Sections

സൂപ്പര്‍ താങ്ക്സ്: പ്രിയപ്പെട്ട യൂട്യൂബേഴ്‌സിന് ഇനി കാഴ്ചക്കാര്‍ക്കും പണം നല്‍കാം

Friday, Jul 23, 2021
Reported By Ambu Senan
super thanks

പുതിയ ഫീച്ചറുമായി യൂട്യൂബ്

 

വീഡിയോ ചെയ്യുന്ന നമ്മുടെ ഇഷ്ട യൂട്യൂബ്‌ഴ്സിന് പണം നല്‍കാന്‍ സാധിക്കുന്ന പുതിയ ഫീച്ചറുമായി യൂട്യൂബ്. പ്രിയപ്പെട്ട യുട്യൂബേഴ്സിനെ പിന്തുണയ്ക്കാന്‍ കാഴ്ചക്കാര്‍ക്ക് പണം നല്‍കാന്‍ അനുവദിക്കുന്ന 'സൂപ്പര്‍ താങ്ക്സ്' എന്ന പേരിലുള്ള ഫീച്ചറാണ് യുട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് മുതല്‍ 50 ഡോളര്‍ വരെ ഒരു സമയം ഇത്തരത്തില്‍ സംഭാവന നല്‍കാം. ഇതുവഴി ഒരു വീഡിയോ ക്രിയേറ്റ് ചെയ്യുന്നയാള്‍ക്ക് അയാളുടെ വീഡിയോ ഇഷ്ടപ്പെട്ട വ്യക്തിയില്‍ നിന്നു 150 രൂപ മുതല്‍ 3,370 രൂപ വരെ സമ്മാനമായി ലഭിക്കും. 

വീഡിയോ നിര്‍മാതാക്കള്‍ക്ക് മറുപടി നല്‍കാന്‍ കഴിയുന്ന കമന്റ് സെക്ഷനില്‍ ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട യുട്യൂബേഴ്സുമായി നേരിട്ട് സംസാരിക്കാം. ഇതിനും സൂപ്പര്‍ താങ്ക്സ് ഫീച്ചര്‍ സഹായിക്കും. 68 രാജ്യങ്ങളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്, ഇത് യുട്യൂബ് പാര്‍ട്ണേഴ്സ് പ്രോഗ്രാമുകളില്‍ യോഗ്യരായവരിലേക്ക് വ്യാപിപ്പിക്കാനാണ് യുട്യൂബിന്റെ നീക്കം.

 

ക്രിയേറ്റേഴ്സിന് ഒരു പുതിയ വരുമാന സ്രോതസ്സിലേക്ക് പ്രവേശനം നല്‍കുമ്പോള്‍ ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട ചാനലുകളെ പിന്തുണയ്ക്കാന്‍ സൂപ്പര്‍ താങ്ക്‌സ് സഹായിക്കുമെന്ന് യൂട്യൂബ് വ്യക്തമാക്കി. 2021ല്‍ സൂപ്പര്‍ ചാറ്റ്, 2019 ല്‍ സൂപ്പര്‍ സ്റ്റിക്കറുകള്‍ എന്നിവ പോലുള്ള ഫീച്ചറുകള്‍ നേരത്തെ യുട്യൂബ് അവതരിപ്പിച്ചിരുന്നു. ചാനല്‍ മെമ്പര്‍ഷിപ്പുകളിലൂടെ എക്സ്‌ക്ലൂസീവ് കമന്റുകള്‍ക്കായി പണം നല്‍കാനും ആരാധകരെ യുട്യൂബ് അനുവദിക്കുന്നു. 

കമന്റ് വിഭാഗത്തിന് മുകളില്‍ അഭിപ്രായങ്ങള്‍ പിന്‍ ചെയ്യുന്നതിന് കാഴ്ചക്കാരെയും അനുവദിക്കും. ലൈവ് സ്ട്രീം ചെയ്യുന്ന സൂപ്പര്‍ ചാറ്റ് വീഡിയോയില്‍ സൂപ്പര്‍ ചാറ്റുകള്‍ക്കായി പണമടയ്ക്കാനും സംവിധാനമുണ്ട്. ചില യുട്യൂബേഴ്സിന് സൂപ്പര്‍ താങ്ക്‌സിലേക്ക് നേരത്തേ ആക്സസ്സ് നല്‍കിയിട്ടുണ്ടെന്നും ഈ വര്‍ഷം അവസാനം എല്ലാ ഉപയോക്താക്കള്‍ക്കും ഈ സവിശേഷത ലഭ്യമാക്കുമെന്നും യൂട്യൂബ് പറയുന്നു.  


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.