- Trending Now:
കൊച്ചി: 360 വൺ വെൽത്ത് ക്രിസിലുമായി സഹകരിച്ച് ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയായ '360 വൺ വെൽത്ത് ക്രിയേറ്റേഴ്സ് ലിസ്റ്റി' ൻറെ ഉദ്ഘാടന പതിപ്പ് പുറത്തിറക്കി. ഇന്ത്യയിലെ മുൻനിര സമ്പത്ത്, ആസ്തി മാനേജ്മെൻറ് കമ്പനികളിലൊന്നായ 360 വൺ ഡബ്ല്യുഎഎമ്മിൻറെ ഭാഗമാണ് 360 വൺ വെൽത്ത്.
രാജ്യത്തെ കുറഞ്ഞത് 500 കോടി രൂപയുടെ ആസ്തിയുള്ള 2013 വ്യക്തികളെയാണ് പട്ടികൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ സംരംഭകർ, പ്രൊഫഷണലുകൾ, നിക്ഷേപകർ, അവകാശികൾ തുടങ്ങിയവർ ഉൾപ്പെടുന്നു. ഇവരുടെ സംയോജിത ആസ്തിയുടെ മൂല്യം ഏകദേശം 100 ട്രില്യൺ രൂപയാണ്. ഇത് രാജ്യത്തിൻറെ ജിഡിപിയുടെ മൂന്നിലൊന്നിന് തുല്യമാണ്. 1,423 കോടി രൂപയാണ് ശരാശരി സമ്പത്ത്.
ആകാശ് അംബാനിയും അനന്ത് അംബാനിയും 3.59 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളായി മാറി. പട്ടികയിലുൾപ്പെട്ട 161 പേർക്ക് 10,000 കോടി രൂപയിലധികം ആസ്തിയുണ്ട്. 169 പേരുടെ ആസ്തി 5,000 കോടി രൂപയ്ക്കും 10,000 കോടി രൂപയ്ക്കും ഇടയിലാണ്. ടാറ്റാ ഗ്രൂപ്പ്, റിലയൻസ് ഇൻഡസ്ട്രീസ്, അദാനി ഗ്രൂപ്പ് എന്നിവയുമായി ബന്ധപ്പെട്ട കുടുംബാംഗങ്ങളും പ്രമോട്ടർമാരും ചേർന്ന് ആകെ 24% പ്രമോട്ടർ സമ്പത്ത് കൈവശം വയ്ക്കുന്നു. ഇതിൻറെ മൂല്യം ഏകദേശം 36 ലക്ഷം കോടി രൂപ ആയി കണക്കാക്കപ്പെടുന്നു.
577 വെൽത്ത് ക്രിയേറ്റർമാരുള്ള മുംബൈയാണ് രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനം എന്ന പദവിക്ക് അർഹമായിരിക്കുന്നത്. പട്ടികയിലെ ആകെ ആസ്തിയുടെ 40 ശതമാനം ഇവരാണ് നിയന്ത്രിക്കുന്നത്. പട്ടിക പ്രകാരം ന്യൂഡൽഹിയിൽ 17 ശതമാനവും ബംഗളുരുവിൽ 8 ശതമാനവും അഹമ്മദാബാദിൽ 5 ശതമാനവും അതിസമ്പന്നന്മാരായ ഇന്ത്യക്കാരുണ്ട്. 40 വയസിന് താഴെയുള്ള 143 സജീവ വെൽത്ത് ക്രിയേറ്റർമാരാണ് ഇന്ത്യയിലുള്ളത്. ഇവരിൽ പലരും രാജ്യത്ത് ഡിജിറ്റൽ-ഫസ്റ്റ് ബിസിനസ് മോഡലുകൾക്ക് തുടക്കമിട്ടവരാണ്. ഭാരത്പേയുടെ 27 വയസുള്ള ശാശ്വത് നക്രാനിയാണ് ഇവരിൽ ഏറ്റവും ചെറുപ്പം.
പട്ടികയിലെ 71 ശതമാനത്തോളം പേരും പുരുഷന്മാരാണ്. ആകെ ആസ്തിയുടെ 76 ശതമാനത്തോളമാണ് ഇവർക്കുള്ളത്. ഫാർമസ്യൂട്ടിക്കൽസ് മേഖലയിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യമുണ്ട്. ഫാർമയിലെ മൊത്തം ശതകോടീശ്വരന്മാരുടെ 33 ശതമാനം സ്ത്രീകളാണ്. ധനകാര്യ മേഖലയിലിത് 24 ശതമാനമാണ്. ഇഷ അംബാനിയാണ് സ്ത്രീകളിൽ ഏറ്റവും ധനികയായ ബിസിനസ് ഉടമ. 360 വൺ വെൽത്ത് ക്രിയേറ്റേഴ്സ് പട്ടികയിലെ മൊത്തം സമ്പത്തിൻറെ ഏകദേശം 59 ശതമാനം ഇന്ത്യയിലെ മികച്ച 50 ബിസിനസ് സ്ഥാപനങ്ങളുടെതാണ്. റിലയൻസ് ഇൻഡസ്ട്രീസും അദാനി എൻറർപ്രൈസസുമാണ് ആകെ ആസ്തിയുടെ 12 ശതമാനം നിയന്ത്രിക്കുന്നത്.
ഇന്ത്യയുടെ സാമ്പത്തിക ഭാവി രൂപപ്പെടുത്തുന്ന വ്യക്തികളെയും കുടുംബങ്ങളെയും രേഖപ്പെടുത്തുന്നതിനുള്ള ഒരു നിർണായക ശ്രമമാണ് ഈ പട്ടികയെന്നും ഇന്ത്യയിലെ സമ്പത്ത് സൃഷ്ടിയുടെ ആഴവും പരപ്പും എടുത്തുകാണിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും 360 വൺ സ്ഥാപകനും എംഡിയും സിഇഒയുമായ കരൺ ഭഗത് പറഞ്ഞു.
ഇതൊരു സമ്പന്ന പട്ടിക എന്നിതിലുപരി ഇന്ത്യയുടെ സംരംഭക സ്വപ്നങ്ങൾ, തലമുറകൾ തമ്മിലുള്ള പാരമ്പര്യം, ഉയർന്നുവരുന്ന സാമ്പത്തിക ശക്തികൾ എന്നിവയെ പ്രതിഫലിപ്പിക്കുന്ന പ്രതിബിംബമാണ് ഈ പട്ടികയെന്ന് 360 വൺ സഹസ്ഥാപകനും 360 വൺ വെൽത്തിൻറെ സിഇഒയുമായ യതിൻ ഷാ പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക ഭാവിയെ രൂപപ്പെടുത്തുന്ന വ്യക്തികളുടെ സംഭാവനകളെ എടുത്തുകാണിക്കുന്നതാണെന്ന് ക്രിസിൽ ഇൻറലിജൻസിൻറെ പ്രസിഡൻറും ബിസിനസ് മേധാവിയുമായ പ്രീതി അറോറയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.