Sections

ഉപയോക്താക്കള്‍ക്ക് വീട്ടില്‍ പണം ലഭ്യമാകും; വാതില്‍പടി സേവനവുമായി എസ്ബിഐ

Thursday, Oct 21, 2021
Reported By Admin
sbi

ഈ സേവനം വഴി പണം പിന്‍വലിക്കല്‍ മുതല്‍, പേ ഓര്‍ഡറുകള്‍, പുതിയ ചെക്ക് ബുക്ക് തുടങ്ങിയ ധാരാളം സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് വീടുകളില്‍ ലഭ്യമാകും


പല തരത്തിലുള്ള ബാങ്കിംഗ് സേവനങ്ങള്‍ ഉപയോക്താക്കള്‍ക്കായി എസ്ബിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. കോവിഡ് കാലത്ത് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വേണ്ടി എസ്ബിഐ അവതരിപ്പിച്ച സേവനമാണ് വാതില്‍പ്പടി ബാങ്കിംഗ് (ഡോര്‍ സ്റ്റെപ്പ് ബാങ്കിംഗ്). ഈ സേവനം വഴി പണം പിന്‍വലിക്കല്‍ മുതല്‍, പേ ഓര്‍ഡറുകള്‍, പുതിയ ചെക്ക് ബുക്ക് തുടങ്ങിയ ധാരാളം സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് വീടുകളില്‍ ലഭ്യമാകും.

ഇത്തരത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കള്‍ക്ക് പിന്‍വലിക്കുവാന്‍ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ തുക 1,000 രൂപയാണ്. പരമാവധി 20,000 രൂപ വരെയും പിന്‍വലിക്കാം. എന്നാല്‍ പണം പിന്‍വലിക്കുന്നതിനായി അപേക്ഷ നല്‍കുന്നതിന് മുമ്പായി നിങ്ങളുടെ അക്കൗണ്ടില്‍ മതിയായ ബാലന്‍സ് തുക ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. മതിയായ തുക ഉപയോക്താവിന്റെ അക്കൗണ്ടില്‍ ഇല്ല എങ്കില്‍ ഇടപാട് റദ്ദ് ചെയ്യപ്പെടാന്‍ കാരണമാകും.

വാതില്‍പ്പടി ബാങ്കിംഗ് സേവനം ലഭ്യമാകണമെങ്കില്‍ എസ്ബിഐ ഉപയോക്താക്കള്‍ https://bank.sbi/dsb എന്ന ഔദ്യോഗിക ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ജോയിന്റ് അക്കൗണ്ടുകള്‍ക്കും, മൈനര്‍ അക്കൗണ്ടുകള്‍ക്കും നോണ്‍ പേഴ്സണല്‍ അക്കൗണ്ടുകള്‍ക്കും ഈ സേവനം ലഭ്യമാവുകയില്ല എന്ന് പ്രത്യേകം ഓര്‍ക്കുക. ഹോം ബ്രാഞ്ചില്‍ നിന്നും 5 കിലോ മീറ്റര്‍ റേഡിയസിലായിരിക്കണം ഉപയോക്താക്കളുടെ വിലാസം.

75 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ് വിവിധ സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ക്കായി വാതില്‍പ്പടി സേവനത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചാര്‍ജായി ഈടാക്കുന്നത്. ബാങ്കിന്റെ മൊബൈല്‍ അപ്ലിക്കേഷനിലൂടെയും നേരത്തേ പറഞ്ഞത് പോലെ വെബ്സൈറ്റ് മുഖേനയും വാതില്‍പ്പടി ബാങ്കിംഗ് സേവനത്തിനായി ഉപയോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം നാലു മണി വരെ 1800111103 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഉപയോഗിച്ചും രജിസ്്റ്റര്‍ ചെയ്യാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.