Sections

കൂടുതല്‍ വായ്പ തുക ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം

Monday, Sep 06, 2021
Reported By Aswathi Nurichan
money

ഭവന വായ്പ അപേക്ഷയില്‍ കോ-ആപ്ലിക്കറ്റിനെ ചേര്‍ക്കാവുന്നതാണ്. നിങ്ങളുടെ ഭാര്യയെയോ ഭര്‍ത്താവിനെയോ മറ്റ് കുടുംബാംഗത്തെയോ കോ-ആപ്ലിക്കറ്റായി ചേര്‍ക്കുക.


വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ മതിയായ പണമില്ലായ്മ വീടു നിര്‍മ്മിക്കാനുള്ള ആഗ്രഹത്തിന് തടസമാകാറുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിലാണ് വായ്പകളെ ആശ്രയിക്കേണ്ടി വരുന്നത്. വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് പലവിധ നിയമാവലികളും ഉണ്ട്. എന്നാല്‍ ആവശ്യമായ രേഖകളൊക്കെ ഹാജരാക്കിയാലും മതിയായ തുക വായ്പ ലഭിക്കണമെന്നില്ല. വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കൂടുതല്‍ വായ്പാ തുക ലഭിക്കുന്നതാണ്. കൂടുതല്‍ വായ്പാ തുക ലഭിക്കാനുള്ള വഴികള്‍ എന്തെല്ലാമാണെന്ന് നോക്കാം.

കൂടുതല്‍ വര്‍ഷം തിരിച്ചടവ് 

നിങ്ങള്‍ 25 ലക്ഷം രൂപ 15 വര്‍ഷത്തേക്ക് 8.75 ശതമാനം പലിശയ്ക്കാണ് ആവശ്യപ്പെടുന്നതെങ്കില്‍ 24,287 രൂപയാണ് മാസ അടവ് ആയി വരുന്നത്. എന്നാല്‍ മാസം അത്രയും ഇഎംഐ അടക്കാന്‍ നിങ്ങളുടെ വരുമാനം കൊണ്ട് സാധിക്കില്ലെന്ന് ബാങ്കിന് മനസിലായി കഴിഞ്ഞാല്‍ 25 ലക്ഷം രൂപ വായ്പ അനുവദിക്കില്ല. എന്നാല്‍ അതേ പൈസ 25 വര്‍ഷത്തേക്കാണ് നിങ്ങള്‍ ആവശ്യപ്പെടുന്നതെങ്കില്‍ ഇഎംഐ കുറയും. ആ സാഹചര്യത്തില്‍ ബാങ്ക് 25 ലക്ഷം രൂപ വായ്പ തുക നല്‍കാന്‍ തയ്യാറാകും. അതുകൊണ്ട് അപേക്ഷയില്‍ കൂടുതല്‍ വര്‍ഷം തിരിച്ചടവ് വച്ചു കഴിഞ്ഞാല്‍ കൂടുതല്‍ വായ്പ തുക ലഭിക്കുന്നതാണ്.

നിലവിലെ വായ്പ അടച്ചു തീര്‍ക്കുക

ചിലപ്പോള്‍ ആ ബാങ്കില്‍ നിങ്ങള്‍ക്ക് വാഹന വായ്പയുടെ 10 മാസത്തെ ഇഎംഐയും 6 മാസത്തെ പേഴ്‌സണല്‍ വായ്പയുടെ ഇഎംഐ ബാക്കിയുണ്ടാകും. നിലവിലെ ഹ്രസ്വകാല വായ്പകള്‍ അടച്ച് തീര്‍ത്തതിന് ശേഷം വായ്പ എടുക്കുക. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ വായ്പ അടച്ചു തീര്‍ക്കാന്‍ സാധിക്കുമെന്ന് ബാങ്കിന് വ്യക്തമാകുകയും കൂടുതല്‍ തുക വായ്പയായി ലഭിക്കുകയും ചെയ്യും.

കോ-ആപ്ലിക്കറ്റ്

ഭവന വായ്പ അപേക്ഷയില്‍ കോ-ആപ്ലിക്കറ്റിനെ ചേര്‍ക്കാവുന്നതാണ്. നിങ്ങളുടെ ഭാര്യയെയോ ഭര്‍ത്താവിനെയോ മറ്റ് കുടുംബാംഗത്തെയോ കോ-ആപ്ലിക്കറ്റായി ചേര്‍ക്കുക. ഇങ്ങനെ ചെയ്താല്‍ ബാങ്ക് രണ്ടു പേരുടെയും വരുമാനമാണ് ചേര്‍ത്ത് പരിശോധിക്കുന്നത്, അപ്പോള്‍ വായ്പാ അര്‍ഹത തുക വര്‍ദ്ധിക്കും. ഒരാള്‍ക്ക് മാത്രം ലഭ്യമാകുന്ന വായപയേക്കാള്‍ കൂടുതലായിരിക്കും രണ്ടു പേര്‍ക്ക് ലഭിക്കുന്ന വായ്പ തുക.

മറ്റ് വരുമാന സ്രോതസുകള്‍

മറ്റ് വരുമാന സ്രോതസുണ്ടെങ്കില്‍ വായ്പക്കായി സമീപിക്കുമ്പോള്‍ അത് ബാങ്കിനെ ബോധ്യപ്പെടുത്തണം. വായ്പ  കൃത്യമായി തിരിച്ചടയ്ക്കുമെന്ന്  ബോധ്യമുള്ളവര്‍ക്ക് മാത്രമേ ബാങ്ക് വായ്പ നല്‍കുകയുള്ളൂ. നിങ്ങള്‍ മറ്റ് വരുമാന സ്രോതസുകള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ വായ്പ തുക നല്‍കാന്‍ ബാങ്ക് തയ്യാറാകും. മറ്റ് വരുമാന സ്രോതസ് തെളിയിക്കുന്ന രേഖയും അതിനായി ഹാജരാക്കണം. 

കുറഞ്ഞ ഇഎംഐ

കുറഞ്ഞ പലിശ നിരക്കുള്ള ബാങ്കിനെ സമീപിക്കുകയാണെങ്കില്‍ ഇഎംഐ കുറവായിരിക്കും. നിങ്ങളുടെ വരുമാനം കൊണ്ട് മാസത്തില്‍ കൃത്യമായി ഇഎംഐ അടയക്കാന്‍ സാധിച്ചാല്‍ ബാങ്ക് കൂടുതല്‍ വായ്പ തുക നല്‍കാന്‍ തയ്യാറാകുകയും നിങ്ങള്‍ക്ക് ടെന്‍ഷനും ഉണ്ടാകില്ല.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.