Sections

ഓണ്‍ലൈന്‍ ഇന്‍സ്റ്റന്റ് വായ്പയുടെ ഗുണങ്ങളും ദോഷങ്ങളും അറിയാം

Saturday, Aug 28, 2021
Reported By Aswathi Nurichan
instant loan

വളരെ ചുരുങ്ങിയ കാലയളവില്‍ ഏറ്റവും കുറച്ച് നടപടിക്രമങ്ങളിലൂടെ വായ്പകള്‍ ലഭ്യമാക്കുന്നു എന്നതാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രത്യേകതകള്‍


ഇന്റര്‍നെറ്റും ആധുനിക സാങ്കേതികതയും ഇന്ന് സാമ്പത്തിക രംഗത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാട് നടത്താത്തവര്‍ ഇപ്പോള്‍ നമുക്കിടയില്‍ വിരളമാണെന്ന് തന്നെ പറയാം. വിവിധ വെബ്സൈറ്റുകള്‍ അല്ലെങ്കില്‍ മൊബൈല്‍ ആപ്പുകള്‍ എന്നിവയിലൂടെ പല തരത്തിലുള്ള വായ്പകള്‍ക്ക് ഓണ്‍ലൈനിലൂടെ അപേക്ഷിക്കാവുന്നതാണ്.

പ്രമുഖ ബാങ്കുകള്‍, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയെ കൂടാതെ പുതുയുഗ വായ്പാ ദാതാക്കളുടെ ആപ്ലിക്കേഷനുകളും കേന്ദ്രീകരിച്ച് ഇന്‍സ്റ്റന്റ് വായ്പകള്‍ നല്‍കി വരുന്നു. വളരെ ചുരുങ്ങിയ കാലയളവില്‍ ഏറ്റവും കുറച്ച് നടപടിക്രമങ്ങളിലൂടെ വായ്പകള്‍ ലഭ്യമാക്കുന്നു എന്നതാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രത്യേകതകള്‍. ഇത് തന്നെയാണ് ഉപഭോക്താക്കളെ ഇവരിലേക്ക് അടുപ്പിക്കുന്നതും. എന്നാല്‍, ഓണ്‍ലൈനിലൂടെ ഇന്‍സ്റ്റന്റ് വ്യക്തിഗത വായ്പകള്‍ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി അതിന്റെ ഗുണങ്ങളും ദോഷങ്ങളും അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്.

ഗുണങ്ങള്‍ :

എളുപ്പത്തില്‍ അപേക്ഷിക്കാം

ഏറ്റവും ചുരുങ്ങിയ കാലയളവില്‍ നിങ്ങള്‍ക്ക് വായ്പ ലഭിക്കുന്നു എന്നതാണ് ഓണ്‍ലൈന്‍ ഇന്‍സ്റ്റന്റ് വ്യക്തിഗത വായ്പ അപേക്ഷയുടെ സവിശേഷത. മാത്രമല്ല പരിമിതമായ നടപടിക്രമങ്ങള്‍ മാത്രമെ ഇതിനാവശ്യമുള്ളൂവെന്നതും ഇത്തരത്തിലുള്ള വായപകളുടെ മേന്മയാണ്. അപേക്ഷിക്കുന്നതിന് ഒരു അപേക്ഷ ഫോം പൂരിപ്പിക്കേണ്ടതും ബന്ധപ്പെട്ട രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്ലോഡ് ചെയ്യുകയും മാത്രമെ ആവശ്യമുള്ളൂ. അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ബന്ധപ്പെട്ട അധികാരികള്‍ ഇവ പരിശോധിച്ച് എത്രയും വേഗം തുടര്‍നടപടികള്‍ സ്വീകരിക്കുന്നു.

വേഗത്തിലുള്ള നടപടിക്രമം

അപേക്ഷ ഓണ്‍ലൈനായതിനാല്‍ തന്നെ വളരെ വേഗത്തിലുള്ള നടപടിക്രമങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. നിങ്ങള്‍ വായ്പയ്ക്കായി അപേക്ഷ നല്‍കിയാല്‍ വായ്പാ ദാതാവ് ഇത് പരിശോധിക്കുകയും നിങ്ങള്‍ക്ക് വായ്പ ലഭിക്കാന്‍ അര്‍ഹനാണോയെന്ന് തീരുമാനിക്കുകയും ചെയ്യുന്നു. ശേഷം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് ചെയ്യപ്പെടുന്നു.


ലഘുവായ യോഗ്യത മാനദണ്ഡം

വായ്പ ലഭിക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ടോയെന്ന് തീരുമാനിക്കുന്ന കാര്യത്തില്‍ താരതമ്യേന അയവ് വരുത്താറുണ്ട് ഇത്തരം ഓണ്‍ലൈന്‍ വായ്പാദാതാക്കള്‍. സിബില്‍ സ്‌കോര്‍, പ്രതിമാസ വരുമാനം എന്നിവയിലൊക്കെ ആവശ്യമുള്ള കുറവ് ഇവര്‍ വരുത്താറുണ്ട്. എന്നാല്‍, മറ്റു സ്ഥാപനങ്ങളില്‍ ഇവ നിശ്ചിത പരിധിക്ക് താഴെ വരാന്‍ സാധ്യത കുറവാണ്.

