Sections

ഓണ്‍ലൈന്‍ പണമിടപാടില്‍ ആശങ്കയുണ്ടോ? എങ്കില്‍ ഓണ്‍ലൈന്‍ പണ കൈമാറ്റ രീതികള്‍ ഏതൊക്കെയെന്ന് മനസിലാക്കൂ

Thursday, Aug 26, 2021
Reported By Aswathi Nurichan
online banking

ഇന്റര്‍നെറ്റ് ബാങ്കിംഗിലൂടെ തത്സമയം പണം കൈമാറ്റം ചെയ്യുവാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഏത് ദിവസവും ഏത് സമയത്തും ഈ രീതിയില്‍ പണം കൈമാറ്റം ചെയ്യാം.


ഓണ്‍ലൈന്‍ പണമിടപാടുകള്‍ ഇന്നത്തെ കാലത്ത് ഒഴിച്ചു കൂടാനാകാത്ത ഒന്നാണ്. പ്രായഭേദമന്യേ എല്ലാവരും ഇന്റര്‍നെറ്റ് ബാങ്കിലൂടെ പണമിടപാട് നടത്താറുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ പണ കൈമാറ്റ രീതികളെ കുറിച്ച് അറിവില്ലാത്തതിനാല്‍ ചിലവര്‍ക്ക് അതിനെ കുറിച്ച് ആശങ്ക ഉണ്ടാകുകയും ഇന്റര്‍നെറ്റ് പണമിടപാട് നടത്താന്‍ മടിക്കുകയും ചെയ്യാറുണ്ട്. 

ഇന്റര്‍നെറ്റ് ബാങ്കിംഗിലൂടെ തത്സമയം പണം കൈമാറ്റം ചെയ്യുവാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഏത് ദിവസവും ഏത് സമയത്തും ഈ രീതിയില്‍ പണം കൈമാറ്റം ചെയ്യാം. ഏത് ആവശ്യത്തിനും ബാങ്കില്‍ പോയി ക്യൂ നില്‍ക്കേണ്ടി വരുന്ന സാഹചര്യത്തില്‍ നിന്നും ഉപയോക്താക്കള്‍ക്കുള്ള വലിയൊരു രക്ഷയാണ് ഇന്റര്‍നെറ്റ് ബാങ്കിംഗ്. 

ഇന്റര്‍നെറ്റ് ബാങ്കിംഗിലൂടെ മൂന്ന് രീതിയിലാണ് പണം കൈമാറ്റം ചെയ്യപ്പെടുന്നത്. നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്സ് ട്രാന്‍സ്ഫര്‍ അഥവാ നെഫ്റ്റ്, റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് അഥവാ ആര്‍ടിജിഎസ്, ഇന്റര്‍മീഡിയറ്റ് പേയ്മെന്റ് സര്‍വീസ് അഥവാ ഐഎംപിഎസ്, എന്നിവയാണവ.

നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്സ് ട്രാന്‍സ്ഫര്‍ അഥവാ നെഫ്റ്റ്

നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫറിലൂടെ ഒരു ബാങ്കില്‍ നിന്നും മറ്റൊരു ബാങ്കിലേക്കും ഒരു ബാങ്ക് ശാഖയില്‍ നിന്നും മറ്റൊരു ബാങ്ക് ശാഖയിലേക്കും പണം അയയ്ക്കുവാന്‍ സാധിക്കുന്ന സേവനമാണ്. ഈ രീതിയില്‍ കൈമാറ്റം ചെയ്യുവാന്‍ സാധിക്കുന്ന ചുരുങ്ങിയ തുകയ്ക്ക്‌ പരിധി നിശ്ചയിച്ചിട്ടില്ല. കൈമാറ്റം ചെയ്യുവാന്‍ സാധിക്കുന്ന പരമാവധി തുക ഓരോ ബാങ്കിനും അനുസരിച്ച് വ്യത്യസ്തമായിരിക്കും.

നെഫ്റ്റ് ഇടപാടുകള്‍ നടത്തുന്നതിന് നിങ്ങളുടെ പൂര്‍ണ്ണ വിലാസം, ടെലിഫോണ്‍ നമ്പര്‍ എന്നിവ പോലുള്ള വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. നെഫ്റ്റ് വഴി പണം സ്വീകരിക്കുന്നവര്‍ക്ക് ഫീസ് നിരക്കുകള്‍ ഒന്നും തന്നെ ബാധകമല്ല. എന്നാല്‍ നിങ്ങള്‍ പണം കൈമാറുകയാണെങ്കില്‍ നിങ്ങള്‍ ഒരു നിശ്ചിത ഫീസ് നല്‍കേണ്ടി വരും.

റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് അഥവാ ആര്‍ടിജിഎസ്

റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് രീതിയിലൂടെ റിയല്‍ ടൈം അടിസ്ഥാനത്തിലാണ് തുകകള്‍ കൈമാറ്റം ചെയ്യപ്പെടുന്നത്. രാജ്യത്ത് പണം കൈമാറ്റം ചെയ്യുന്നതിനായി ബാങ്കുകള്‍ ഉപയോഗിക്കുന്ന ഏറ്റവും വേഗതയേറിയ രീതിയാണിത്. ആര്‍ടിജിഎസ് രീതിയില്‍ പണം കൈമാറ്റം ചെയ്യുമ്പോള്‍ 30 മിനുട്ടില്‍ താഴെ സമയത്തില്‍ ബെനഫിഷ്യറി ബാങ്ക് സ്വീകര്‍ത്താവിന്റെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യും.

ഇന്റര്‍മീഡിയറ്റ് പേയ്മെന്റ് സര്‍വീസ് അഥവാ ഐഎംപിഎസ്

ഇന്റര്‍മീഡിയറ്റ് പെയ്മെന്റ് സര്‍വീസ് എന്നത് തത്സമയ പെയ്മെന്റ് സേവനമാണ്. റിയല്‍ ടൈം അടിസ്ഥാനത്തില്‍ പണം അയക്കുവാനും സ്വീകരിക്കുവാനും ഇന്റര്‍മീഡിയറ്റ് പെയ്മെന്റ് സര്‍വീസിലൂടെ സാധിക്കും. എന്നാല്‍ ഒരു ദിവസം ഇന്റര്‍മീഡിയറ്റ് ബാങ്കിംഗ് സേവനങ്ങളിലൂടെ കൈമാറ്റം ചെയ്യുവാന്‍ സാധിക്കുന്ന പരമാവധി തുക 2 ലക്ഷം രൂപയാണ്. ഐഎംപിഎസ് വഴിയുള്ള ഇടപാടുകളുടെ നിരക്ക് ബാങ്കുകളും പിപിഐകളുമാണ് തീരുമാനിക്കുന്നത്. 


യൂണിഫൈഡ് പെയ്‌മെന്റ് ഇന്റഫെയ്‌സ് അഥവാ യുപിഐ

ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പെട്ടെന്ന് പണം അയക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് യൂണിഫൈഡ് പെയ്‌മെന്റ് ഇന്റഫെയ്‌സ് അഥവാ യുപിഐ. റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇത് വികസിപ്പിച്ചെടുത്തത്. ഐഎംപിഎസ് ഘടന ഉപയോഗപ്പെടുത്തിയാണ് യുപിഐ നിര്‍മ്മിച്ചിരിക്കുന്നത്.

ഒന്നില്‍ അധികം ബാങ്ക് അക്കൗണ്ടുകള്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലാറ്റ് ഫോമിലേക്ക് കൊണ്ടു വരുകയാണ് യുപിഐ ചെയ്യുന്നത്. മെര്‍ച്ചന്റ് പെയ്‌മെന്റ് ഉള്‍പ്പെടെ നിരവധി ബാങ്കിംഗ് സൗകര്യങ്ങള്‍ ഈ ആപ്ലിക്കേഷനില്‍ സമന്വയിപ്പിച്ചിട്ടുണ്ട്. ഓരോരുത്തരുടെയും സൗകര്യത്തിനും ആവശ്യത്തിനും അനുസരിച്ച് ഷെഡ്യൂള്‍ ചെയ്ത് പണം അടക്കാന്‍ സാധിക്കുന്ന പിയര്‍ ടു പിയര്‍ കളക്ഷന്‍ റിക്വസ്റ്റും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ഷം മുഴുവന്‍ ഏത് സമയത്തും യുപിഐ ഉപയോഗിച്ച് പണം കൈമാറ്റം നടത്താനാകും. ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളില്‍ യുപിഐ ആപ്പുകള്‍ ലഭ്യമാണ്.

ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം ഉപയോഗപ്പെടുത്തുമ്പോള്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ മറ്റാരുമായും പങ്കുവയ്ക്കാതിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ ഇടപാടുകള്‍ നടത്തുന്നതിനായി വിവരങ്ങള്‍ നല്‍കുമ്പോള്‍ അതീവ സൂക്ഷ്മതയും ശ്രദ്ധയും പുലര്‍ത്തുകയും വേണം.

പുതിയ സാങ്കേതിക വിദ്യ വരുമ്പോഴും പഴയ സര്‍വീസ് രീതികള്‍ കാലഹരണപ്പെടുന്നില്ല എന്നതിന്റെ ഉദാഹരണമാണ് ഇപ്പോഴും നെഫ്്റ്റും ആര്‍ടിജിഎസും നിലനില്‍ക്കുന്നത്. നിരവധി പേര്‍ നൂതന പണമിടപാട് രീതിയായ യുപിഐയിലേക്ക് കടന്നുവെങ്കിലും ഇപ്പോഴും അത് ഉപയോഗിക്കാത്ത വലിയൊരു വിഭാഗം ഇന്ത്യയിലുണ്ട്. അതുകൊണ്ട് തന്നെ പണ കൈമാറ്റ രീതികള്‍ മനസിലാക്കുന്നത് പൊതുജനങ്ങള്‍ക്ക് ഏറെ ഗുണപ്രദമായിരിക്കും. 


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.