിക്കുന്ന മികച്ച മാര്‍ഗ്ഗം തന്നെയാണ് എടിഎം ഫ്രാഞ്ചൈസി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.