Sections

സിനിമയെ വെല്ലുന്ന ജീവിതം; ലോകത്തിലെ ആദ്യ ശതകോടീശ്വരനെക്കുറിച്ച് അറിയേണ്ടേ?

Wednesday, May 11, 2022
Reported By admin

നിങ്ങള്‍ ചിന്തിക്കുന്നതിലും ഏറെ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ അദ്ദേഹം ശതകോടീശ്വര പട്ടം നേടിയിരുന്നുവെന്നാണു ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നത്

 

ലോക കോടീശ്വരനായ ഇലോണ്‍ മസ്‌കിനെ അറിയാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ ലോകത്തിലെ ആദ്യ ശതകോടീശ്വരന്‍ ആരെന്നു ചോദിച്ചാല്‍ 90 ശതമാനം ആളുകളും കുഴയുമെന്ന കാര്യത്തില്‍ സംശയമില്ല. എന്തിന്, കോടീശ്വര പട്ടികയില്‍ മുന്നിലെത്താന്‍ മത്സരിക്കുന്നവരില്‍ പലര്‍ക്കും ഇക്കാര്യം അറിയണമെന്നില്ല.

വാറന്‍ ബഫറ്റ്, ജെഫ് ബെസോസ്, സ്റ്റീവ് ജോബ്സ്, ബില്‍ഗേറ്റ്സ്, മുകേഷ് അംബാനി തുടങ്ങിയ പേരുകള്‍ ഒരുപക്ഷെ നിങ്ങളുടെ മനസില്‍ വന്നുപോയേക്കാം. എന്നാല്‍ ഇവര്‍ ഒന്നുമല്ല ലോകത്തിലെ ആദ്യ ശതകോടീശ്വരന്‍. നിങ്ങള്‍ ചിന്തിക്കുന്നതിലും പതിന്‍മടങ്ങ് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ലോക കോടീശ്വര പട്ടം കരസ്ഥമാക്കിയ ഒരു വ്യക്തിയുണ്ട്.

മുകളില്‍ പറഞ്ഞ ആളുകള്‍ അതിസമ്പന്നരും ശതകോടീശ്വരന്മാരുമായി മാറുന്നതിന് നിരവധി പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, ഒരു അമേരിക്കന്‍ വ്യവസായി ലോകത്തിലെ ആദ്യത്തെ ശതകോടീശ്വരന്‍ എന്ന ടാഗ് നേടിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അമേരിക്കന്‍ ബിസിനസ് മാഗ്നറ്റ് ആയിരുന്ന ജോണ്‍ ഡേവിസണ്‍ റോക്ക്ഫെല്ലര്‍ എന്ന വ്യക്തിയെക്കുറിച്ച് കേട്ടിക്കുണ്ടോ? നിങ്ങള്‍ ചിന്തിക്കുന്നതിലും ഏറെ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ അദ്ദേഹം ശതകോടീശ്വര പട്ടം നേടിയിരുന്നുവെന്നാണു ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നത്.

1870 മുതല്‍ 1911 വരെ പ്രവര്‍ത്തിച്ചിരുന്ന സ്റ്റാന്‍ഡേര്‍ഡ് ഓയില്‍ എന്ന എണ്ണക്കമ്പനിയുടെ ഉടമയായിരുന്നു ജോണ്‍ ഡേവിസണ്‍ റോക്ക്ഫെല്ലര്‍. അക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയായിരുന്നു സ്റ്റാന്‍ഡേര്‍ഡ്. കമ്പനിയുടെ വിജയമാണ് അതിന്റെ സഹസ്ഥാപകനും ചെയര്‍മാനുമായിരുന്ന ജോണ്‍ ഡി. റോക്ക്ഫെല്ലറെ എക്കാലത്തെയും സമ്പന്നനായ വ്യക്തിയാക്കി മാറ്റിയത്. 1839 ജൂലൈ എട്ടിന് ജനിച്ച ജോണ്‍ 1937 മേയ് 23 ന് മരിച്ചു. ജോണിന്റെ കഥയൊന്ന് നോക്കാം.

