Sections

യുവാക്കളേ ധൈര്യമായി അടിപൊളിച്ചു ജീവിച്ചോളൂ; പക്ഷേ ഇവയൊക്കെ ചെയ്തിട്ട്

Thursday, Oct 21, 2021
Reported By Aswathi Nurichan
financial security

സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കുന്നതിനായി ഏറെ ശ്രമവും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും ആവശ്യമാണ്


മനുഷ്യരെ സംബന്ധിച്ചിടത്തോളം മുപ്പത് വയസിന് മുമ്പ് എന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ്. വിദ്യാഭ്യാസം, ജോലി, വിവാഹം തുടങ്ങി ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ നടക്കുന്ന സമയമാണത്. ആ സമയത്ത് തന്റെ സാമ്പത്തിക അച്ചടക്കം ശീലിക്കേണ്ടതും പണം വിവേക പൂര്‍വം കൈകാര്യം ചെയ്യുവാന്‍ പരിശിലീക്കുകയും വേണം. വരുമ്പോള്‍ വരുന്നിടത്ത് വച്ച് കാണാം എന്ന മട്ടിലുള്ള അടിച്ചുപൊളി ജീവിതമാണ് മിക്കവര്‍ക്കും താത്പര്യം എങ്കിലും ജീവിതത്തില്‍ നാളേക്ക് വേണ്ടി സമ്പാദ്യം കരുതി വയ്ക്കാതെ, സമ്പത്ത് സൃഷ്ടിക്കുവാന്‍ ശ്രമിക്കാതെ ജീവിക്കുന്നത് അബദ്ധമാകും. 

വായ്പ എന്നത് എപ്പോഴും അവസാന തെരഞ്ഞെടുപ്പായിരിക്കണം. സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കുന്നതിനായി ഏറെ ശ്രമവും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും ആവശ്യമാണ്. അതിനായി നിങ്ങളെ സഹായിക്കുന്ന പ്രധാനപ്പെട്ട 5 കാര്യങ്ങളാണ് ഇപ്പോള്‍ ഇവിടെ പറയുവാന്‍ പോകുന്നത്. ചെറിയ ചില കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുന്നതിലൂടെ നിങ്ങള്‍ക്ക് സാമ്പത്തികമായി ഉയര്‍ച്ച കൈവരിക്കുവാനും സമ്പത്ത് സൃഷ്ടിക്കുവാനും സാധിക്കും. 

ബഡ്ജറ്റ്

നിങ്ങളുടെ സാമ്പത്തീക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായുള്ള ആദ്യത്തെ ചുവട് കൃത്യമായ ബഡ്ജറ്റ് നിങ്ങള്‍ക്ക് ഉണ്ടായിരിക്കുക എന്നതാണ്. ബഡ്ജറ്റ് തയ്യാറാക്കി വയ്ക്കുക മാത്രം ചെയ്താല്‍ മാത്രം. അതില്‍ നിന്നും വ്യതിചലിക്കാതെ തന്നെ വേണം നിങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ നടത്തുവാനും. ബഡ്ജറ്റ് തയ്യാറാക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ഒരു മാസത്തെ എല്ലാ വരുമാനവും ചിലവുകളും കണക്കാക്കുകയാണ്.

എവിടെയൊക്കെയാണ് നിങ്ങള്‍ പണം ചിലവഴിക്കുന്നത് എന്ന് കൃത്യമായി പരിശോധിക്കുക. അടിക്കടി പുറത്തുപോയി ഭക്ഷണം കഴിക്കുക, ഓണ്‍ലൈനില്‍ നിന്നും കാണുന്നതെല്ലാം വാങ്ങിക്കൂട്ടുക തുടങ്ങിയ അത്യാവശ്യമല്ലാത്ത എല്ലാ ചിലവുകളും വെട്ടിച്ചുരുക്കുകയും തീരെ അനാവശ്യമെന്ന് തോന്നുന്നവ പൂര്‍ണമായും ഒഴിവാക്കുകയും ചെയ്യാം.

ക്രെഡിറ്റ് സ്‌കോര്‍ 

നിങ്ങളുടെ ആസ്തി വളര്‍ത്തണമെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുക എന്നതും ഒഴിവാക്കിക്കൂടാത്ത കാര്യമാണ്. ഇന്ത്യയില്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ലിമിറ്റഡ് (സിബില്‍) ആണ് ക്രെഡിറ്റ് സ്‌കോര്‍ തയ്യാറാക്കുന്നത്. മികച്ച ക്രെഡിറ്റ് സ്‌കോര്‍ നിങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളും ലഭിക്കുവാന്‍ കാരണമാകും.

ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ ഒരു ആധാര്‍ കാര്‍ഡ് മാത്രം ഉപയോഗിച്ച് തത്സമയ വ്യക്തിഗത വായ്പ വരെ നിങ്ങള്‍ക്ക് സ്വന്തമാക്കാം. കൃത്യമായ ഇടവേളകളില്‍ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുന്നത് ക്രെഡിറ്റ് സ്‌കോര്‍ കണക്കാക്കിയിരിക്കുന്നതില്‍ വ്യത്യാസമോ വൈരുദ്ധ്യമോ ഇല്ല എന്ന് ഉറപ്പാക്കുവാന്‍ സഹായിക്കും.

എമര്‍ജന്‍സി ഫണ്ട്

നിങ്ങളുടെ ഏറ്റവും ചുരുങ്ങിയത് 12 മാസത്തേക്കുള്ള ചിലവിന് പര്യാപ്തമായ തുകയാണ് എമര്‍ജന്‍സി ഫണ്ടായി കരുതേണ്ടത്. പെട്ടെന്ന് എന്തെങ്കിലും ആവശ്യത്തിനായി പണം വേണ്ടി വന്നാലോ, തൊഴില്‍ നഷ്ടപ്പെടുകയോ വരുമാനം നിലയ്ക്കുകയോ ചെയ്താലും എമര്‍ജന്‍സി ഫണ്ട് കൈയ്യിലുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈനീട്ടാതെ മുന്നോട്ട് പോകുവാന്‍ സാധിക്കും. സേവിംഗ്സ് അക്കൗണ്ടിലോ, ലിക്വിഡിറ്റി കൂടുതലുള്ള മറ്റേതെങ്കിലും നിക്ഷേപത്തിലോ ആണ് എമര്‍ജന്‍സി ഫണ്ട് സൂക്ഷിക്കേണ്ടത്. ഓരോ മാസവും നിങ്ങളുടെ വരുമാനത്തിന്റെ ചുരുങ്ങിയത് 10 ശതമാനമെങ്കിലും എമര്‍ജന്‍സി ഫണ്ടിലേക്ക് നിക്ഷേപിക്കണം.

നികുതി ആസൂത്രണം

ഓരോ നിക്ഷേപം നടത്തുന്നതിന് മുമ്പായും നികുതി ഇളവുകളെക്കുറിച്ചും മനസ്സിലാക്കാം. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസം നിക്ഷേപത്തിനായി പരക്കം പായുന്ന രീതിയും ഒഴിവാക്കണം. എപ്പോഴും സാമ്പത്തികാസൂത്രണത്തില്‍ നികുതി ആസൂത്രണത്തിനും പ്രാധാന്യം നല്‍കണം. നികുതി ഇനത്തില്‍ വെറുതേ ചിലവായിപ്പോകുന്ന വലിയ അളവ് തുക ഇതുവഴി നമുക്ക് ലാഭിക്കാം.

സമ്പാദ്യം

നമുക്ക് ഇപ്പോള്‍ ചെറിയ പ്രായമാണെങ്കിലും വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നമ്മെയും വാര്‍ധക്യം തേടി വരും എന്ന കാര്യം എപ്പോഴും ഓര്‍ക്കണം. റിട്ടയര്‍മെന്റ് കാലത്തേക്ക് മതിയായ സമ്പാദ്യം കരുതി വയ്ക്കുന്നതിനുള്ള നിക്ഷേപം ഇപ്പോഴേ ആരംഭിക്കാം. ദീര്‍ഘകാല നിക്ഷേപങ്ങളിലൂടെ ഉയര്‍ന്ന നേട്ടം നേടുവാനും നിങ്ങള്‍ക്ക് സാധിക്കും. അതുവഴി റിട്ടയര്‍മെന്റ് കാലം സാമ്പത്തിക ഞെരുക്കങ്ങളില്ലാതെ ജീവിക്കാം.

അടിച്ചു പൊളിച്ച് നടക്കുന്ന ഈ കാലഘട്ടങ്ങളില്‍ ഇതൊക്കെ ഒരു തമാശയായി നിങ്ങള്‍ക്ക് തോന്നാം. ഏതൊരു വ്യക്തിക്കും ഫിനാഷ്യല്‍ ഫ്രീഡം അനിവാര്യവാണ്. അതില്‍ ലിംഗ വ്യത്യാസങ്ങള്‍ ഒന്നുമില്ല. പണം മുഴുവന്‍ ചിലവാക്കി തീര്‍ക്കുകയും മറ്റുള്ളവര്‍ക്ക് വേണ്ട് ജീവിച്ച് സ്വന്തമായി ഒന്നു നേടാതിരിക്കുകയും ചെയ്യുന്നത് നിങ്ങള്‍ നിങ്ങളോട് തന്നെ ചെയ്യുന്ന വലിയ തെറ്റാണ്. പിന്നീട് കുറ്റബോധം തോന്നിയിട്ട് കാര്യമല്ല. ചെയ്യേണ്ട കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ ചെയ്തു തുടങ്ങുക.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.