അനായാസം താരതമ്യം ചെയ്യാം

ഒരു വ്യക്തിഗത വായ്പ എടുക്കാന്‍ നിങ്ങള്‍ തീരുമാനിച്ചാല്‍, ഏറ്റവും മികച്ച വായ്പ ഓഫറേതെന്ന് അറിയാന്‍ നീണ്ട അന്വേഷണം ആവശ്യമാണ്. മിക്ക ധനകാര്യ സ്ഥാപനങ്ങള്‍ ഇവയെക്കുറിച്ചുള്ള വിവരങ്ങള്‍ അവരവരുടെ വെബ്സൈറ്റില്‍ ലഭ്യമാക്കുന്നതിനാല്‍ വളരെ അനായാസമായി ഇവ താരതമ്യം ചെയ്യാവുന്നതാണ്.

അതിവേഗം സംശയങ്ങള്‍ ദൂരീകരിക്കാം

വായ്പാ സംബന്ധമായ എല്ലാ സംശയങ്ങളുടെയും ദൂരീകരണത്തിനായുള്ള സംവിധാനങ്ങള്‍ ധനകാര്യ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളില്‍ ഒരുക്കിയിരിക്കുന്നു. വളരെ പെട്ടെന്ന് തന്നെ ഉപഭോക്താക്കളുടെ വായ്പാ സംബന്ധമായ സംശയങ്ങള്‍ മാറ്റാനും വായ്പകളെ കുറിച്ച് ആഴത്തില്‍ അറിയാനും ഇത് സഹായകമാവുന്നു.

ദോഷങ്ങള്‍ :

കടത്തിലേക്കുള്ള കെണി

ഓണ്‍ലൈന്‍ വായ്പകള്‍ വളരെ പെട്ടെന്ന് ലഭിക്കുമെന്നുള്ളത് ശരിയാണ്. അതുകൊണ്ട് തന്നെ വായ്പയെടുക്കാനുള്ള ഉപഭോക്താക്കളുടെ ആവേശവും കൂടും. എന്നാല്‍, ഈ വായ്പ നിങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ ആവശ്യമുണ്ടോയെന്ന ചോദ്യം തിരിച്ചടവില്‍ പ്രശ്നങ്ങള്‍ വരുമ്പോഴാവും പലരും ആലോചിക്കുക. ആയതിനാല്‍ നിങ്ങളെ കടക്കെണിയിലേക്ക് തള്ളിവിടാനും ഇത്തരം വായ്പകള്‍ക്കാവും.

കൂടുതല്‍ അപേക്ഷകള്‍

ഓണ്‍ലൈന്‍ വ്യക്തിഗത വായ്പകള്‍ക്കുള്ള അപേക്ഷ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാവുന്നതാണ്. അനായാസം ഈ നടപടി പൂര്‍ത്തീകരിക്കാമെന്നുള്ളതു കൊണ്ട് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നിങ്ങള്‍ നിരവധി സ്ഥാപനങ്ങളിലേക്ക് അപേക്ഷ നല്‍കിയേക്കാം. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാനിടയുണ്ട്. ഓരോ പ്രാവശ്യം നിങ്ങള്‍ വായ്പാ അപേക്ഷ നല്‍കുമ്പോഴും പ്രൊസസിങ് ഫീസ് നല്‍കണമെന്നതും ബാധ്യതയാണ്.

വ്യക്തികളുമായി സമ്പര്‍ക്കമില്ല

വായ്പാ അപേക്ഷ ഓണ്‍ലൈനായതിനാല്‍ വായ്പാ ദാതാക്കള്‍, അധികാരികള്‍ തുടങ്ങിയവരുമായി നേരിട്ടുള്ള സമ്പര്‍ക്കങ്ങളില്ല. അതിനാല്‍ തന്നെ വായ്പാ സംബന്ധിയായി നിങ്ങളെടുക്കുന്ന തീരുമാനങ്ങള്‍ ശരിയാണോയെന്നത് പൂര്‍ണമായി ദൂരീകരിക്കാന്‍ സാധിക്കാതെ പോവുന്നു.

എല്ലാവര്‍ക്കും യോജിച്ചതല്ല

ആധുനിക സാങ്കേതികത വശമില്ലാത്തവര്‍ക്ക് ഒട്ടും യോജിച്ച രീതിയല്ല ഓണ്‍ലൈന്‍ വ്യക്തിഗത വായ്പകളെന്നത്. വായ്പാ അപേക്ഷ പൂര്‍ണമായും ഓണ്‍ലൈനാണെന്നത് ഇത്തരക്കാരെ ഓണ്‍ലൈന്‍ വായ്പാ സമ്പ്രദായത്തില്‍ നിന്ന് അകറ്റുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.