ശതകോടീശ്വരനായ റോക്ക്ഫെല്ലര്‍ എല്ലായ്പ്പോഴും കഠിനാധ്വാനത്തെ ഇഷ്ടപ്പെട്ടിരുന്നെന്ന് മിറര്‍ റിവ്യു റിപ്പോര്‍ട്ട് ചെയ്യുന്നു. പതിനാറാം വയസിലാണ് അദ്ദേഹം തന്റെ യാത്ര ആരംഭിച്ചത്. അസിസ്റ്റന്റ് ബുക്ക് കീപ്പറായായിരുന്നു തുടക്കം. 1870-ല്‍ റോക്ക്ഫെല്ലര്‍ സ്റ്റാന്‍ഡേര്‍ഡ് ഓയില്‍ കമ്പനി സ്ഥാപിച്ചതോടെയാണ് ബിസിനസ് ലോകത്തിന്റെ നോട്ടപ്പുള്ളിയായി മാറിയത്. ഒടുവില്‍ എണ്ണ വ്യവസായത്തിലെ ആധിപത്യ കുത്തകയായി മാറി.

പ്രശസ്തിക്കൊപ്പം വിവാദങ്ങളും അദ്ദേഹത്തെ പിന്തുടര്‍ന്നു. ഫെഡറല്‍ ആന്റിട്രസ്റ്റ് നിയമങ്ങള്‍ ലംഘിച്ചതിനാല്‍ സ്റ്റാന്‍ഡേര്‍ഡ് ഓയില്‍ പൊളിക്കണമെന്ന് 1911-ല്‍ യു.എസ്. സുപ്രീം കോടതി വിധിച്ചു. സ്റ്റാന്‍ഡേര്‍ഡ് ഓയിലിന്റെ ശിഥിലീകരണത്തിന് കോടതി ഉത്തരവിട്ടു. 1913-ല്‍, 900 മില്യണ്‍ ഡോളറായിരുന്ന റോക്ക്ഫെല്ലറുടെ വ്യക്തിഗത സമ്പത്ത്, ആ വര്‍ഷത്തെ യു.എസ്. ജി.ഡി.പിയുടെ രണ്ടു ശതമാനത്തില്‍ കൂടുതലായിരുന്നു.

1916-ല്‍, ദേശീയ സമ്പദ് വ്യവസ്ഥയുടെ ഏകദേശം രണ്ടു ശതമാനം മൂല്യമുള്ള റോക്ക്ഫെല്ലറെ രാജ്യത്തിന്റെ ആദ്യത്തെ ഔദ്യോഗിക ശതകോടീശ്വരനായി പ്രഖ്യാപിച്ചു. 1937 ആയപ്പോഴേക്കും റോക്ക്ഫെല്ലറുടെ ആസ്തി 1.4 ബില്യണ്‍ ഡോളറായി. ആ വര്‍ഷത്തെ യു.എസ്. ജി.ഡി.പിയായ 92 ബില്യണ്‍ ഡോളറിന്റെ 1.5 ശതമാനമായിരുന്നു അത്.

കോടീശ്വരന്‍ തന്റെ സമ്പത്തിന്റെ വലിയൊരു പങ്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു. 'ജോലിയ്‌ക്കൊപ്പം കളിക്കാനും താന്‍ നേരത്തെ പഠിപ്പിച്ചിരുന്നു, എന്റെ ജീവിതം ഒരു നീണ്ട, സന്തോഷകരമായ അവധിക്കാലമായിരുന്നു' എന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഓരോ വര്‍ഷവും റോക്ക്ഫെല്ലര്‍ താന്‍ ജോലിയില്‍ പ്രവേശിച്ചതിന്റെ വാര്‍ഷികം ആഘോഷിച്ചിരുന്നു. ആഭ്യന്തര യുദ്ധം ഒഴിവാക്കാന്‍ അദ്ദേഹം പകരം സൈനികരെയും നിയമിച്ചിരുന്നു. 

97-ാം വയസ് വരെ ജീവിച്ച അദ്ദേഹത്തിന് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി അഞ്ചു മില്യണ്‍ ഡോളര്‍ നല്‍കേണ്ടി വന്നു. അമേരിക്കയെ കെട്ടിപ്പടുത്തവരില്‍ ഒരാളായി റോക്ക്ഫെല്ലര്‍ അറിയപ്പെടുന്നു. റോക്ക്ഫെല്ലര്‍ ഫൗണ്ടേഷന്‍ ലോകത്തിലെ ഏറ്റവും വലിയ ഗ്രാന്റ് മേക്കിങ് ഫൗണ്ടേഷനായിരുന്നു. 


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.